തിരുവനന്തപുരം : കണ്ണൂര്‍ ഉടുപ്പയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ വിജിലന്‍സില്‍ പരാതി. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ റിസോര്‍ട്ടിനായി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബാണ് പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയുടേയും മുന്‍ മന്ത്രിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് വൈദേകം റിസോര്‍ട്ട് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിക്കാനും അനുമതി നേടിയെടുത്തത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയിലും അഴിമതിയിലും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ അന്വേഷിക്കുന്നതിനായി വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ്.
റിസോര്‍ട്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നടപടിയും അന്വേഷണവുമാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പി. ജയരാജന് പങ്കെടുക്കും. റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. യോഗത്തില്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: