ജി. സുകുമാരന്‍നായര്‍
ജനറല്‍ സെക്രട്ടറി,
നായര്‍ സര്‍വീസ് സൊസൈറ്റി
കര്‍മ്മധീരതയും, ത്യാഗവിശാലതയും നിസ്വാര്‍ത്ഥസേവനവും കൈമുതലാക്കി, ജനസമൂഹത്തിന്റെ നന്മയ്ക്കായി സ്വന്തം ജീവിതം അര്‍പ്പിക്കുകയും, മതഭേദചിന്തയുടെ കോട്ട തകര്‍ക്കുകയും ഐക്യം, സാമൂഹികശക്തി, ഭാരതസംസ്കാരം എന്നിവ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത അനശ്വരനായ മഹാത്മാവ്, കാലത്തിനു മുമ്പേ സഞ്ചരിച്ച കര്‍മ്മയോഗി, സമൂഹനന്മയോടൊപ്പം സ്വസമുദായത്തിന്റെ പുരോഗതിക്കുവേണ്ടി തന്റെ അന്ത്യംവരെ അക്ഷീണം പരിശ്രമിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്, നവോത്ഥാനനായകന്‍ എന്നീ നിലകളില്‍ പരിലസിച്ച സ്വര്‍ഗ്ഗീയ മന്നത്തുപത്മനാഭന്റെ 146-ാമത് ജയന്തി ദിനമാണ് ഇന്ന്. ഇന്നലെയും ഇന്നുമായി(ജനുവരി ഒന്നും രണ്ടും) ആ മഹാത്മാവിനോടുള്ള ആദരവും പ്രണാമവും അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നാടെങ്ങും നടക്കുകയാണ്.
1878 ജനുവരി രണ്ടിനാണ് മന്നത്തു പത്മനാഭന്റെ ജനനം. പെരുന്നയില്‍ മന്നത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും, വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന് നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സില്‍ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തില്‍ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും പഠിച്ചു. പിന്നീട് ചങ്ങനാശ്ശേരിയിലുള്ള സര്‍ക്കാര്‍സ്കൂളില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികപരാധീനതകളാല്‍ അവിടെ തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു നാടകസംഘത്തില്‍ ബാലനടനായി ചേര്‍ന്നു. അനുഗൃഹീതനടന്‍ എന്ന പേര് രണ്ടുവര്‍ഷംകൊണ്ട് അദ്ദേഹം സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളല്‍ക്കഥകള്‍, ആട്ടക്കഥകള്‍,
നാടകങ്ങള്‍ മുതലായ സാഹിത്യഗ്രന്ഥങ്ങള്‍ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. ചങ്ങനാശ്ശേരി മലയാളം സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയില്‍ വാദ്ധ്യാരായി ജോലിയില്‍ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാദ്ധ്യാപകന് എന്ന പേരു സമ്പാദിച്ചു. പിന്നീട് പല സര്‍ക്കാര്‍ പ്രൈമറിസ്കൂളുകളിലും പ്രഥമാദ്ധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസ്സില്‍ മിഡില്‍ സ്കൂള്‍ അദ്ധ്യാപകന് ആയിരിക്കുമ്പോള്‍ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയില്‍ പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചു. ഇതിനു രണ്ടുവര്‍ഷം മുമ്പ് തുറവൂര്‍ സ്കൂളില്‍ അദ്ധ്യാപകന് ആയിരിക്കുമ്പോള്‍ മജിസ്ട്രേറ്റ് പരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്നു ജയിച്ചിരുന്നതിനാല്‍, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടര്‍ന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായര്‍സമാജ രൂപീകരണം, നായര്‍ ഭൃത്യജനസംഘ പ്രവര്‍ത്തനാരംഭം, ഇങ്ങിനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിപുലമായി. 1914 ഒക്ടോബര്‍ 31ന് നായര്‍സമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ നാമധേയം നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കുകയും, പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1924-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്നും കാല്‍നടയായി രാജധാനിയിലേക്കു പുറപ്പെട്ട ‘സവര്‍ണജാഥ’, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയേയും നേതൃപാടവത്തേയും, പ്രക്ഷോഭണവൈദഗ്ധ്യത്തേയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബര്‍ 31 മുതല്‍ 1945 ആഗസ്റ്റ് 17 വരെ 31 വര്‍ഷക്കാലം എന്‍എസ്എസ്സിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്‍ഷം പ്രസിഡന്റായി. 1947ല്‍ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങള്‍ വേര്‍പെടുത്തി സ്റ്റേറ്റ് കോണ്‍ഗ്രസ്സിനും, ഉത്തരവാദഭരണ പ്രക്ഷോഭത്തിനും നേതൃത്വം നല്കി. മുതുകുളത്തു ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തില്‍ ചെയ്ത പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. രണ്ടര മാസത്തിനുശേഷം അദ്ദേഹം ജയില്‍വിമോചിതനായി. പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ നിന്നു വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി. 1949 ആഗസ്റ്റില്‍ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി. തുടര്‍ന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും എന്‍എസ്എസ്സിന്റെ വളര്‍ച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും, അനന്തരം കേരളസംസ്ഥാനവും രൂപം പ്രാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും, രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായി ഏര്‍പ്പെട്ടില്ല. 1957-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വന്നു. കമ്മ്യൂണിസ്റ്റുഭരണത്തില്‍ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നല്കി. ആ കമ്മ്യൂണിസ്റ്റു മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും, പ്രസിഡന്റുഭരണം നടപ്പിലാവുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയില്‍ അദ്ദേഹം ലോകപ്രസിദ്ധനായി.
മികച്ച ഒരു വാഗ്മിയായിരുന്നു മന്നത്തുപദ്മനാഭന്‍. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണിനിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്ര നിരൂപണം എന്നീ വിമര്‍ശനഗ്രന്ഥങ്ങളും, ഞങ്ങളുടെ എഫ്എംഎസ് യാത്ര, എന്റെ ജീവിതസ്മരണകള്‍ എന്നിവയും അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു.
സുദീര്‍ഘവും കര്‍മ്മനിരതവുമായ സേവനത്തില്‍ അഭിമാനംകൊണ്ട് സമുദായം 1960-ല്‍ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മില്‍നിന്നു യാത്ര പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായര്‍ സര്‍വീസ് സൊസൈറ്റിയും അതിനായി ഒരു ക്ഷേത്രമാതൃകയില്‍തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സര്‍വീസ് സൊസൈറ്റിയുടെ ഏതു നീക്കങ്ങള്‍ക്കും ആരംഭം കുറിക്കുന്നത് ആ സന്നിധിയില്‍നിന്നുമാണ്.
സേവനപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നായര്‍സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്റെ ഗുണഭോക്താക്കള്‍ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966-ല്‍ ഇന്ത്യാ ഗവണ്മെന്റ് പത്മഭൂഷണ്‍ പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. വൈകിയാണെങ്കിലും 2014-ല്‍ സംസ്ഥാനഗവണ്മെന്റ് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 2 പൊതുഅവധിയായി പ്രഖ്യാപിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി. നായര്‍സമുദായത്തിന്റെ ഐക്യത്തിനും, സര്‍വീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. സംഘടനയുടെ ശക്തിയും ചൈതന്യവും അദ്ദേഹത്തിന്റെ കാലാതീതമായ ദര്‍ശനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: