കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെ പിന്തുണച്ച് നേതൃത്വം. സംഭവം അടഞ്ഞ അധ്യായമാണ് അതില്‍ പുനപരിശോധന നടത്തേണ്ടതില്ലെന്നും ഡിവൈഎഫ്ഐ.
തില്ലങ്കേരി പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച വഞ്ഞേരി സികെജി ക്ലബ് ക്രിക്കറ്റ്ടീം മാനേജരായിരുന്നു ആകാശ് തില്ലങ്കേരി. വീഴ്ച പറ്റിയത് ക്രിക്കറ്റ് മത്സരത്തില്‍ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണ്. ട്രോഫി നല്കി മടങ്ങലല്ലാതെ ഷാജറിന് മറ്റുവഴികളില്ലായിരുന്നു. തില്ലങ്കേരി ലോക്കല്‍ കമ്മറ്റി കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തതോടെ സംഭവം അടഞ്ഞ അധ്യായമായെന്നും ഇക്കാര്യത്തില്‍ ഇനി ഡിവൈഎഫ്ഐ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് സംഘടനയുടെ നിലപാട്.
ക്വട്ടേഷന്‍ ബന്ധത്തിന്റെ പേരില്‍ സിപിഎം തള്ളിപ്പറഞ്ഞ തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് സമ്മാനം നല്‍കിയത് ഏറെ വിവാദമായിരുന്നു. ലഹരി- ക്വട്ടേഷന്‍ മാഫിയ സംഘത്തിനെതിരേ രണ്ടുവര്‍ഷംമുമ്പ് തില്ലങ്കേരിയില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ അന്ന് ആകാശ് ഉള്‍പ്പെട്ട സംഘത്തിനെതിരേ ശക്തമായാണ് ഷാജര്‍ പ്രസംഗിച്ചത്. തില്ലങ്കേരിക്ക് സമ്മാനം നല്കിയതും ഷാജറിന്റെ പ്രസംഗവും ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: