ഡോ. സി. രാമചന്ദ്രന്
(അഖിലകേരള ജ്യോതിഷ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.ജി.കൈമള്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എന്നീ പദവികളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ലേഖകന്‍)
ഇലന്തൂര്‍ നരബലി എന്ന നടുക്കുന്ന സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞതോടെ രാഷ്ട്രീയപാര്‍ട്ടികളും പല സാമൂഹ്യ സംഘടനകളും അന്ധവിശ്വാസനിരോധന ബില്ലിന്റെ നക്കല്‍ പൊടി തട്ടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. സമൂഹത്തിനു ദോഷകരമായി ഭവിക്കുന്ന സര്‍വ അന്ധവിശ്വാസങ്ങളും ഇല്ലായ്മ ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. അതിനോട് യോജിക്കാത്തവര്‍ ആരും കാണുകയില്ല. എന്നാല്‍ ഇതുയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ക്ക് നാം യുക്തിസഹവും പ്രായോഗികവുമായ ഉത്തരങ്ങള്‍ കൂടി കണ്ടത്തേണ്ടതായിട്ടുണ്ട്. നരബലി, മന്ത്രവാദത്തിന്റെ വികൃതമായ ക്രൂരതകള്‍ തുടങ്ങിയവയെല്ലാം ഇന്നു നിലവിലുള്ള വകുപ്പുകള്‍ (Indian Penal code, Anti Superstition and Black Majic Act,Criminal Procedure Code, Evidence Act) പ്രകാരമാണല്ലോ ഇപ്പോള്‍ കൈകാര്യം ചെയ്യപ്പെടുന്നത്. അന്വേഷണത്തിലെ ശാസ്ത്രീയതയും കൃത്യതയും ആത്മാര്‍ഥതയും ചോര്‍ന്നു പോകാതെ കൈകാര്യം ചെയ്യപ്പെടുന്ന കേസുകളെല്ലാം ശിക്ഷയില്ത്തന്നെയാണ് പര്യവസാനിക്കുന്നത്. അതിനാല്‍ നിലവിലുള്ള നിയമങ്ങള്‍കൊണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യാവുന്ന കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ഒരു പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ആവശ്യകത അത്ര ലളിതമല്ല. ഉദാഹരണത്തിന് 2011ല്‍ കെ.ഡി.പ്രസന്നന് എംഎല്‍എ സ്വകാര്യ ബില്ലായി അവതരിപ്പിക്കാന്‍ നിയമസഭാസെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ച ഡ്രാഫ്റ്റ് നോക്കിയാല്‍ മതി. അബദ്ധങ്ങളും അസംബന്ധങ്ങളും നിറഞ്ഞ ഒന്നാണത്. വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും വേര്‍തിരിക്കുന്നതില്‍ പോലും യാതൊരു കൃത്യതയുമില്ല. ചില പ്രത്യേക വിഭാഗങ്ങളെ ഉന്നം വയ്ക്കലാണോ അതിന്റെ ഗൂഢോദ്ദേശമെന്നുവരെ സംശയിക്കാവുന്നതാണ് അതിലെ പല നിര്‍വചനങ്ങളും.
ഏതു ശാസ്ത്രത്തിന്റെയും പ്രയോഗത്തില്‍ വരുന്ന പാളിച്ചകള്‍ അവയുടെ യഥാര്‍ത്ഥ ഉദ്ദേശങ്ങളെ തെറ്റിദ്ധരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കും. നമ്മുടെ അര്‍ത്ഥപൂര്‍ണ്ണവും ധര്‍മ്മാധിഷ്ഠിതവുമായ ശാസ്ത്രങ്ങളുടെയും അവസ്ഥ നോക്കു. അവയുടെ ദുരുപയോഗം നമ്മുടെ ഉദാത്തമായ പൂര്‍വ സംസ്കൃതിയെത്തന്നെ ജനമനസ്സുകളില്‍ വികലമാക്കാന്‍ പര്യാപ്തമാകുന്നു. ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സന്തുലനം നിലനിര്‍ത്തുന്നത് സൗരയൂഥത്തിലെ സൂര്യനും ഗ്രഹങ്ങളും ചേര്‍ന്നുള്ള നിയതമായ സഞ്ചാരക്രമങ്ങള്‍ ആണെന്ന് ഭൗതിക ശാസ്ത്രം തന്നെയാണ് വിലയിരുത്തുന്നത്. ഇതിന്റെ അനുരണനങ്ങള്‍ വ്യക്തികളുടെയും ജീവജാലങ്ങളുടെയും വിധിയും അനുഭവങ്ങളുമായി കെട്ടു പിണഞ്ഞുകിടക്കുന്നു. ഇതു തന്നെയാണ് ആധുനിക മനഃശാസ്ത്രം എത്തിച്ചേരുന്ന സ്ക്രിപ്റ്റ് തിയറിയുടെ തുടക്കം. ഭൗതികശാസ്ത്രം (മെഡിക്കല്‍ സയന്‍സ് ഉള്‍പ്പടെ) പ്രായോഗികമായി വികസിച്ചിട്ടില്ലാത്ത സമയത്ത് ഇത്തരം പ്രാപഞ്ചിക പ്രതിഭാസങ്ങളെ ആശ്രയിച്ചായിരുന്നു മനുഷ്യന് ജീവിച്ചിരുന്നത്. ഭൗതികശാസ്ത്രത്തിന് എത്തിപ്പറ്റാന്‍ ഇന്നും കഴിഞ്ഞിട്ടില്ലാത്ത, എന്നാല്‍ യഥാതഥം തന്നെയെന്ന് അനുഭവിച്ചറിയാന്‍ കഴിയുന്നതുമായ ഒട്ടേറെ വസ്തുതകള്‍ ഇന്നും നില നില്‍ക്കുന്നുണ്ട്. ഇവയെ കൃത്യതയോടുകൂടി വിലയിരുത്തി, വിശകലനം ചെയ്ത് യുക്തിസഹമായി മുന്നറിയിപ്പുകള്‍ വേണ്ട സമയത്ത് നല്‍കുകയും ചെയ്യുന്ന രീതിയെ വരെ ദോഷകരമായി ബാധിക്കുന്ന ഒരു അധിക നിയമം ഇപ്പോള്‍ ആവശ്യമുണ്ടോ എന്നു നാം ചിന്തിക്കണം. ഇതു മാത്രമല്ല, ശാസ്ത്രജ്ഞാനമില്ലാത്തവര്ക്ക് ഈ വക കാര്യങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരങ്ങള്‍ കൂടി കൊടുത്താല്‍ എന്തായിരിക്കും അവസ്ഥ
മസ്തിഷ്ക പ്രക്ഷാളനം ഇന്നു നാം നേരിടുന്ന ഒരു സാമൂഹ്യ വെല്ലുവിളിയാണ്. കക്ഷി രാഷ്ട്രീയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുന്നവരെക്കുറിച്ച് അനുയായികളുടെ മനസ്സില്‍ വിഷലിപ്തചിന്തകളും പ്രേരണകളും കുത്തിനിറച്ചല്ലേ പല രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങേറുന്നത്. ഭീകരവാദങ്ങളും തീവ്രവാദങ്ങളും ഇത്തരത്തിലുള്ള പരിശീലനങ്ങളുടെയും പ്രയോഗങ്ങളുടെയും ഫലമല്ലേ. അങ്ങനെ എത്രയെത്ര ക്രിമിനല്‍ സംഭവങ്ങള്‍ ഉണ്ടാകുന്നു. നിര്‍ദ്ദോഷികള്‍ക്കു ജീവന് നഷ്ടമാകുന്നു. അതേപോലെ രോഗങ്ങള്‍ക്കുള്ള ധ്യാന ചികിത്സകള്‍. ഉന്മാദത്തിന്റെ അതിര്‍വരമ്പുകളില്‍ ചാഞ്ചാടുന്ന മനസ്സുകളെയല്ലേ ധ്യാനകേന്ദ്രങ്ങളില്‍ (മതങ്ങള്‍ക്കതീതമായി) തുള്ളിക്കളിപ്പിച്ച് പലപ്പോഴും പൂര്‍ണ്ണ ഉന്മാദികളാക്കി മാറ്റുന്നത്. വിദ്വേഷ പ്രസംഗങ്ങളും ഗൂഢാലോചനകളും നടത്തുന്നതിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാമെങ്കില്‍ അതേ നിയമങ്ങള്‍ ഇവിടെയും ബാധകമാക്കിക്കൂടേ.
ആധുനിക മാനേജ്മെന്റ് തിയറികളെല്ലാം വ്യക്തികളുടെ ചിന്തകളെ അനുലോമമായി മാറ്റിമറിച്ച് ക്രിയാത്മകത വര്‍ദ്ധിപ്പിക്കുന്നതിലാണ് ഊന്നല്‍ നല്‍കുന്നത്. അങ്ങനെയാണ് കുടുംബ ബന്ധങ്ങളിലെയും തൊഴില്‍ രംഗങ്ങളിലെയും ക്ഷമത വര്‍ദ്ധിപ്പിക്കുന്നത്. അത്തരം സംരംഭങ്ങളുടെ(മതപരമെന്നു വ്യാഖ്യാനിക്കാവുന്ന) വികൃതമായ ചില അനുകരണങ്ങളാണ് അശാസ്ത്രീയമായ താഡന പീഡന രോഗ ശാന്തി രീതികളില്‍ കലാശിക്കുന്നത്. അതിനു മതപരമായ ചില പരിവേഷങ്ങള്‍ നല്കി (കാര്യം മനസ്സിലാക്കിയും അല്ലാതെയും) പലരും സ്വയം സംരക്ഷണത്തിനും എതിരാളികളെ നശിപ്പിക്കാനും ഉപയോഗിക്കുന്നു. സാമ്പ്രദായിക ശാസ്ത്രങ്ങളുടെ പട്ടികയില്‍ വരുന്ന മന്ത്രവാദ ആഭിചാര കപട ധ്യാന കേന്ദ്രങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ നിലവിലെ നിയമങ്ങള്‍ തന്നെ ധാരാളം മതി. പക്ഷേ അവയെല്ലാം നടപ്പാക്കുമ്പോള്‍ ഭരണകൂടങ്ങളും കക്ഷിരാഷ്ട്രീയ വിശാരദന്മാരും നല്കുന്ന ജാതി മത വോട്ടു ബാങ്കുപരിഗണനകളാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കാരണം.
പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ജീവിത ശൈലികള്‍ പ്രോത്സാഹിപ്പിക്കുന്ന ഈ സമയത്ത് ജ്യോതിശാസ്ത്രം, വാസ്തുശാസ്ത്രം, തന്ത്രശാസ്ത്രം തുടങ്ങിയവകളിലെ ക്രിയാത്മകമായ സമസ്യകളും നിയമങ്ങളും നിരുത്സാഹപ്പെടുത്തുന്നതിനു പകരം ഏതു ശാസ്ത്രത്തിന്റെ പേരിലായാലും നടമാടുന്ന പരിധിലംഘനങ്ങളെ കൃത്യതയോടെ നിലവിലെ നിയമങ്ങള്‍ അനുസരിച്ചു തന്നെ നേരിടുന്നതല്ലേ അഭികാമ്യം. ഏതു തിയറിയിലേയും കാപട്യം തുറന്നു കാട്ടണമെങ്കില്, നെല്ലും പതിരും തിരിച്ചറിയണമെങ്കില്‍ അതിനെക്കുറിച്ച് വിശദമായ അറിവു വേണം. ആ അറിവ്, അംഗീകരിക്കണമെന്ന നിര്‍ബന്ധത്തിന്റെ അളവുകോലല്ല, മറിച്ച് അംഗീകരിക്ക ണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഉപകരണമാണ്. ജ്യോതിശാസ്ത്രമോ, ജ്യോതിഷമോ മറ്റു സാമ്പ്രദായികശാസ്ത്രങ്ങളോ അവയുടെ സത്തയോ കൃത്യമായി അറിയാതെയോ അറിയാന്‍ ശ്രമിക്കാതെയോ രൂപപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ക്ക് വിശ്വാസ്യത കുറയും. അങ്ങനെ ഫോര്‍മുലേറ്റു ചെയ്യുന്ന നിയമങ്ങള്‍ ഉദ്ദിഷ്ടഫലങ്ങള്‍ ചെയ്യണമെന്നില്ല. അതിനാല്‍ ഇത്തരം വിഷയങ്ങള്‍ കൂടി പഠിപ്പിച്ച് (കരിക്കുലത്തില്പ്പെടുത്തിയാല്ക്കൂടി) ശരി തെറ്റുകള്‍ തിരിച്ചറിയാന്‍ തലമുറകളെ പ്രാപ്തരാക്കണം. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു വാദിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ അത്തരം അറിവുകള്‍ ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നില്ലല്ലോ. സ്വന്തം പ്രത്യയശാസ്ത്രത്തിനെതിരായ പുസ്തകങ്ങള്‍ തുറന്നു നോക്കുന്നതിനു പോലും നിരോധനം ഏര്‍പ്പെടുത്തി അറിവിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നത് ശരിയല്ല. അറിയുക, വീണ്ടും വീണ്ടും അിറയുക, അതിനു ശേഷം വേണം അതു തിരസ്ക്കരിക്കണമോ അംഗീകരിക്കണമോ എന്നുതീരുമാനിക്കാന്‍. അതിനാല്‍ ഈ വക വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ആദ്യം വേണ്ടത്.
ഇലന്തൂര്‍ സംഭവത്തിലെ മുഖ്യപ്രതി ഒരു Habitual criminal ആണെന്നു തെളിഞ്ഞു കഴിഞ്ഞു. അതായത്, ഭീകര ക്യാമ്പുകളില്‍ പ്രൊഫഷണല്‍ പരിശീലനം ലഭിച്ചതിനു സമാനമായ മനോനില ഉള്ളവന്. ഇവറ്റകളെ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം ഒരു അന്ധവിശ്വാസ വിരുദ്ധ നിയമം തട്ടിക്കൂട്ടിയാല്‍ ഒരു പക്ഷേ അത് ഭീകരവാദികള്‍ക്ക് മറയാകാന്‍ നല്ലതുപോലെ ഉപകരിക്കും. അതിനാല്‍ നിലവിലുള്ള നിയമങ്ങളെ ശക്തിപ്പെടുത്തി നേരായി നടപ്പാക്കി പരിഹരിക്കാവുന്ന ഒരു പ്രശ്നം അനാവശ്യമായി സങ്കീര്‍ണ്ണമാക്കി സമൂഹ ത്തില്‍ വിഭാഗീയതയുടെ വിത്തുകള്‍ മുളയ്ക്കാന്‍ കാരണമാക്കാതിരിക്കയല്ലേ നല്ലത്. ഇനി അഥവാ ഇങ്ങനെ ഒരു നിയമനിര്‍മ്മാണം നടത്തുന്നെങ്കില്ത്തന്നെ, സമൂഹത്തിലെ പ്രായോഗിക ബുദ്ധിയും, ജ്ഞാനവും, സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു കമ്മിറ്റിയെക്കൊണ്ടു കുടി പരിശോധിപ്പിച്ച് ക്രിയാത്മകമായി മുന്നോട്ടു പോകുന്നതാകും ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: