ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതില്‍ രാജ്യവ്യാപകമായി ബിജെപി ഇന്ന് പ്രതിഷേധിക്കും. പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തിന് എതിരെയാണ് പ്രതിഷേധം. പാക്കിസ്ഥാനിലെ അരാജകത്വം, നിയമ ലംഘനങ്ങള്‍ എന്നിവയില്‍ നിന്നും ലോകശ്രദ്ധ തിരിച്ചുപിടിക്കുന്നതിനായാണ് അവര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ബിജെപി നേതൃത്വം വിമര്‍ശിച്ചു.
പാക്കിസ്ഥാനിലെ നേതാക്കള്‍ മാനസികമായി പാപ്പരാണെന്ന് തെളിയിക്കുന്നതാണ് ബിലാവലിന്റെ പ്രസ്താവന. അദ്ദേഹത്തിനും രാഹുല്‍ ഗാന്ധിക്കും ഒരേ ഭാഷയാണ്. രണ്ടുപേര്‍ക്കും ഇന്ത്യാ വിരുദ്ധ നിലപാടാണെന്നും ബിജെപി വക്താവ് അമിത് മാളവ്യ വിമര്‍ശിച്ചു. ബിലാവലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നേതാക്കളെ പങ്കെടുപ്പിച്ച് ബിജെപി കോലങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കും.
ഇപ്പോള്‍ പാക്കിസ്ഥാന് നേരിടുന്ന തകര്‍ച്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ബിലാവലിന്റെ ശ്രമം. പ്രധാനമന്ത്രിക്കെതിരായ ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു. ബിലാവലിന്റേത് പോലുള്ള പരമാര്‍ശങ്ങള്‍ക്ക് മോദിയുടെ പ്രതിഛായയില്‍ മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും പ്രതികരിച്ചു.
നരേന്ദ്രമോദി മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്. ഭീകരവാദം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ ഈ പരാമര്‍ശം. എന്നാല്‍ ബംഗ്ലാദേശില്‍ പാക്കിസ്ഥാന് നടത്തിയ വംശഹത്യയാണ് 1971ല്‍ ഇതേ ദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുത്. പാക്കിസ്ഥാന് കൂടുതല്‍ താഴ്ചയിലേക്ക് പോകുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും, ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാനെ ലോകത്തിന് അറിയാമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: