ഖത്തര്‍ : നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍. സെമിയില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഇരു പകുതിയിലും ഫ്രഞ്ച് പടയുടെ ആധിപത്യപായിരുന്നു കണ്ടത്. ആദ്യ പകുതിയിലെ അഞ്ചാം മിനിറ്റില്‍ പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസ് ഗോള്‍ നേടി. ലോകകപ്പിലെ വേഗതയേറിയ രണ്ടാം ഗോളായിരുന്നു ഇത്. 1958ല്‍ ഫ്രാന്‍സിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടില്‍ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്.ഈലോകകപ്പില്‍ മൊറോക്കോ എതിര്‍ടീമില്‍ നിന്നും വഴങ്ങുന്ന ആദ്യ ഗോളായിരുന്നു അത്. കനഡക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ വീണ സെല്‍ഫ് ഗോള്‍ മാത്രമായിരുന്നു ഇതുവരെ മൊറോക്കോ വലകിലുക്കിയത്
രണ്ടാം പകുതിയിലെ 79 -ാം മിനിറ്റില്‍ റാന്‍ടല്‍ കോളോ മുവാനി രണ്ടാം ഗോള്‍ അടിച്ചു.
ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന ചരിത്രമെഴുതാനുള്ള മൊറോക്കോയുടെ സ്വപ്നത്തിനു മുകളില്‍ കളി തുടങ്ങിയപ്പോള്‍ തന്നെ ഇരുള് വീണു. കളിതുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് മുന്നിലെത്തി. റാഫേല്‍ വരാന്‍ നല്കിയ ത്രൂ ബോള്‍ സ്വീകരിച്ച് അന്റോയ്ന്‍ ഗ്രീസ്മാന് കിലിയന്‍ എംബാപ്പെയ്ക്ക് നല്കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. എംബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ചത് ഹെര്‍ണാണ്ടസ് ഒരു കിടിലന്‍ വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ ഇരു ടീമകളും ആക്രമണ ഫുട്ബോള്‍ തന്നെ പുറത്തെടുത്തു. 17ാം മിനിറ്റില്‍ മൊറോക്കന്‍ പ്രതിരോധം തുളച്ച് ഓടിക്കയറിയ ഒലിവര്‍ ജിറൂഡിന്റെ കിക്ക് വലതുപോസ്റ്റിലിടിച്ച് മടങ്ങി. 35ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പേയുടെ അതിവേഗത്തിലുള്ള റണ്‍ മൊറോക്കന്‍ ഡിഫന്‍സില്‍ തട്ടിത്തെറിച്ചപ്പോള്‍ വീണുകിട്ടിയ പന്ത് ജിറൂഡ് പുറത്തേക്കടിച്ച് പാഴാക്കി.44ാം മിനിറ്റില്‍ മൊറോക്കോയുടെ എല്‍ യാമിഖ് ബോക്സിനുള്ളില്‍ നിന്നും തൊടുത്ത ബൈസിക്കികള്‍ കിക്ക് ഫ്രഞ്ച് പോസ്റ്റിലിടിച്ച് തെറിച്ചു.രണ്ടാം പകുതിയില്‍ ഇരട്ടിവീര്യവുമായി കുതിച്ചുകയറുന്ന മൊറോക്കോയെയാണ് കണ്ടത്. മിന്നല്‍ പിണര്‍ കണക്കേ പാഞ്ഞുകയറിയ മൊറോക്കോ വശങ്ങളിലൂടെ ഫ്രാന്‍സിനെ വിറപ്പിച്ചു.നിരന്തര ആക്രമണങ്ങളിലൂടെ മൊറോക്കോ കളം നിറഞ്ഞെങ്കിലും ഫ്രഞ്ച് ഗോള്‍മുഖത്തേക്ക് മൂര്‍ച്ചയുള്ള ഷോട്ടുകളുതിര്ക്കാനായില്ല.
ഒറ്റഗോള്‍ ജയവുമായി ഫ്രാന്‍സ് ഫൈനലിലെത്തുമെന്ന് കരുതിയിരിക്കുമ്പോഴാണ് എഴുപത്തിയൊന്‍പതാം മിനിറ്റില്‍ പകരക്കാരന് റന്‍ഡല്‍ കോലോ മുവാനി വിജയമുറപ്പിച്ച് രണ്ടാം ഗോള്‍ വലയിലാക്കുന്നത്. മൊറോക്കന്‍ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി എംബാപ്പെ കൊടുത്ത പന്താണ് റന്‍ഡല്‍ കോലോ മുവാനി ആറ് വാര മാത്രം അകലെ നിന്ന് അനായാസം വലയിലേക്ക് തിരിച്ചുവിട്ടത്. ഒസ്മാന്‍ ഡെബല്ലെയക്ക് പകരക്കാരനായി ഇറങ്ങി നാല്പത്തിനാലാം സെക്കന്‍ഡിലാണ് റാന്‍ഡല്‍ തന്റെ കന്നി ലോകകപ്പ് ഗോള്‍ നേടുന്നത്.
ഞായറാഴ്ച ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും.മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ശനിയാഴ്ച്ചയാണ്. മൊറോക്കോ ക്രോയേഷ്യയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: