ന്യൂദല്‍ഹി: ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേര്‍ന്ന് ആറ് മാസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവ്-ലാലു പ്രസാദ് യാദവ് അധികാര അച്ചുതണ്ടും തമ്മിലുള്ള അസ്വാരസ്യം വര്‍ധിക്കുന്നു. . മഹാഘട്ബന്ധന് എന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഉലയുകയാണ്.
കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവിനെ മുന്നിലിരുത്തിക്കൊണ്ട് അച്ഛന് ലാലുപ്രസാദ് യാദവ് ഭരിയ്ക്കുമ്പോള്‍ കാടന്‍ ഭരണമാണ് നിലനിന്നിരുന്നതെന്ന് നിതീഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചത് വലിയ വാര്‍ത്തയായി. “അക്കാലത്ത് കുറച്ചു പെണ്‍കുട്ടികള്‍ മാത്രമേ ബീഹാറില്‍ സ്കൂളില്‍ പോയിരുന്നുള്ളൂ. ക്ലാസ് റൂമിലേക്ക് ഒരു അധ്യാപിക കടന്നുവന്നാല്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി.” – താന്‍ ഭരിച്ചിരുന്ന കഴിഞ്ഞ 10-15 വര്‍ഷത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തേജസ്വി യാദവ് കേള്‍ക്കെ പറയുമ്പോള്‍ നിതീഷ് കുമാറിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ജായും ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ കാലത്തെ കാട്ടു ഭരണത്തെക്കുറിച്ച് വിമര്‍ശിച്ചിരുന്നു. ഇദ്ദേഹം ബീഹാറിലെ പബ്ലിക് റിലേഷന്‍ മന്ത്രികൂടിയാണ്. കഴിഞ്ഞ 10-15 വര്‍ഷക്കാലത്തെ നിതീഷ് കുമാറിന്റെ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിതീഷ് കുമാറിനെ മാറ്റി തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ച ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി ചര്‍ച്ചയാക്കുന്നതിനിടയിലാണ് ലാലുപ്രസാദ് യാദവിന്റെ കാലത്തെ കാടന്‍ ഭരണത്തെക്കുറിച്ച് ബോധപൂര്‍വ്വംഓര്‍മ്മപ്പെടുത്തി നിതീഷ് കുമാര്‍ തിരിച്ചടിക്കുന്നത്. ഈയിടെ നടന്ന യോഗത്തില്‍ നീതീഷ് കുമാര്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കി:”2025ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്ന മഹാഘട്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് ആയിരിക്കും.” ഈ പ്രഖ്യാപനം നിതീഷ് കുമാര്‍ നടത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതായത് 2025ന് മുന്‍പ് മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമിടേണ്ടെന്നാണ് നിതീഷ് കുമാര്‍ തേജസ്വിയേയും ലാലു പ്രസാദ് യാദവിനെയും ആര്‍ജെഡിയെയും ഓര്‍മ്മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: