സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നത് ഏഴ് വര്‍ഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതും, സര്‍ക്കാരിന് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ അവകാശവാദങ്ങളെ കാറ്റില്പ്പറത്തുന്നതുമാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022 നവംബര്‍വരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തിനടുത്ത് എത്തിനില്‍ക്കുകയാണ്. എഴുപതിനായിരത്തോളം കേസുകളാണ് ഒരുവര്‍ഷം തന്നെ വര്‍ധിച്ചത്. 2018 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം, കവര്‍ച്ച, പിടിച്ചുപറി, കള്ളപ്പണ ഇടപാട്, മാനഭംഗം, ലൈംഗികാതിക്രമം, മയക്കുമരുന്നു കടത്ത് എന്നിങ്ങനെ എല്ലാത്തരം കുറ്റകൃത്യങ്ങളും ഇതില്‍പ്പെടുന്നു. പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷം കഴിഞ്ഞതിനുശേഷമുള്ള കണക്കുകളിലാണ് കുറ്റകൃത്യങ്ങളുടെ ഈ വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും കുറ്റകൃത്യനിരക്ക് കുറഞ്ഞിട്ടില്ല എന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. സിപിഎം നേതാക്കളും മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍ക്കാരിന്റെ വക്താക്കളും അവകാശപ്പെടുന്നതിന് കടകവിരുദ്ധമാണ് കുറ്റകൃത്യങ്ങളുടെ ഈ കുതിച്ചുകയറ്റം. സര്‍ക്കാരിന്റെ വിമര്‍ശകരോ പ്രതിപക്ഷനേതാക്കളോ ഉന്നയിക്കുന്ന ആരോപണങ്ങളല്ല, ഔദ്യോഗികമായി ശേഖരിച്ച കണക്കുകളാണിത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇതിന് മറുപടി പറയേണ്ടതുണ്ട്.
സംസ്ഥാനത്ത് അരങ്ങേറുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം മാത്രമല്ല, അതിന്റെ വൈവിധ്യവും അമ്പരപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് കേട്ടുകേള്‍വിയില്ലാത്തവിധം അറപ്പും വെറുപ്പുമുളവാക്കുന്ന കുറ്റകൃത്യങ്ങളാണ് സാധാരണ സംഭവങ്ങളെപ്പോലെ നടക്കുന്നത്. ഇലന്തൂരിലെ ഇരട്ടനരബലി തന്നെ ഉദാഹരണം. ഇത്തരം അതിക്രൂരമായ കൊലപാതകങ്ങള്‍ അറുതിയില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളില്‍ ഒരു കൊലപാതകമെങ്കിലും നടക്കാത്ത ദിവസങ്ങള്‍ ചുരുക്കമായിരിക്കും. ഗുണ്ടാസംഘങ്ങളുടെ കുടിപ്പക മൂലം നടക്കുന്ന കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ഇതു കേരളമാണ് എന്നു പറഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ അപലപിക്കുകയും പെരുപ്പിച്ചു കാട്ടുകയും ചെയ്യുന്നവര്‍ അതിലും പ്രാകൃതമായ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നതിനെക്കുറിച്ച് മൗനം പാലിക്കുന്നു. കേരളത്തിലെ കുറ്റകൃത്യങ്ങളെ ഒറ്റപ്പെട്ടതാണെന്നു പറഞ്ഞ് ന്യായീകരിക്കുന്നവര്‍ക്ക് ഇപ്പോള്‍ അതിന് കഴിയുന്നില്ല. കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതാണ് ഇപ്പോള്‍ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നു പറയേണ്ടിവരും. 22 കോടിയാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഇത്രയും വരില്ലെങ്കിലും മറ്റ് വലിയ സംസ്ഥാനങ്ങളിലെ ജനസംഖ്യയും കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. കേരളത്തിലേത് മൂന്നരകോടി മാത്രം. ജനസംഖ്യയുടെ വലിപ്പവും കുറ്റകൃത്യങ്ങളുടെ അനുപാതവും നോക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണെന്ന് സമ്മതിക്കേണ്ടിവരും. കഴിഞ്ഞവര്‍ഷത്തെ ഡിസംബര്‍ ഒഴികെയുള്ള പതിനൊന്ന് മാസത്തെ കുറ്റകൃത്യങ്ങളുടെ കണക്കുതന്നെ ഇത് ശരിവയ്ക്കുന്നു. കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുകയാണെന്നു പറയുന്നതില്‍ അതിശയോക്തിയില്ല.
സാക്ഷരതയും പ്രബുദ്ധതയുമൊക്കെ ഏറിനില്ക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് ഗൗരവമായ ആലോചനയര്‍ഹിക്കുന്ന വിഷയമാണ്. വിദ്യാസമ്പന്നരുടെ നാടായിരുന്നിട്ടും ആളുകള്‍ എന്തുകൊണ്ടാണ് അപരിഷ്കൃതരെപ്പോലെ പെരുമാറുന്നത്? ഇതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പോലീസ് തന്നെയാണ്. സംസ്ഥാനത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളും പോലീസിന് തടയാവുന്നതാണ്. പല കേസുകളിലും പരാതിയില്‍ വേണ്ടവിധം അന്വേഷണം നടക്കാതിരുന്നതാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്ന് കാണാനാവും. കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. പോലീസിനെ ക്രിമിനല്‍വല്‍ക്കരിക്കുന്നതില്‍ ഇടതുമുന്നണി ഭരണത്തിന് വലിയ പങ്കുണ്ട്. ഭരണത്തിന്റെ തണലില്‍ സിപിഎമ്മുകാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്യുന്നു. പോലീസില്‍നിന്ന് ഇങ്ങനെ വഴിവിട്ട സഹായം ലഭിക്കണമെന്നുള്ളതിനാല്‍ പോലീസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു. പോലീസുകാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഒറ്റപ്പെട്ടവയാണെന്ന് ന്യായീകരിക്കുകയാണ്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പോലീസുകാര്‍ ശിക്ഷിക്കപ്പെടുന്നില്ല. പേരിന് ചില നടപടികളെടുക്കുമെങ്കിലും തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്കുണ്ട്. ഈ സാഹചര്യം കുറ്റകൃത്യങ്ങള്‍ പെരുകാനുള്ള പ്രധാന കാരണമാണ്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയന്. പോലീസിനെ സ്വന്തം ആവശ്യത്തിന് തന്നിഷ്ടപ്രകാരം ഉപയോഗിക്കണമെന്നുള്ളതുകൊണ്ടു മാത്രമാണ് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്നത്. പോലീസിന്റെ ഭരണം പാര്‍ട്ടിക്കാരെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം മാറിയാലല്ലാതെ കുറ്റകൃത്യനിരക്കില്‍ മാറ്റം വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: