തിരുവനന്തപുരം: തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സ്കൂള്‍ കലോത്സവത്തില്‍ ഇനി പഴയിടം പോയി മറ്റൊരാള്‍ വന്നാലും വെജ് മെനുവെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുമെന്ന് ഡോ. അരുണ്‍ കുമാര്‍. തന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ. അരുണ്‍കുമാറിന്റെ ഈ വെല്ലുവിളി.
കഴിഞ്ഞ ദിവസം സ്കൂള്‍ കലോത്സവത്തില്‍ കോയിക്കോടന്‍ രുചി(നോണ്‍വെജ് ഭക്ഷണം) വേണമെന്ന അരുണ്‍കുമാറിന്റെ അഭിപ്രായത്തെ ട്വന്റി ഫോര്‍ ന്യൂസിന്റെ ശ്രീകണ്ഠന് നായര്‍ തള്ളിക്കളഞ്ഞിരുന്നു. വിവാദങ്ങള്‍ വന്നതോടെ താന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ പാചകം അവസാനിപ്പിക്കുകയാണെന്ന് പഴയിടം മോഹനന് നമ്പൂതിരി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുറ്റബോധത്തോടെ ശ്രീകണ്ഠന് നായര്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്.. അരുണിന്റേത് 24 ചാനലിന്റെ അഭിപ്രായമല്ലെന്നും അരുണിന്റെ അഭിപ്രായത്തെ തള്ളിക്കളയുന്നുവെന്നും ഈ വിവാദത്തില്‍ പഴയിടത്തെ പിന്തുണയ്ക്കുന്നുവെന്നുമാണ് ശ്രീകണ്ഠന് നായര്‍ അഭിപ്രായപ്പെട്ടത്.
ഇതോടെ ആറിത്തണുക്കുമെന്ന് കരുതിയ വിവാദം വീണ്ടും കുത്തിപ്പൊക്കുകയാണ് അരുണ്‍ കുമാര്‍. “16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും.” – അരുണ്‍കുമാര്‍ പറയുന്നു.
കലോത്സവവേദിയിലെ പാചകപ്പണിയില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന പഴയിടം മോഹനന് നമ്പൂതിരിയുടെ പ്രസ്താവന കേരളമൊട്ടാകെ വേദന പരത്തിയിരുന്നു. ഇതോടെ മന്ത്രി വി. ശിവന്‍കുട്ടിയും സിപിഎം നേതാവ് ജയരാജനും പഴയിടത്തെ വേദനിപ്പിച്ചതിലുള്ള മനോവിഷമം തുറന്ന് പ്രകടിപ്പിച്ചിരുന്നു. ഇതിലൂടെ പഴയിടം ഒരു മനംമാറ്റത്തിന് ഒരുങ്ങിയേക്കുമെന്ന സൂചന ഉണരുന്നതിനിടയിലാണ് വീണ്ടും അരുണ്‍കുമാര്‍ നോണ്‍വെജ് വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.
സവര്ണ്ണന് ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂര്‍വ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധി കലര്ത്താതിരിക്കുമ്പോഴാണ് നവോത്ഥാനം വിജയിക്കുന്നതെന്നും അരുണ്‍കുമാര്‍ ജനവരി നാലിന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട പഴയിടം,
അങ്ങ് ഇനിയും കലോൽസവ ടെൻഡറിംഗിൽ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു. വെജിറ്റേറിയൻ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു.നോൺ വെജ് മെനു ആണെങ്കിൽ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും ടെൻഡർ കൊടുക്കണം. അതൊരു ‘ബ്രാൻഡിംഗ് ‘ ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്.
ആശയങ്ങളെ ആളുകളിൽ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാൽ ഹിന്ദുക്കൾക്കെതിരെ എന്ന നരേഷൻ ഫാസിസ്റ്റു യുക്തിയാണ്. കല സമം വെജിറ്റേറിയൻ എന്ന ശുദ്ധി സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ ( പിയർ ബോർദ്രുന്റെ ഭാഷയിൽ doxa, ഗ്രാംഷിയുടെ ഭാഷയിൽ സാമാന്യബോധം) വിമർശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്. 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും. നല്ല നിലയിൽ സതി അനുഷ്ഠിച്ചതിൽ നിന്ന്, തൊട്ടുകൂടായ്മയിൽ നിന്ന്, ജാതി അടിമത്തത്തിൽ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യർ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി.
വിജയൻ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം.
NB : മുന്നു വർഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികൾ അവർക്കാഗ്രഹമുള്ളിടത്തോളം നോൺ വെജ് ആയി തുടരും, ഞാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: