ജയ്പൂര്‍: ഭഗവദ്ഗീതയില്‍ പൗരാവകാശത്തിന്റെ മാര്‍ഗരേഖയും ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് സംസ്കാര്‍ ഭാരതി ദേശീയ ഉപാധ്യക്ഷനും നടനുമായ നിതീഷ് ഭരദ്വാജ്. ജനാധിപത്യവും പൗരാവകാശവും എവിടെ നിന്നെങ്കിലും കടം കൊണ്ടതല്ല. അധാര്മ്മികവ്യവസ്ഥകളെ ഉന്മൂലനം ചെയ്യുന്നതിന് ഒരു സാധാരണ പൗരന് കര്മ്മോന്മുഖനാകേണ്ടുന്നതിന്റെ ശാസ്ത്രമാണ് ഗീതയിലൂടെ ഭഗവാന് മുന്നോട്ടുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാളവ്യ നഗറിലെ പാഥേയ് ഭവനില്‍ നടന്ന കലാസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിതീഷ് ഭരദ്വാജ്.
രാഷ്ട്രീയം പലപ്പോഴും ജാതിയെ ഉപകരണമാക്കുകയും അതിന് ആശയപരമായ അടിത്തറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ജനത ഒരുമിച്ച് നില്‍ക്കാതെ ഇത്തരം അബദ്ധപ്രചാരണങ്ങളെ തിരുത്താനാവില്ല. അതിന് ഒരു ശ്രീകൃഷ്ണന് ഇനി അവതരിക്കേണ്ടതുണ്ടോ? ഈ കാലഘട്ടത്തില്‍ ജനതയാണ് ജനാര്ദ്ദനന്. സേവനമാണ് ജനാധിപത്യത്തിന്റെ അടിത്തറ. എല്ലാവരെയും സേവിക്കുന്നവനാണ് ശൂദ്രന്. ജനാധിപത്യത്തിലെ പരമാധികാരിയാണതെന്ന് നിതീഷ് ഭരദ്വാജ് ഓര്‍മ്മിപ്പിച്ചു.
ബോളിവുഡ് സിനിമകള്‍ നിരാശപ്പെടുത്തുന്നുവെന്ന അഭിപ്രായത്തോട് പ്രതികരിക്കവെ നല്ല തിരക്കഥയും ആവിഷ്കാരവും സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയാറാവുക മാത്രമാണ് പരിഹാരമെന്ന് നിതീഷ് പറഞ്ഞു. സിനിമകളുടെ ഉള്ളടക്കം നിര്‍ണയിക്കുന്നത് പ്രേക്ഷകരുടെ താത്പര്യമാണ്. എല്ലാ ഹിന്ദി സിനിമകളും ഒരേ തരത്തിലല്ല. ദേശാഭിമാന പ്രചോദിതങ്ങളായ സിനിമകള്‍ മുന്‍പെന്നത്തേതിനേക്കാള്‍ കൂടുതലായി ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാസാംസ്കാരിക മേഖലകളിലെ മധുഭട്ട് തേലംഗ്, ബന്‍വാരിലാല്‍ ചേജാര, ആത്മാറാം സിംഗള്‍, ഗോപാല്‍ ശര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: