വിയന്ന: അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നല്ല, അതിനേക്കാള്‍ കഠിനമായ വാക്ക് തനിക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. കാരണം ലോകം തീവ്രവാദത്തെക്കുറിച്ച് കൂടുതല്‍ ആശങ്ക പങ്കുവെയ്ക്കേണ്ടതുണ്ട്.- ജയശങ്കര്‍ പറഞ്ഞു.
ഓസ്ട്രിയയുടെ ദേശീയ ചാനലായ ഒആര്‍എഫിന് നല്കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ദശകങ്ങളായി തുടരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇനിയും അപലപിക്കാത്തതിനെയും ജയശങ്കര്‍ വിമര്‍ശിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ആക്രമിച്ച രാജ്യമാണ് പാകിസ്ഥാന്. അത് പിന്നീട് മുംബൈ നഗരത്തെ ആക്രമിച്ച് ഹോട്ടലുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും എതിരെ നീങ്ങി. എല്ലാ ദിവസവും തീവ്രവാദികളെ പരിശീലിപ്പിച്ച് അതിര്‍ത്തിക്ക് കുറുകെ അയയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാന്. – ജയശങ്കര്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു നയതന്ത്ര പ്രതിനിധി ആയതിനാല്‍, നിങ്ങള്‍ സത്യസന്ധനല്ലാതെ ഇരിക്കുക എന്നല്ല. തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നതിനേക്കാള്‍ കഠിനമായ വാക്ക് പാകിസ്ഥാനെതിെ ഉപയോഗിക്കാമായിരുന്നു. പക്ഷെ നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കണക്കിലെടുത്താല്‍ തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്ന് പറയുന്നതായിരിക്കും ഉചിതമായ നയതന്ത്ര പദം”- ജയശങ്കര്‍ പറഞ്ഞു.
ഓസ്ട്രിയയുടെ വിദേശകാര്യമന്ത്രി അലക്സാണ്ടര്‍ സ്കാലെന്ബെര്ഗുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ തീവ്രവാദത്തെ ഒരു പ്രദേശത്ത് മാത്രമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ജയശങ്കര്‍ പറഞ്ഞു. കാരണം തീവ്രവാദം മയക്കമരുന്നും ആയുധകള്ളക്കടത്തും മറ്റ് അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. – ജയശങ്കര്‍ വിശദമാക്കി.
വിവിധ നഗരങ്ങളില്‍ പകല്‍വെളിച്ചത്തില്‍ തീവ്രവാദക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്. അവര്‍ റിക്രൂട്ട്മെന്റുകളും ധനസഹായങ്ങളും ചെയ്യുന്നു. അങ്ങിനെയിരിക്കെ പാകിസ്ഥാന് എന്താണ് നടക്കുന്നത് അറിയില്ലെന്ന് പറയാന്‍കഴിയുമോ? പ്രത്യേകിച്ചും തീവ്രവാദികള്‍ക്ക് സൈനിക തലത്തിലുള്ള യുദ്ധതന്ത്രങ്ങള്‍ പരിശീലിക്കുമ്പോള്‍”- ജയശങ്കര്‍ പറഞ്ഞു.
“ദശകങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമ്പോഴും ഇതിനെ യൂറോപ്യന്‍രാജ്യങ്ങള്‍ ഒട്ടും അപലപിക്കുന്നില്ല. ലോകം തീവ്രവാദത്തിനെതിരെ കൂടുതല്‍ ആശങ്ക പ്രകടിപ്പിക്കേണ്ടതുണ്ട്. എന്തായാലും തീവ്രവാദത്തിന്റെ മൂലകേന്ദ്രം ഇന്ത്യയ്ക്കടുത്തായതിനാല് ഇന്ത്യയുടെഅനുഭവങ്ങള് മറ്റു രാജ്യങ്ങള്‍ക്കും ഗുണകരമാവും.” – ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: