ബത്തേരി: വിവിധ ജില്ലകളിലേക്ക് ദൗത്യങ്ങള്‍ക്കായി ചുരമിറക്കുന്ന കുങ്കിയാനകളെ തിരികെ ജില്ലയിലേക്ക്് എത്തിക്കാത്ത വനംവകുപ്പ് നടപടിയില്‍ പ്രതിഷേധം ശക്തം.
നിലവില്‍ അഞ്ച് കുങ്കിയാനകളെയാണ് വയനാട്ടില്‍ നിന്നും പാലക്കാട്ടേക്കും കോന്നിയിലേക്കും കൊണ്ടുപോയത്. വയനാട്ടില്‍ കടുവ, കാട്ടാന അടക്കമുള്ളവയുടെ ശല്യം വര്‍ദ്ധിക്കുമ്പോഴാണ് ഇവയെ തുരത്താനും പിടികൂടാനും ഉപയോഗിച്ചിരുന്ന പരിശീലനം നേടിയ കുങ്കികളെ തിരികെ കൊണ്ടുവരാത്തത്. സംസ്ഥാനത്തെ ഏക കുങ്കിയാന പരിശീലന കേന്ദ്രമാണ് മുത്തങ്ങ. ഇവിടെ നിന്നും 2019ലാണ് ആദ്യം പാലക്കാട്ടേക്ക് നീലകണ്ഠനെന്ന കുങ്കിയാനയെ കൊണ്ടുപോയത്. എന്നാല്‍ പാലക്കാട്ടെ ദൗത്യം പൂര്‍ത്തിയാക്കിയ കുങ്കിയെ പിന്നീട് തിരികെ എത്തിച്ചില്ല. മാത്രമല്ല മുത്തങ്ങയിലുള്ള എലിഫന്റെ സ്ക്വാഡിനെ അറിയിക്കാതെ നീലകണ്ഠനെ കോന്നിയിലേക്ക് മാറ്റുകയും ചെയ്തു. നീലകണ്ഠന്്്് കാലിന് പരിക്കുണ്ടെന്നും കുങ്കിയായി ഉപയോഗിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടാക്കിയാണ് കോന്നിയിലേക്ക് മാറ്റിയത്.
പിന്നീട് വീണ്ടും പാലക്കാട് കാട്ടാനശല്യം രൂക്ഷമായപ്പോഴും അവയെ തുരത്താനായി പന്തിയില്‍ നിന്നും അഗസ്ത്യനെയും പ്രമുഖയെയും കൊണ്ടുപോയി. അഗസ്ത്യന് പ്രദേശത്തെ കാട്ടാനയുമായി ചങ്ങാത്തത്തില്‍ ആയപ്പോഴാണ് പിന്നീട് പ്രമുഖയെ കൊണ്ടുപോയത്. എന്നാല്‍ ഈ രണ്ട് കുങ്കികളെയും രണ്ട് വര്‍ഷമായിട്ടും തിരികെ മുത്തങ്ങ പന്തിയില്‍ എത്തിച്ചിട്ടില്ല. ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം ധോണിയലെ പിടി സെവനെന്ന കാട്ടാനയെ പിടികൂടാനായി മുത്തങ്ങ പന്തിയിലെ മിടുക്കരായ കല്ലൂര്‍ കൊമ്പനെന്ന ഭരത്, വടക്കനാട് കൊമ്പനെന്ന വിക്രം എന്നീ കുങ്കികളെ കൊണ്ടുപോയിരിക്കുന്നത്.
ഈ ആനകളെയും ദൗത്യം പൂര്‍ത്തിയായാല്‍ തിരികെ എത്തിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. കുങ്കി ആനകളെ മൊത്തം ഇവിടെ നിന്നും മാറ്റാനുള്ള വനംവകുപ്പിന്റെ ഗൂഢ ശ്രമമാണ് ഇതിനുപിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് സംസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തങ്ങയില്‍ കേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങിയത്.
നിലവില്‍ മുത്തങ്ങയില്‍ അമ്മു, അപ്പു, ചന്ദ്രനാഥ്, ഉണ്ണികൃഷ്ണന്, സൂര്യന്, സുന്ദരി, കുഞ്ചു, സുരേന്ദ്രന് എന്നീ ആനകളാണ് ഉള്ളത്. ഇതില്‍ സുരേന്ദ്രനാണ് മുത്തങ്ങയില്‍ നിലവിലുള്ള കുങ്കികളില്‍ വനംവകുപ്പ് കൂടുതല്‍ ശ്രദ്ധനല്കുന്നത്. കഴിഞ്ഞ ദിവസം നാട്ടില്‍ ഇറങ്ങി അക്രമണം നടത്തിയ പിഎം 2 എന്ന മോഴ ആനെയെ പിടികൂടാന്‍ നേതൃത്വം നല്കിയതും സുരേന്ദ്രനാണ്. നിലവില്‍ പൂതാടി, നെന്മേനി പൊന്മുടിക്കോട്ട, വടക്കനാട് എന്നിവിടങ്ങളില്‍ കടുവയുടെയും, കാട്ടാനയുടെയും ശല്യം രൂക്ഷമാണ്.
ഇവിടങ്ങില്‍ കടുവയും കാട്ടാനയും ഇറങ്ങി കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചാല്‍ ഇവയെ തുരത്താനായി വലിയ സന്നാഹം ആവശ്യമാണെന്നിരിക്കെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോയ ആനകളെ എത്രയും പെട്ടന്ന് തിരികെ എത്തിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: