- ശ്രീരാമജന്മഭൂമിയുടെ പ്രക്ഷോഭങ്ങള്‍ മുഴുവന്‍ അടുത്തുനിന്ന് വീക്ഷിച്ച വ്യക്തിയും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുമായ ചംപത് റായ് ഇന്ന് അവിടുത്തെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുന്നു. ശ്രീരാമന് ഭാരതത്തിലെ ജനങ്ങളുടെ ഹൃദയത്തിലാണ് വസിക്കുന്നതെന്ന് റായ് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ രാമക്ഷേത്രം രാഷ്ട്രത്തിന്റെ ക്ഷേത്രമാണ്. ശ്രീരാമ ജന്മഭൂമിയിലെ മുന്നേറ്റങ്ങള്‍ വിലയിരുത്തിക്കൊണ്ട് അറിയപ്പെടാത്ത ഒരുപാട് കഥകളുടെ യവനിക റായ് മാറ്റുകയുണ്ടായി. ഹിന്ദി വാരികയായ പാഞ്ചജന്യയ്ക്കുവേണ്ടി ചംപത്റായിയുമായി ഹിരോഷ് നഗര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. വിവര്‍ത്തനം: ഡോ. ലക്ഷ്മി വിജയന് വി.ടി.
- ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്ര സംഭവമായിരുന്നു അയോദ്ധ്യയിലെ മുന്നേറ്റങ്ങള്‍. അതെക്കുറിച്ച് സംസാരിക്കാന്‍ അങ്ങയെക്കാള്‍ മികച്ച മറ്റൊരു വ്യക്തിയില്ല. 500 വര്‍ഷം മുന്‍പത്തെ കാര്യമാണ്. ഇത്തരത്തിലൊരു മുന്നേറ്റം എങ്ങനെയുണ്ടായി, ആ യാത്ര ചുരുക്കിപ്പറയാമോ?
ചരിത്രത്തിലെ ചില കാര്യങ്ങളാണ് പറയാനുള്ളത്. 1528-ല്‍ ആ യുദ്ധം ആരംഭിച്ചു. 75 പോരാട്ടങ്ങള്‍. 1949-ല്‍ ‘രാംലലാ’ സ്ഥാപിക്കപ്പെട്ടു. എന്നാല്‍ അവിടുത്തെ സമാധാനം നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ആ പ്രദേശം അടച്ചിട്ടു. ആ സമയം പൂജകള്‍ പുറത്ത് ആരംഭിച്ചു. 1950-ല്‍ കോടതി നടപടികള്‍ ആരംഭിക്കുകയും 1983 വരെ അത് തുടരുകയും ചെയ്തു. എന്നാല്‍ അതൊരു സാധാരണ നടപടിയായിരുന്നു. അതോടൊപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ ഹിന്ദുസ്ഥാനിലെ മൂന്നു ലക്ഷം ഗ്രാമങ്ങള്‍, കോടിക്കണക്കിന് വീടുകള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കുന്നു. മുഴുവന്‍ ഹിന്ദുസമൂഹവും മുന്നോട്ടുവന്ന് നിവര്‍ന്നു നില്‍ക്കുകയും ചെയ്തു. ഇന്ന് രാഷ്ട്രം ഉണര്‍ന്നിരിക്കുന്നു.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ കുറച്ചു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ‘ഹിന്ദു ജാഗരണ്‍ മഞ്ച്’ എന്ന സംഘടനയ്ക്കു രൂപം നല്കി. ഓരോ മുക്കിലും മൂലയിലും ഈ സംഘടന സമ്മേളനങ്ങള്‍ നടത്തി. അത്തരമൊരു സമ്മേളനം 1983 മാര്‍ച്ച് മാസത്തില്‍ മുസഫര്‍ നഗറിലും നടക്കുകയുണ്ടായി. അവിടെ നടന്ന സമ്മേളനത്തില്‍ സമൂഹത്തിലെ ഉന്നതര്‍ ഹിന്ദു സമൂഹത്തിന്റെ അഭിമാനത്തെക്കുറിച്ചും സ്വാഭിമാനത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. അതില്‍ സംഘത്തിന്റെ അന്നത്തെ മുതിര്‍ന്ന അധികാരിയായിരുന്ന പ്രൊഫ. രാജേന്ദ്രസിങ് അഥവാ രജ്ജു ഭയ്യാ പങ്കെടുത്തു. ഞാന്‍ ആസമയത്ത് ഡെറാഡൂണില്‍ സംഘപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഭാരതത്തിലെ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ അഞ്ച് വട്ടം വിജയിക്കുകയും മന്ത്രിയാവുകയും ചെയ്ത മുറാദാബാദിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കന്മാരെ സംഘാടകര്‍ ഈ യോഗത്തിലേക്ക് ക്ഷണിച്ചു. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയും വര്‍ഷമായി. ഇനിയെങ്കിലും അയോദ്ധ്യ, മഥുരാ, കാശി എന്നിവയെ സ്വതന്ത്രമാക്കൂ എന്ന് ഇവരിലൊരാളായ ദാവുദയാല്‍ ഖന്ന പറഞ്ഞതുകേട്ട് എല്ലാവരും അമ്പരന്നുപോയി. സമ്മേളനം സമാപിച്ചപ്പോള്‍, ബാബുജി എന്താണ് പറഞ്ഞതെന്നു നോക്കാന്‍ അശോക് സിംഘാള്‍ ആവശ്യപ്പെട്ടു. ഇവിടെ നിന്നാണ് ആ വിഷയത്തിന് വിത്തിട്ടത്. അശോക് സിംഘാള്‍ ബാബുജിയോട് പറഞ്ഞു- ”അങ്ങ് കോണ്‍ഗ്രസ്സിലാണ്; മാത്രവുമല്ല മതിയെന്ന് ഇന്ദിരാജി പറയുകയാണെങ്കില്‍ അങ്ങ് പിന്മാറുകയും ചെയ്യും.” കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെയ്ക്കുകയാണ് ബാബുജയപ്പോള് ചെയ്തത്.
1984 ഏപ്രില്‍ 7, 8 തീയതികളിലായി ഭാരതത്തിന്റെ എല്ലാ പ്രദേശത്തുനിന്നും എല്ലാ ഭാഷകളില്‍ നിന്നും ആദ്ധ്യാത്മിക പരമ്പരകളില്‍പ്പെട്ട ആയിരം സന്യാസിശ്രേഷ്ഠര്‍ ഒരിടത്ത് ഒത്തുചേരുകയുണ്ടായി. അവിടെ ദാവുദയാല്‍ ഖന്നയെ ക്ഷണിക്കുകയും, അദ്ദേഹം മുന്‍പ് പറഞ്ഞത് ഒന്നുകൂടിപ്പറയുകയും ചെയ്തപ്പോള്‍ സന്യാസിമാര്‍ അതെക്കുറിച്ച് വീണ്ടും ചിന്തിക്കുകയും ജയഘോഷം മുഴക്കുകയുമുണ്ടായി.
അങ്ങനെയാണ് അശോക് സിംഘാള്‍ജി അയോദ്ധ്യയിലെത്തുന്നതും 40-50 സംന്യാസിമാരെ ഒരിടത്ത് ചേര്‍ത്ത് രാമജന്മഭൂമി സ്വതന്ത്രമാക്കുന്നതിനുള്ള സമിതി രൂപീകരിക്കുകയും ചെയ്തത്. ഈ സമിതിയുടെ അദ്ധ്യക്ഷത വഹിക്കാന്‍ ആവശ്യപ്പെട്ടത് ഗോരക്ഷാപീഠത്തിലെ അവൈദ്യനാഥ്ജിയോടായിരുന്നു. ദാതുദയാല് ഖന്ന ജനറല്‍ സെക്രട്ടറിയും ആയി. പിന്നീട് വന്ന ചിന്ത മഥുരയുടെയും കാശിയുടെയും അവസ്ഥയെക്കുറിച്ചാണ്. അങ്ങനെയാണ് രാമജന്മഭൂമി യജ്ഞസമിതി എന്ന പേര് മാറ്റി ധര്മ്മസ്ഥാനമുക്തി യജ്ഞ സമിതി എന്നാക്കിയത്.
1985 ഒക്ടോബറിലാണ് സംന്യാസിമാര്‍ ചിന്തിച്ചത് ഒരൊറ്റ രഥംകൊണ്ട് സംസ്ഥാനത്ത് മുഴുവന്‍ പോവാനാവില്ലെന്ന്. അങ്ങനെ ഉത്തര്‍പ്രദേശില്‍ ആറ് രഥങ്ങളാണ് ഓടിയത്. അതിലൂടെ വളരെ വലിയ ബോധവല്‍ക്കരണമാണ് ജനങ്ങള്‍ക്കിടയിലുണ്ടായത്. അയോദ്ധ്യയിലെ ജില്ലാകോടതിയില്‍ ഒരു വക്കീല്‍ നല്കിയ നിവേദനം രാമജന്മഭൂമി അടച്ചുപൂട്ടിവെയ്ക്കാതെ തുറന്നു നല്‍കണം എന്നായിരുന്നു. അന്ന് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി വീര്‍ബഹാദൂര്‍ സിങ് ആയിരുന്നു. ഞങ്ങള്‍ പൂട്ട് പൊളിക്കുകയാണെങ്കില്‍ ഏത് നിയമമാണ് ഞങ്ങളെ പൂട്ടിയിടുക എന്നായിരുന്നു അന്ന് ചോദിക്കപ്പെട്ടത്. അങ്ങ് നിയമം കയ്യിലെടുക്കരുത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ശ്രേഷ്ഠനായ അവൈദ്യനാഥിന്റെ ശിഷ്യനാണ് താനെന്ന് കരുതുന്ന വ്യക്തിയായിരുന്നു വീര്‍ബഹാദൂര്‍ സിങ് ജില്ലാകോടതി ഈ വിഷയത്തെക്കുറിച്ച് പോലീസിനോടും സര്‍ക്കാരിനോടും ചോദിച്ചു. പൂട്ട് തുറന്നാല്‍ നിയമവ്യവസ്ഥ നല്ലരീതിയില്‍ നടക്കുമോ? അങ്ങ് എന്ത് ഉത്തരവുതന്നാലും ക്രമസമാധാനം പാലിക്കുക എന്നത് ഞങ്ങളുടെ കാര്യമാണ് എന്നായിരുന്നു സര്‍ദാര്‍ കര്മവീര്സിങ് മറുപടി നല്‍കിയത്. ഇത്തരത്തില്‍ പൂട്ടുതുറക്കാനായി ജില്ലാകോടതി ഉത്തരവിടുകയും അതറിഞ്ഞ ജനങ്ങളില്‍ ആവേശം വര്‍ദ്ധിക്കുകയും ചെയ്തു. മാത്രവുമല്ല രാജ്യത്തിനുതന്നെ അപമാനമായി മാറിയ സാഹചര്യത്തിനെ മറികടന്ന് അവിടെ ക്ഷേത്രം വരുമെന്ന വിശ്വാസം ജനങ്ങളില്‍ സമാഗതമായി. രാജ്യത്തെ ഹിന്ദുക്കളുടെ അഭിമാനത്തിന് ആദരവുനല്കുന്ന വിശ്വഹിന്ദുപരിഷത്തിന്റെ കൈകളിലേക്ക് ആ സമരം എത്തിച്ചേര്‍ന്നു.
- ഇപ്പോഴങ്ങ് ദാവുദയാല്‍ ഖന്നയെക്കുറിച്ച് പരാമര്‍ശിച്ചല്ലോ. അദ്ദേഹം കോണ്ഗ്രസ്സിലിരുന്നിട്ടുംകൂടി ദേശത്തിന്റെയും സമൂഹത്തിന്റെയും മനസ്സില്‍ എന്താണ് നടക്കുന്നത് എന്നറിഞ്ഞ് അതിനൊപ്പം നിലകൊണ്ടു. ഞാനൊരു പേരുകൂടി പറയാം ഉത്തര്‍പ്രദേശിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവ്. അദ്ദേഹത്തെ അങ്ങെങ്ങനെയാണ് നോക്കിക്കാണുന്നത്. ഒപ്പം കോണ്‍ഗ്രസ്സിന്റെ പാരമ്പര്യവും ഭരണചരിത്രവും എങ്ങനെ വീക്ഷിക്കുന്നു?
ജനാധിപത്യം ജനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ടുതന്നെ പൂട്ടുതുറക്കാനായി യുവാക്കള്‍ കറങ്ങാന്‍ തുടങ്ങിയപ്പോള്‍ അത് ഉത്തര്‍പ്രദേശിലെ ജനഹൃദയങ്ങളില്‍ അഗ്നിയായിപ്പടരുകയും, ഇതൊരു ഊര്‍ജ്ജമായി പ്രകടമാവുകയും ചെയ്തു. ഈ വിഷയത്തില്‍ സര്‍ദാര്‍ ബൂട്ടാസിങ്ങിന് വളരെ വലിയ പങ്കുണ്ട്. ഇത്രയും വര്‍ഷങ്ങളായി കേസ് നടന്നുകൊണ്ടേയിരിക്കുകയാണല്ലോ എന്നാണെല്ലാവരും പറയുന്നത്. ഹിന്ദുസമൂഹത്തിന്റെ കേസ് ഒട്ടും ശക്തമല്ലെന്ന് ബൂട്ടാസിങ് അറിയിപ്പുതരികയും ചെയ്തിരുന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാട്നയിലുള്ള ലാഭനാരായണ്സിന്ഹയായിരുന്നു അവരുടെ ഭരണഘടനാപരമായ വിഷയങ്ങളിലെ ഉപദേഷ്ടാവ്. അദ്ദേഹത്തെ കാണണമെന്ന് അറിയിപ്പുകിട്ടി. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയായിരുന്ന ദേവകീനന്ദന് അഗര്‍വാള്‍, ഉന്നത അഭിഭാഷകനായിരുന്ന വീരേന്ദ്രകുമാര്സിങ് ചൗധരി തുടങ്ങിയ മൂന്നുനാലുപേര്‍ പാട്നയിലെ ലാഭനാരായണസിന്ഹയുടെ അടുത്തുപോയി. ഇവരെല്ലാവരും തന്നെ കോണ്‍ഗ്രസ്സുകാരായിരുന്നു. ഇവര്‍ പഴയ പ്രധാനപ്പെട്ട കേസുകളെല്ലാം പഠിച്ച് ഒരു പുതിയ കേസ് ഉണ്ടാക്കുകയും, 1987-ല്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഹൈക്കോടതി ഈ കേസ് സ്വീകരിക്കുകയും ചെയ്തു. ഇത്രയും മാസങ്ങള്‍ ഉപദേശം നല്കിയവര് കോണ്‍ഗ്രസ്സുകാരായിരുന്നു. മാത്രവുമല്ല, ഈ കേസ് ഉണ്ടാക്കിയതാകട്ടെ ലാഭനാരായണ് സിന്‍ഹയും ആണ്. ജനങ്ങളുടെ ഉള്ളില്‍ ഈശ്വരന് വസിക്കുന്നു. എന്നാല്‍ പുറത്ത് അവര്‍ക്ക് ചില നിസ്സഹായതകളുണ്ട്. ഈ രണ്ടുമുണ്ടെന്നത് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതാണ്.
- അയോദ്ധ്യയില്‍ ഒരു കിളിയെപ്പോലും വധിക്കാനാവില്ലെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. അങ്ങെപ്പോഴെങ്കിലും മുലായം സിങ്ജിയുമായി സംസാരിച്ചിട്ടുണ്ടോ? പുറമേക്കാണുന്നതുപോലെത്തന്നെയാണോ, അതോ രാഷ്ട്രീയ തന്ത്രത്തിന്റെ രണ്ടുതരം ചരിത്രം അങ്ങേക്ക് കാണാനായോ?
മുലായംസിങ് പറഞ്ഞത് ഒരു പക്ഷിയെപ്പോലും പ്രവേശിപ്പിക്കില്ല എന്നാണ്. എന്നാല്‍ ഇത്തരം ഭീഷണികള്‍ നല്കലല്ല മുഖ്യമന്ത്രിയുടെ ജോലി. കര്‍ശനമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും, കര്‍ശനമായ സന്ദേശങ്ങള്‍ നല്‍കുകയുമാണ് ഭരണത്തിന്റെ ജോലി. അങ്ങ് ഇത്തരം സന്ദേശങ്ങള്‍ നല്‍കരുത്. അത് നിര്‍വ്വഹിക്കേണ്ടത് ഉദ്യോഗസ്ഥ സംവിധാനമാണെന്ന് വളരെ ഉന്നതനായ ഒരു ഐഎഎസ് ഓഫീസര്‍ മുഖ്യമന്ത്രി മുലായം സിങ്ങിനെ ഉപദേശിച്ചു. എന്നാല്‍ പിടിവാശിക്കാരനായിരുന്ന മുലായം സിങ് പിന്നോട്ടുപോയില്ല. ഹെലികോപ്ടറില്‍ നിന്ന് ഒരു മണ്വെട്ടിയെങ്കിലും വീണാല്‍ കര്‍സേവ തുടങ്ങിയെന്ന് ഞങ്ങള്‍ വിശ്വസിക്കാം എന്നായിരുന്നു പത്രപ്രവര്‍ത്തകരുടെ അഭിപ്രായം. അശോക്ജിക്കൊപ്പം ഞാനൊരിക്കല്‍ മുലായംസിങ്ങിനെ കാണുകയുണ്ടായി. മുലായംസിങ്ജി, അശോക്ജിയുടെ തോളില്‍ കൈവച്ച് പറഞ്ഞു, അശോക്ജി അമ്പലം ഞാന്‍ ഉണ്ടാക്കും; എന്റെ ഭരണകാലത്തുതന്നെ നിര്‍മ്മിക്കും. ഞാനിതിന്റെ ദൃക്സാക്ഷിയാണ്. മനുഷ്യന്റെയുള്ളില്‍ ഭരണം നേടാനുള്ള ആഗ്രഹവും ഉള്ളിലെ ചിന്തകളും രണ്ടായി നിലനില്ക്കുന്നു. എപ്പോള്‍ ആരുജയിക്കും എന്നറിയില്ല.
- ഒളിഞ്ഞുകിടന്ന സത്യങ്ങള്‍ ഇന്ന് പുറംലോകത്തെത്തിയിരിക്കുന്നു. അവ അറിഞ്ഞാല്‍ ഭരണാധികാരികള്‍ ഞെട്ടും. സമൂഹം സന്തോഷിക്കും. അറിയപ്പെടാതെ കിടക്കുന്ന ഒരു കാര്യം വെളിപ്പെടുത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ശ്രീരാമ ജന്മഭൂമിയുടെ സ്ഥലത്തെക്കുറിച്ചുണ്ടായിരുന്ന പ്ലാനില്‍ പിന്നിലുണ്ടായിരുന്നത് കുണ്ടും കുഴിയുമായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പ്രവചനമുണ്ടായിരുന്നല്ലോ, അതെന്താണ്?
കുംഭമാസമായിരുന്നു. അന്ന് സംന്യാസിമാര്‍ തീരുമാനിച്ചു അയോദ്ധ്യയില്‍ ആറ് മാസത്തെ അനുഷ്ഠാനങ്ങള്‍ വയ്ക്കണമെന്നും അവ ദേശത്തെല്ലായിടത്തുമുള്ള വിശ്വാസങ്ങള്ക്കനുസരിച്ചായിരിക്കണമെന്നും. അതിനിട്ട പേരായിരുന്നു സര്വദേവ അനുഷ്ഠാന്‍. അതില്‍ പങ്കെടുക്കാനായി ആന്ധ്രപ്രദേശത്തുനിന്നും ചില വാസ്തുവിദഗ്ധര്‍ എത്തിയിരുന്നു. ജന്മഭൂമിയില് മൂന്ന് ഗോപുരങ്ങളുള്ള പ്ലാനിന് പിന്നിലായി. അതായത് പടിഞ്ഞാറ് വളരെദൂരം 50 അടി ആഴത്തിലുള്ള കുഴിയായിരുന്നു. വാസ്തുവിദഗ്ധര്‍ പറഞ്ഞത് അതൊരു അപശകുനമാണെന്നായിരുന്നു. പടിഞ്ഞാറ് ആഴത്തിലുള്ള കുഴിയും കിഴക്ക് ഉയരവും? വാസ്തുശാസ്ത്രം പറയുന്നത് ഇതിന് തീര്‍ത്തും വിപരീതമായ തരത്തിലായിരിക്കണമെന്നാണ്. തെക്കും പടിഞ്ഞാറും ഉയര്ന്നാണിരിക്കേണ്ടത്. വളരെ വലിയ ചിന്തകള്‍ക്കുശേഷം തീരുമാനിച്ചത് ഭഗവാന് വനവാസത്തിലായിരുന്നപ്പോള്‍ ലക്ഷ്മണന് രക്ഷചെയ്തല്ലോ എന്നായിരുന്നു. രക്ഷകന് കുറച്ചൊരുയരത്തിലാണിരിക്കുക. അപ്പോള്‍ ഇവിടെ ഒരു ശേഷാവതാരക്ഷേത്രം നിര്‍മ്മിക്കാമെന്നും ചിന്തിച്ചു. അവിടെ കുഴിയായിരുന്നു. വാസ്തുശാസ്ത്രക്കാരില്നിന്നും ഒരു പുതിയ ക്ഷേത്രത്തിനുള്ള രൂപരേഖ ഉണ്ടാക്കിച്ചു. ഓരോ പത്തടിയിലും ഒരു തൂണ് അന്യോന്യം ചേര്‍ക്കപ്പെട്ട തരത്തില്‍ വരുന്നപോലെയായിരുന്നു അത്. പതുക്കെപ്പതുക്കെ താഴെനിന്നും അവ ഉയര്‍ത്തുകയും ആ കുഴികളില്‍ മണ്ണ് നിറയ്ക്കപ്പെടുകയും ചെയ്തു. അപ്പോള്‍ ഭഗവാന് രാമന് ഏത് സിംഹാസനത്തില്‍, എത്ര ഉയരത്തില്‍ ഇരിക്കാമെന്നത് നോക്കി തിട്ടപ്പെടുത്താവുന്നതാണ്. സമുദ്രതീരത്തില്‍ നിന്ന് അല്‍പ്പം ഉയരത്തില്‍വരെ ശേഷാവതാരക്ഷേത്രം ഉണ്ടാകാം. അപ്പോള്‍ ഒരു ടിന് പ്ലേറ്റില്‍ പെയിന്റിങ് ചെയ്യുകയും അത് ഉയരത്തില്‍ വച്ച് മണല്ച്ചാക്കുകളാല് പടികള്‍ തീര്‍ത്ത് അതുവഴി മുകളില്‍ കയറുകയും ആരതി ചെയ്യുകയുമുണ്ടായി. ഈ സംഭവം നടന്നത് നവംബര്‍ അവസാനത്തിലായിരുന്നു.
അപ്പോഴേക്കും അസംഖ്യമാളുകള്‍ എത്തിച്ചേര്ന്നുതുടങ്ങിയിരുന്നു. ജനത്തിരക്ക് ഞങ്ങളുടെ വ്യവസ്ഥകളെ താറുമാറാക്കുംവിധമായിരുന്നു. 200 കിലോമീറ്റര്‍ ദൂരത്തുനിന്നുവരെ ഭക്ഷണം വരുത്തേണ്ടതായി വന്നു. അവിടെ വ്യത്യസ്ത തരത്തില്‍ 16 ഇടങ്ങളിലായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവന്നു. അയോദ്ധ്യ-ഫൈസാബാദ് പ്രദേശങ്ങളില്‍ 40 മുതല്‍ 50 വരെ ഇടങ്ങളിലായി ജനങ്ങള്‍ സ്വയംപ്രേരിതരായി ഭക്ഷണം പാകംചെയ്യാനാരംഭിച്ചു. ആ വാസ്തുവിദഗ്ദ്ധരുടെ വാക്ക് കൃത്യമായി മാറി. ദക്ഷിണ-പശ്ചിമകോണില്‍ ഭഗവാന്റെ ഇരിപ്പിടത്തിന് ഒരടി ഉയരത്തില്‍ ഡിസംബര്‍ 6 ന് മൂന്ന് താഴികക്കുടങ്ങളിലുള്ള തൂണുയര്ത്തപ്പെട്ടു. ഇന്നും ആ സ്ഥലം സുരക്ഷിതമാണ്. ഭഗവാന് ശേഷാവതാരക്ഷേത്രം തീര്‍ച്ചയായും നിര്‍മ്മിക്കപ്പെടും.
- അശോക്സിംഘാള്ജിയുമായി ബന്ധപ്പെട്ട മറ്റൊരു കഥകൂടിയുണ്ട്. അത് ഇതുവരെ കേട്ടുകാണാനിടയില്ല. അയോദ്ധ്യ മുഴുവന്‍ പോലീസ് വലയത്തിലിരിക്കുമ്പോള് അദ്ദേഹം എങ്ങനെ നിമജ്ജനത്തിനായി അസ്ഥിയുണ്ടെന്ന കാര്യം പറഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ അവിടെയെത്തി?
അയോദ്ധ്യയില്‍ പ്രവേശിക്കാനായി ആറുഭാഗത്തുനിന്ന് വഴികളുണ്ട്. അയോദ്ധ്യയ്ക്ക് 200 കി.മീ ദൂരം മുതല്‍ മൂന്നും നാലും ഇടങ്ങളിലായി ബാരക്കേഡും ചെക്കിങ്ങുമുണ്ട്. എല്ലാ ട്രെയിനുകളും ചെക്ക് ചെയ്യപ്പെട്ടു. ഒരുവശത്ത് ആ തിരച്ചില്‍ അശോക്ജിക്കുവേണ്ടിയായിരുന്നെങ്കില്, മറുവശത്തുകൂടി ജനങ്ങള്‍ പ്രവേശിച്ചുകൊണ്ടിരുന്നു. ലീഡര്‍ ആണല്ലോ ആദ്യം പ്രവേശിക്കേണ്ടത്. അശോക്ജി ആത്മത്യാഗത്തിനായി എപ്പോഴും തയ്യാറായിരുന്നു. അദ്ദേഹം ഏറ്റവും മുന്നില്‍ നിന്നുകൊണ്ട് ജനങ്ങളെ നയിക്കുമായിരുന്നു.
അപ്പോള്‍ അദ്ദേഹമെങ്ങനെ അവിടെയെത്തി? അദ്ദേഹമാദ്യം പ്രയാഗ്രാജിലെത്തുകയും അവിടെനിന്ന് ചെറിയൊരു വണ്ടിയില്‍ക്കയറി മുന്നേറുകയും ചെയ്തു. സുല്‍ത്താന്‍പൂരിലെ ജില്ലാപ്രചാരകന്‍ രാംദയാല്‍ജി ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബം അയോദ്ധ്യയിലായിരുന്നു താമസിച്ചിരുന്നത്. രാംദയാല്‍ജി ഇന്ന് ജീവിച്ചിരിപ്പില്ല. രാംദയാല്‍ജി മോട്ടോര്സൈക്കിളോടിക്കുകയും പിന്നില്‍ അശോക്ജി ഇരിക്കുകയും ചെയ്തു. ഇന്ന് അയോദ്ധ്യയിലുള്ള ബൈപാസിന് വേണ്ടി അന്ന് അടയാളപ്പെടുത്തിവെച്ചിരിക്കുന്ന സമയമായിരുന്നു. പുതിയ റോഡിന് വേണ്ടി എല്ലായിടത്തും മണ്ണിടുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ പോലീസ് ചെക്കിങ് നടക്കുന്നുണ്ട്. പോലീസ് ചെക്ക് ചെയ്യുമ്പോള്‍ പറയും, ഞങ്ങള്‍ അസ്ഥിനിമജ്ജനത്തിനായി പോവുകയാണ്; അപ്പോള്‍ പോലീസുകാര്‍ പോകാനനുവദിക്കും. ഇത്തരത്തില്‍ മൂന്നു ദിവസം മുന്നേതന്നെ അശോക്ജി അയോദ്ധ്യയില്‍ പ്രവേശിച്ചിരുന്നു. അന്ന് മൂന്ന് ദിവസം അശോക്ജി താമസിച്ച കെട്ടിടം ഇന്നും അവിടുണ്ട്. ഇത് 1990 ലെ കാര്യമാണ്. 1992-ല്‍ തര്‍ക്ക മന്ദിരം തകര്‍ന്നുവീണതിനു ശേഷമാണ് അദ്ദേഹം എവിടെയാണ് താമസിച്ചിരുന്നതെന്ന് പോലീസിന് മനസ്സിലായത്.
- ഗുജറാത്തിലെ ഗോധ്രയിലും അയോദ്ധ്യയിലും കര്‍സേവകര്‍ ബലിദാനികളായി. ഗോധ്രയും അയോദ്ധ്യയും അങ്ങെങ്ങനെ ഓര്‍ത്തെടുക്കുന്നു?
ഹിന്ദുസ്ഥാനിലെ ലക്ഷക്കണക്കിനാളുകള്‍ ‘ശ്രീറാം ജയ് റാം ജയ് ജയ് റാം’ എന്ന വിജയമന്ത്രം 13 പ്രാവശ്യം ജപിക്കണമെന്ന് അശോക്ജി ചിന്തിച്ചു. ഈ വിജയമന്ത്രം രാംദാസിന്റേതാണ്. അശോക്ജി രാജ്യത്തെ മുഴുവന്‍ യൂണിറ്റുകളാക്കി തിരിക്കാന്‍ പറഞ്ഞു. അതില്‍ ഓരോ യൂണിറ്റിലും 13 കോടി പ്രാവശ്യം മന്ത്രം ഉച്ചാരണം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് 2001 ലെ സംഭവമാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് മോഹന്‍ ഭാഗവത് 2001-ന്റെ ആദ്യത്തില്‍ അയോദ്ധ്യയിലെത്തിയപ്പോള്‍ ഞങ്ങളദ്ദേഹത്തിന് തുളസിമാല നല്കുകയുണ്ടായി. അദ്ദേഹം ആ മാലയില്‍ ‘ശ്രീ റാം ജയ ജയ റാം’ ജപിക്കാന്‍ ആരംഭിച്ചു. ഒരു ദിവസം നിശ്ചയിക്കപ്പെട്ടു. ആ ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകള്‍ മന്ത്രത്തിന്റെ ശക്തി ആര്‍ജ്ജിച്ചെടുത്തു.
2002-ല്‍ അയോദ്ധ്യയില്‍ ഏഴ് ദിവസം ഒരു അനുഷ്ഠാനം നടത്താന്‍ തീരുമാനിച്ചു. ഇത് ആരംഭിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിലാണ് ഗുജറാത്തുകാര്‍ അയോദ്ധ്യയില്‍ നിന്ന് സബര്‍മതി എക്സ്പ്രസ്സില്‍ തിരിച്ചുപോകുമ്പോള്‍ ഗോധ്ര സ്റ്റേഷനില്‍ ആക്രമണമുണ്ടായത്. അതിന്റെ പ്രതിഫലനം ഗുജറാത്തില്‍ എത്തരത്തിലാണുണ്ടായതെന്ന് പറയേണ്ടതില്ല. അശോക് ജി പറഞ്ഞ ‘ശ്രീ റാം ജയ് റാം ജയ് ജയ് റാം’ മന്ത്രത്തിന്റെ ശക്തിയുടെ പരിണാമം എന്ന നിലയില്‍ ആ ഒരു മന്ത്രം മുഴുവന്‍ ഹിന്ദുസ്ഥാനിലും എത്തിച്ചേര്‍ന്നു.
- പാഞ്ചാല്‍ എന്നയാള്‍ ബോഗി 56-ല്‍ ആയിരുന്നു. 58 കത്തിക്കരിഞ്ഞ ശവങ്ങള്‍ക്കൊപ്പം അദ്ദേഹം ജീവനോടെ രക്ഷപ്പെട്ടു. ഇന്നുവരെ അദ്ദേഹത്തിന് ആ സംഭവത്തില്‍ നിന്നു മോചിതനാവാനായിട്ടില്ല. കര്‍സേവകര്‍ ബലിദാനികളായി; ഇപ്പോള്‍ ക്ഷേത്ര നിര്‍മ്മാണം നടക്കുകയും ചെയ്യുന്നു. എന്നാല്‍ ആ ബലിദാനികളുടെ സ്മരണ എങ്ങനെ നിലനിര്‍ത്തും?
ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഹിന്ദുസ്ഥാനില്‍ ബലിദാനം നല്കുന്ന പരമ്പര കാലങ്ങളായിട്ടുള്ളതാണ്. ഭാരതത്തില്‍ സൈനികര്‍ ബലിദാനം നല്‍കുകയും, സൈന്യം യശസ്സുയര്‍ത്തിയതിന്റെ സ്മാരകങ്ങള്‍ ഉയരുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കാറുണ്ട്. കല്‍ക്കത്തയിലെ രണ്ട് സഹോദരങ്ങള്‍ ബലിദാനികളായി. രാജസ്ഥാനിലെ പ്രൊഫ. മഹേന്ദ്ര അരോഡാ ദിഗംബര അഘാഡയുടെ മുന്നിലൂടെ നേതൃത്വം നല്‍കിക്കൊണ്ട് വന്നുപൊയ്ക്കൊണ്ടിരുന്നു. മുന്നില്‍നിന്ന് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വെടിയുണ്ട പാഞ്ഞുകയറി. അദ്ദേഹത്തോടൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. പുതുതായി വിവാഹം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ, അയാളും മരിച്ചു. വാസുദേവ ഗുപ്ത, രാജേന്ദ്ര ഘടാഗ് തുടങ്ങി പലരുമുണ്ട്.
രാമക്ഷേത്രത്തിന്റെ വിഷയം പഴയതാണെന്ന് കുറച്ചുപേര്‍ പറയുന്നു. അത്തരക്കാരില്‍ ഐക്യമോ ആദ്ധ്യാത്മികതയോ ഭാവനാത്മകതയോ ഉണ്ടാക്കിയെടുക്കാനാവില്ല. ശിലാപൂജയുടെ സമയത്തെ കാര്യങ്ങളും ഓര്‍മ്മയുണ്ട്. നിധിസമര്പ്പണയജ്ഞവും ഉണ്ടായിരുന്നു. രണ്ടിനുമിടയിലുള്ള ഭക്തിയെ എങ്ങനെ നോക്കിക്കാണുന്നു? രാമന് ഈ രാജ്യത്തെ സ്ഥാനമെന്താണ്?
അഗ്നി ഒളിച്ചിരിക്കും; പലപ്പോഴുമത് ചാരം മൂടിക്കിടക്കും. ഹിന്ദുസമൂഹവും ഇത്തരത്തിലാണ്. ഇന്ന സമയത്ത് ജാഗരണം നടക്കുമെന്നോ ഇന്ന സമയത്ത് കുറയുമെന്നോ എന്നൊന്നുമില്ല. ജാഗരണം ഉത്തരോത്തരം വര്‍ദ്ധിക്കുന്നു. 1992-നു ശേഷം 2019. ഇത്രയും വര്‍ഷത്തെ കോടതി വ്യവഹാരങ്ങള്‍മൂലം രാജ്യത്ത് സംഭ്രമവും ഇരുട്ടും അവിശ്വാസവും ഉണ്ടാകാന്‍ തുടങ്ങി. 1992 അത്തരത്തില്‍ ഒരു വലിയ പൊതുജനപ്രക്ഷോഭം ഉണ്ടായിട്ടില്ല.
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഒരുലക്ഷംകോടിരൂപ വന്നാല്‍ ഐശ്വര്യമുണ്ടെന്ന് ഞാന്‍ കരുതി. സമൂഹത്തില്‍ ഉത്സാഹം വളരുകയും 10 കോടിയിലധികം ജനങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. അതിനാലാണ് ഞാന്‍ പറയുന്നത് ഈ ക്ഷേത്രം രാഷ്ട്രത്തിന്റെ ക്ഷേത്രമാണ്. ഇത് വ്യക്തികളുടെയോ സമൂഹത്തിന്റെയോ അല്ല. ചുരുങ്ങിയത് 5 ലക്ഷം ഗ്രാമങ്ങള്‍, കോളനികള്‍, വലിയ പട്ടണങ്ങള്‍. ഒരു ഭാഷയോ ജാതിയോ പ്രദേശമോ വിടാതെ എല്ലാവരുടെയും സമര്‍പ്പണമുണ്ട്. ഇത് സമൂഹത്തിന്റെ ജാഗരണത്തിന്റെ പരിണാമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: