കൊച്ചി: മാപ്പിള ലഹള ആധാരമാക്കി രാമസിംഹന് എന്ന അലി അക്ബര്‍ സംവിധാനം ചെയ്ത ചലച്ചിത്രം രണ്ടാമതും പുനഃപരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നടപടി ഹൈകോടതി റദ്ദാക്കി. ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന് ഏഴ് മാറ്റത്തോടെ പ്രദര്‍ശനാനുമതി നല്‍കാമെന്ന ആദ്യപുനഃപരിശോധന സമിതിയുടെ ശിപാര്‍ശ നിലനില്‍ക്കെ വീണ്ടും സമിതിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് രാമസിംഹന് നല്കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. സിനിമാട്ടോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണ് ചെയര്‍മാന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
ആദ്യശിപാര്‍ശ അംഗീകരിക്കുകയോ യോജിപ്പില്ലെങ്കില്‍ വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനക്ക് വിടുകയോ ചെയ്യേണ്ടതിന് പകരം രണ്ടാമത് മറ്റൊരു സമിതിയുടെ പരിഗണനക്ക് വിടാന്‍ ചെയര്മാന് അധികാരമില്ലെന്നായിരുന്നു ഹരജിയിലെ വാദം. മറ്റൊരു സമിതി സിനിമ കാണേണ്ടതുണ്ടെങ്കില്‍ തീരുമാനമെടുക്കേണ്ടത് ബോര്‍ഡാണ്.
കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടതിനു ശേഷം ബോംബെയിലെ ഹയര്‍ കമ്മറ്റിക്ക് ചിത്രം വിട്ടു. തുടര്‍ന്നാണ് എട്ടംഗ പുനഃപരിശോധന സമിതിക്ക് വിട്ടത്. ഏഴ് മാറ്റത്തോടെ പ്രദര്‍ശനാനുമതി നല്‍കാമെന്ന നിലപാടാണ് അഞ്ചംഗങ്ങള്‍ സ്വീകരിച്ചത്. ചില സീനുകള്‍ കട്ട് ചെയ്തു എ സര്‍ട്ടിഫിക്കറ്റ് നല്കി ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ബോംബെ സെന്‍സര്‍ ബോര്‍ഡ് നല്കി. ഈ ശിപാര്‍ശ തള്ളിയാണ് പുതിയ സമിതിയുടെ പരിശോധനക്ക് അയച്ചത്. 12 മാറ്റങ്ങള്‍ വേണമെന്നാണ് രണ്ടാമത്തെ സമിതി മുന്നോട്ടുവെച്ചത്. ഇത് സിനിമയെ തന്നെ ബാധിക്കുമെന്നും ഹരജിക്കാരന് വാദിച്ചു.
”ചരിത്രത്തിലെ ലഹള ചിത്രീകരിക്കുമ്പോള്‍ അതില്‍ അടിപിടിയും രക്തച്ചൊരിച്ചിലും ഉണ്ടാകും അത് ഒഴിവാക്കാന്‍ പറ്റില്ല. അതാണ് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അല്ലാതെ ചിത്രത്തില്‍ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയവ ഒന്നും കാണിക്കുന്നില്ല. അന്ന് അതൊക്കെ നടന്നിട്ടുണ്ടെങ്കില്‍ പോലും പടമെടുത്തപ്പോള്‍ അതൊക്കെ ഒഴിവാക്കി..” എന്നതായിരുന്നു സംവിധായകന്റെ നിലപാട്
ആദ്യ സമിതിയില്‍ ചരിത്ര പണ്ഡിതനുണ്ടായിരുന്നെങ്കില്‍ രണ്ടാമത് രൂപവത്കരിച്ച സമിതിയില്‍ അത്തരത്തിലുള്ള വിദഗ്ധരില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: