തൃശൂര്‍: മുജാഹിദ് സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ നടപടി വന്നേക്കും. രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ഇടയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആന്റി ടെററിസം സൈബര്‍ വിങ് എന്ന സംഘടന പരാതി നല്‍കിയിട്ടുണ്ട്. രാജ്യസഭയുടെ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനുമാണ് പരാതി നല്‍കിയത്.
രാജ്യസഭ എത്തിക്സ് കമ്മിറ്റിക്കും പരാതി നല്‍കുമെന്ന് സംഘടനയുടെ ഭാരവാഹിയായ ജിജി നിക്സണ് അറിയിച്ചു. കഴിഞ്ഞ ഡിസം. 30ന് കോഴിക്കോട് കേരള നദ്വത്തുല് മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗം. ആര്‍എസ്എസ്, ബിജെപി നേതാക്കളെ മുജാഹിദ് സമ്മേളനത്തില്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ചായിരുന്നു പ്രസംഗം. ഹിന്ദു – മുസ്ലിം ഭിന്നത വളര്‍ത്തുന്നതും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗമെന്ന് പരാതിയില്‍ പറയുന്നു. രാജ്യസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് എംപി നടത്തിയതെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.
പെരുമാറ്റ ചട്ടം 12 ാം അനുഛേദത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് എംപിമാര്‍ മതവൈരമോ മത്സരമോ സൃഷ്ടിക്കുന്ന പ്രവൃത്തിയിലേര്‍പ്പെടരുതെന്നാണ്. പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണരുത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കാനോ സമ്മര്‍ദ്ദശക്തിയാകാനോ ആഹ്വാനം ചെയ്യരുത്. ഏതെങ്കിലും മതവിശ്വാസത്തിനെതിരായോ അധിക്ഷേപിച്ചോ സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ല. ഈ നിബന്ധനകളെല്ലാം എംപിയായ ജോണ്‍ ബ്രിട്ടാസ് ലംഘിച്ചതായാണ് വ്യക്തമാകുന്നത്. നഗ്നമായ വര്‍ഗീയതയും കലാപാഹ്വാനവുമാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയിട്ടുള്ളതെന്നും വിലയിരുത്തപ്പെടുന്നു. പരാതിയില്‍ നടപടി വന്നാല്‍ എംപിയായി തുടരാന്‍ അദ്ദേഹത്തിന് അര്‍ഹത നഷ്ടമാകും.
എംപി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും കേസെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്ള പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് ജുഡീഷ്യറിയെയും സമീപിക്കുമെന്ന് പരാതിക്കാര്‍ പറഞ്ഞു.ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗത്തിനെതിരെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് ഇതിനകം വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മുജാഹിദ് നേതൃത്വവും ജോണ്‍ ബ്രിട്ടാസിനെ തള്ളി. സിപിഎമ്മിനുള്ളിലും ഈ പ്രസംഗത്തിനെതിരെ ശക്തമായ വികാരമുണ്ട്. എംപി എന്ന നിലയില്‍ പക്വത കാണിക്കേണ്ട ബ്രിട്ടാസ് അനാവശ്യ വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന മുറുമുറുപ്പ്. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരന് എന്ന നിലക്കാണ് ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാംഗത്വം ലഭിച്ചതെന്ന് കരുതുന്നവരേറെയുണ്ട് സിപിഎമ്മില്‍. അവരും ഈ പ്രസംഗം പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: