സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് പിണറായി വിജയനും വൃന്ദകാരാട്ടും. ഇരുവരും തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം ഏറെ തമാശയും അതിലേറെ അത്ഭുതം ഉളവാക്കുന്നതുമായി. ‘തനിനിറം പുറത്തെടുക്കാന്‍ ആര്‍എസ്എസ്സിനെ അനുവദിക്കില്ല’. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ വക. ‘ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമം തടയും’ ഇത് വൃന്താകാരാട്ടിന്റെ തമാശ. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ഇരുവരും ഇതൊക്കെ പറഞ്ഞത്. പുരുഷാധിപത്യ സമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കേരള മുഖ്യന്റെ വിലയിരുത്തല്‍. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന വിചിത്രവും വികലവുമായ സങ്കല്പ ലോകത്തിരുന്നുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഭീഷണി. മുഖ്യമന്ത്രിയുടെ വിമര്‍ശനം കൂടുതല്‍ അറിയേണ്ടതുണ്ട്. അതിപ്രകാരമാണ്.
”വേദേതിഹാസങ്ങളുടെയല്ല, ഹിറ്റ്ലറുടെ നാസിസത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ്സിന്റെ ന്യൂനപക്ഷ ശത്രുത. അതുപോലുള്ള കൂട്ടക്കശാപ്പ് നടത്താമെന്നാണ് അവര്‍ കരുതുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആര്‍എസ്എസ് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താനാകാത്ത മണ്ണാക്കി കേരളത്തെ മാറ്റാന്‍ നിരവധിപേര്‍ രക്തസാക്ഷികളായി. ആര്‍എസ്എസ്സിന്റെ ന്യൂനപക്ഷവിരോധം മുസ്ലീമുകളില്‍ ഒതുങ്ങുന്നില്ല. സംഘപരിവാര്‍ ഇപ്പോള്‍ കേരളത്തില്‍ സ്വീകരിക്കുന്ന പ്രീണനനയങ്ങള്‍ തിരിച്ചറിയണം. ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ വലിയ തോതില്‍ ആക്രമിക്കപ്പെടുന്നു. കര്‍ണാടകത്തില്‍ 2021ലെ ക്രിസ്മസ് ദിനത്തില്‍ പള്ളി ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ക്രിസ്മസിന് ഛത്തിസ്ഗഢില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ കൂട്ടത്തോടെ ആട്ടിയോടിച്ചു. സ്ത്രീസുരക്ഷയും ലിംഗപദവി സമത്വവുമെല്ലാം കേന്ദ്രം അട്ടിമറിക്കുകയാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീകളെ പഴിക്കുന്ന ഇരയധിക്ഷേപ സംസ്കാരം രാജ്യത്തുണ്ട്. പുരുഷാധിപത്യ സമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കത്വയില്‍ ആര്‍എസ്എസ് പ്രതികള്‍ക്കായി റാലികള്‍ സംഘടിപ്പിച്ചു. പൗരത്വം മതാടിസ്ഥാനത്തിലാക്കി ഒരു വിഭാഗം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.”
മുഖ്യമന്ത്രി മനോവൈകൃതമാണ് സമ്മേളനത്തില്‍ വിളമ്പിയതെന്ന് പറയാന്‍ ഇതിലധികമെന്തെങ്കിലും വേണോ? ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ കേരളത്തില്‍ കൂട്ടക്കശാപ്പുനടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനുപറ്റിയ മണ്ണല്ല കേരളമെന്ന് തെളിയിക്കാന്‍ ഒരുപാടുരക്തസാക്ഷികളുണ്ടായത്രെ. എവിടെയാണ് അങ്ങിനെയൊരു സംഭവം. മാര്‍ക്സിസ്റ്റുപാര്‍ട്ടിയല്ലെ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയത്. പഴയ കഥയല്ലല്ലൊ നാദാപുരത്തെ കൂട്ടക്കശാപ്പ്. 8 പേരെ കൊന്നതാരാണ്. സീതിഹാജി നിയമസഭയില്‍ പറഞ്ഞതല്ലെ. ആര്‍എസ്എസ്സുകാരല്ല സിപിഎമ്മാണ് ഈ കൂട്ടക്കശാപ്പ് നടത്തിയതെന്ന്. പാര്‍ട്ടിനോക്കിയല്ല മതം നോക്കിയാണ് കൊന്നതെന്ന്. അങ്ങിനയല്ലെ കോണ്‍ഗ്രസുകാരനായ മമ്മുവിനെയും കൊന്നത്. എ. കണാരന് എംഎല്‍എയെ ലീഗുകാര്‍ ആക്രമിച്ചെന്ന് മൈക്ക് കെട്ടിപ്രചരിപ്പിക്കുക മാത്രമല്ല, പ്രതിഷേധിക്കുക പ്രതികരിക്കുക എന്ന് ആഹ്വാനവും നടത്തി. തുടര്ന്നായിരുന്നില്ലെ അക്രമം. കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. കൊള്ളയടിച്ചു. പലര്‍ക്കും അന്ന് അഭയം നല്‍കിയത് ബിജെപി പ്രവര്ത്തകരായിരുന്നില്ലെ.
ക്രിസ്ത്യന്‍ അക്രമമെന്നുള്ള പ്രചാരണവും നടത്തുന്ന മുഖ്യമന്ത്രി ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തകൂടി ശ്രദ്ധിക്കൂ. അതിപ്രകാരമാണ്. ‘മുംബൈയിലെ മഹിംസിലെ സെന്റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ 18 കുരിശുകളും കല്ലറകളും മറ്റും നശിപ്പിച്ചത് 22 കാരനായ ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂവ് അന്‍സാരി. പക്ഷെ കോണ്‍ഗ്രസ് നേതാവും മറ്റ് ഹിന്ദു വിരുദ്ധലോബിയും കുറ്റപ്പെടുത്തിയത് ബിജെപിയെ. ജനുവരി ഏഴിന് പുലര്‍ച്ചെയാണ് ഈ സംഭവം നടന്നത്. 400 വര്‍ഷം പഴക്കമുള്ള പള്ളി സെമിത്തേരിയിലെ 18 ശവക്കല്ലറകളും അത്ര തന്നെ കുരിശുകളും മറ്റ് നിര്‍മ്മാണങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് അക്രമി അന്സാരയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. എല്ലാം നശിപ്പിച്ചതിന് ശേഷം അന്‍സാരി ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്താണ് അന്‍സാരിയുടെ ഗുഢോദ്ദേശ്യമെന്നത് കണ്ടെത്താന്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
നവ മുംബൈയില്‍ അമ്മാവന്റെ കടയില്‍ ജോലിചെയ്യാന്‍ എത്തിയ കലംബോലി സ്വദേശിയായ അന്‍സാരി, സെന്റ് മൈക്കേല്‍ പള്ളി സെമിത്തേരിനില്ക്കുന്ന മാഹിയില്‍ രാവിലെ 6 മണിക്കാണ് ഒരു ലോക്കല്‍ തീവണ്ടി പിടിച്ചെത്തിയത്. പള്ളി സെമിത്തേരിയുടെ വാച്ച്മാന് അന്‍സാരിയെ കണ്ടെത്തി പിടികൂടുകയും ചെയ്തു. മാര്‍ബിള്‍ മോഷ്ടിക്കാന്‍ വന്നതാണെന്ന് കരുതി അന്‍സാരിയുടെ ഫോട്ടോ എടുത്തശേഷം ഓടിച്ചുവിടുകയായിരുന്നു. പിന്നീട് സെമിത്തേരി പരിശോധിച്ചപ്പോഴാണ് നിരവധി ശവക്കല്ലറകളും കുരിശുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തയിത്. താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് ആക്ഷേപിച്ച ആളാരാണെന്നറിയാത്തവരുണ്ടോ? അത്തരം വൈകൃതങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ ആര്‍എസ്എസ്സിലോ ബിജെപിയിലോ ഇല്ലെന്നറിയണം. ഇതൊക്കെ കാണുമ്പോഴാണ് വൈദ്യരേ സ്വയംചികിത്സിക്കൂ എന്ന് പറയാന്‍ തോന്നുന്നത്.
ജനാധിപത്യമാനുഷിക മൂല്യങ്ങളെ തകര്‍ത്ത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാന്‍ ബിജെപിയുടെ ബുള്‍ഡോസിംഗ് ശ്രമങ്ങളെ തടയുമെന്നാണ് വൃന്ദ വീമ്പടിക്കുന്നത്. ജനാധിപത്യം ഒരടവ് നയമായി മാത്രം കാണുന്ന സിപിഎം നേതാവിന്റെ വായ്ത്താരി കേട്ട് അണികള്‍ ആവേശം കൊണ്ടേക്കാം. പക്ഷേ അതുകൊണ്ടെന്തുഫലം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമമായി ചൂണ്ടിക്കാട്ടുന്നത് ‘മുത്തലാഖ്’ നിര്‍ത്തിയതാണ്, മുത്തലാഖ് തുടരണമെന്നാണോ സിപിഎമ്മിന്റെ അഭിപ്രായം. മുസ്ലീം സ്ത്രീകള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന ഈ നിയമത്തെ തിരസ്കരിച്ച് സിപിഎം സൃഷ്ടിക്കാന്‍ പോകുന്ന വിപ്ലവം എന്താണ്. ബഹുഭാര്യാത്വത്തിനെതിരെയും മുത്തലാഖിനെതിരെയും ഇഎംഎസ് നടത്തിയ പോരാട്ടമെല്ലാം വിസ്മരിച്ചുകൊണ്ടാണിതൊക്കെ. ‘നാലുംകെട്ടും അഞ്ചും കെട്ടും ഇഎംഎസിന്റെ ഓളേം കെട്ടും’ എന്ന മുദ്രാവാക്യവുമെല്ലാം ഇന്നും മറ്റൊലികൊള്ളുന്നു എന്നോര്‍ത്താല്‍ നന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: