ശബരിമല: ശബരീശ ദര്‍ശന പുണ്യംതേടി ഭക്തജന ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തീര്‍ഥാടകരാല്‍ നിറഞ്ഞ് ശബരിമല. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന ശബരിമലയിലെ പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ജ്യോതി ദര്‍ശനം കാത്ത് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീര്‍ഥാടകര്‍ തമ്പടിച്ച് തുടങ്ങി.
തീര്‍ഥാടകര്‍ക്കുള്ള മുറികളെല്ലാം കാലേകൂട്ടി തന്നെ ബുക്ക് ചെയ്തു. അഞ്ചു ആറും ദിവസത്തേക്ക് മുറികള്‍ തുടര്‍ച്ചയായി ബുക്ക് ചെയ്തിട്ടുള്ള നിരവധി തീര്‍ഥാടകരുണ്ട്. സന്നിധാനത്തുള്ള മുറികളില്‍ മാത്രം 17,000 തീര്‍ഥാടകര്‍ക്ക് തങ്ങാന്‍ സാധിക്കും. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം എല്ലാ ദിവസവും മകരവിളക്കിന് സമാനമായിട്ടുള്ള തീര്‍ഥാടക പ്രവാഹമാണ് സന്നിധാനത്തേക്ക് ഉണ്ടാകുന്നത്. ജ്യോതിദര്‍ശനം ലക്ഷ്യമാക്കി മല ചവിട്ടുന്ന ഇതര സംസ്ഥാന തീര്‍ഥാടകരില്‍ 25 ശതമാനത്തോളം പേര് പില്‍ഗ്രിം സെന്ററുകളിലും മറ്റ് വിരിയിടങ്ങളിലുമായി ഇന്നലെ മുതല്‍ തമ്പടിച്ചു തുടങ്ങി.
സന്നിധാനത്തും പരിസരപ്രദേശങ്ങളിലും തമ്പടിക്കുന്ന തീര്‍ഥാടകര്‍ക്കൊപ്പം ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മല ചവിട്ടുകയും ചെയ്യുമ്പോള്‍ തിരക്ക് നിയന്ത്രിക്കുക എന്നതാണ് പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി. മകരവിളക്ക് ദിനം കാത്ത് ശബരിമലയില്‍ തങ്ങുന്ന പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ശുദ്ധജലം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ദേവസ്വം ബോര്‍ഡിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
മകരവിളക്ക് ദിനമായ 14ന് മൂന്ന് ലക്ഷത്തിലധികം തീര്‍ഥാടകര്‍ ജ്യോതി ദര്‍ശനത്തിനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ കണ്ടു തൊഴാനുമായി സന്നിധാനത്തും സമീപ പ്രദേശങ്ങളിലുമായി നിലയുറപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡും പോലീസും കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ മകരവിളക്ക് ദര്‍ശന ശേഷം കൂട്ടത്തോടെ മലയിറങ്ങുന്ന തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമാവാനാണ് സാധ്യത. ഇത് മുന്നില്‍കണ്ട് തീര്‍ഥാടകരുടെ മടക്ക യാത്രയ്ക്കായി ആയിരത്തോളം ബസുകളാണ് കെഎസ്ആര്‍ടിസി അധികമായി ഒരുക്കിയിരിക്കുന്നത്.
മണ്ഡലകാല അവസാനത്തില്‍ 230 കോടിയോളം രൂപയുടെ വരുമാനമാണ് വിവിധ ഇനങ്ങളിലായി ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ നിന്നും ലഭിച്ചത്. മകരവിളക്ക് തീര്‍ഥാടനം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുന്ന വേളയില്‍ ഇത് 400 കോടി കവിയുമെന്നാണ് സൂചന. ഇക്കുറി ശബരിമലയില്‍ റിക്കാര്‍ഡ് വരുമാനമാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: