തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കുത്തഴിഞ്ഞ ഭരണത്തിനും,പിന്‍വാതില്‍ നിയമനങ്ങള്‍ക്കുമെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെയടിസ്ഥാനത്തില്‍ കോര്പ്പറേഷന് മുന്നില്‍ നടന്ന് വന്ന സമരങ്ങള്‍ താല്കാലികമായി പിന്‍വലിച്ചെങ്കിലും അഴിമതി ഭരണത്തിനെ തിരായ മറ്റ് സമരങ്ങളും, രാഷ്ട്രീയ പ്രചരണങ്ങളും തുടരുമെന്ന് ബിജെപി തിരു:ജില്ലാപ്രസിഡന്റ് അഡ്വ. വിവി രാജേഷ് പറഞ്ഞു.
ശക്തമായ സമരങ്ങള്‍ക്കൊടുവിലാണ് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രാജിവയ്ക്കേണ്ടി വന്നത്.കഴിഞ്ഞ നാല്പത്വര്ഷമായി ഇത്തരം അഴിമതിക്കാരുടെ താവളമായി മാറിക്കഴിഞ്ഞു തിരുവനന്തപുരം കോര്‍പ്പറേഷനെന്ന ബി ജെ പി വാദം ശരിവയ്ക്കുന്നതാണ് ഈ നടപടികള്‍. ഈ ഭരണസമിതി അധികാരത്തില്‍ വന്ന ആദ്യനാളുകളില്‍ത്തന്നെ പക്വത കുറഞ്ഞ നേതൃത്വത്തിന്റെ കയ്യില്‍ നഗരഭരണം അപകടത്തിലാണെന്ന് ബിജെപി പറഞ്ഞിരുന്നു.
ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന് ഒരു കോര്‍പ്പറേഷന്റെ പ്രവര്ത്തനങ്ങളിലിടപെടേണ്ടി വന്നതിന് കാരണം കോര്പ്പറേഷന് ഭരണസമിതിയുടെ പക്വതകുറവാണ്.ഇന്നലെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ജനുവരി ആറിന് ബിജെപി പ്രഖ്യാപിച്ചിട്ടുള്ള കോര്പ്പറേഷന് ഓഫീസ് വളയലും,7 ന് നഗരസഭാതിര്‍ത്തിയില്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലും പിന്‍വലിയ്ക്കുന്നതായും വിവി രാജേഷ് അറിയിച്ചു. എന്നാല്‍ മേയറുടെ രാജിയാവശ്യമുള്‍പ്പെടെ ഭരണസമിതിയ്ക്കെതിരെയുന്നയിച്ച ആരോപണങ്ങളിലൂന്നിയുള്ള മറ്റ് സമരപരിപാടികള്‍ കോര്‍പ്പറേഷനുള്ളിലും,വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും തുടരുമെന്നും രാജേഷറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: