മുസ്ലീംലീഗ് തന്നെയാണ് വിഷം. മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായം. മുസ്ലീംലീഗ് പിഎഫ്‌ഐ പോലെയോ പിഡിപി പോലെയോ എന്‍ഡിഎഫ് പോലെയോ ഉള്ള തീവ്രമത തീവ്രവാദ സംഘടനയാണെന്ന് ആരും പറയുന്നില്ല. എങ്കിലും പ്രതിപക്ഷത്തിരിക്കുന്ന ഒരുകക്ഷിക്ക് ആരും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ക്ലീന്‍ ചിറ്റ് നല്‍കിയതാണ് അത്ഭുതകരം. ലീഗ് സ്വാഭാവികമായും ആ സര്‍ട്ടിഫിക്കറ്റില്‍ സന്തുഷ്ടി പ്രകടിപ്പിക്കും. ഗോവിന്ദന്‍ അത് മാത്രമല്ല ആദ്യം പറഞ്ഞത്. എല്‍ഡിഎഫിന്റെ വാതില്‍ ആരും കൊട്ടിയടച്ചില്ല എന്നുകൂടി പറഞ്ഞു. പോരെ പൂരം. അത് അപക്വമെന്ന് ബിനോയ് വിശ്വം. മുന്നണി വിപുലീകരണത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. എം.വി.ഗോവിന്ദന്റെ പ്രസ്താവന യുഡിഎഫില്‍ ഐക്യം ശക്തമാക്കിയെന്നും കാനം രാജേന്ദ്രന്‍ പറയുന്നു. യുഡിഎഫിലെ അഭിഭാജ്യഘടകമാണ് മുസ്ലീംലീഗെന്നാണ് ലീഗ് നേതാക്കള്‍ പിന്നീട് പ്രതികരിച്ചത്. ആകെക്കൂടി ഒരു ആശയക്കുഴപ്പവും അവ്യക്തതയും.
മുസ്ലീംലീഗിനെക്കുറിച്ച് അഭിപ്രായം പറയുന്ന ആദ്യ ആളല്ല എം.വി.ഗോവിന്ദന്‍. ലീഗിനെതിരെ അതിശക്തമായി പ്രതികരിച്ച ആളായിരുന്നല്ലൊ ഇഎംഎസ് നമ്പൂതിരിപ്പാടെന്ന് പറയുന്നവരുണ്ട്. ‘ഇഎംഎസ്സോ പോകാന്‍ പറ’ എന്ന മട്ടിലുള്ള പ്രതികരണം ഏതായാലും അസ്സലായി. ഇഎംഎസ് നിന്ന നില്‍പില്‍ നിന്നും കാലുമാറിയതാണ് ചരിത്രം. അദ്യമന്ത്രിസഭയെ പുറത്താക്കിയത് വിമോചനസമരത്തിലൂടെയായിരുന്നല്ലോ. വിമോചനസമരത്തിലെ മുഖ്യകക്ഷി മുസ്ലീംലീഗുമായിരുന്നു. കോണ്‍ഗ്രസും മുസ്ലീംലീഗും പിഎസ്പിയും ചേര്‍ന്ന് മുന്നണി ഉണ്ടാക്കിയപ്പോള്‍ ഉയര്‍ന്ന മുദ്രാവാക്യം കേട്ടിട്ടില്ലെ. ‘മുക്കൂട്ടല്ല മുന്നണിയല്ല, ഒറ്റക്കാണ് കോണ്‍ഗ്രസ്സേ, കൂട്ടികെട്ടിയ മുന്നണി കണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല.’ അന്ന് ചെങ്കൊടി ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത് കൂറ്റനായിരുന്നു. ഇന്ന് ചെങ്കൊടി പലതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒത്തിരിയുണ്ട്.
അന്നത്തെ അവസ്ഥ മാറാന്‍ അധികം കാലം വേണ്ടിവന്നോ? വിമോചനസമരം കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ലീഗിനെ മന്ത്രിസഭയിലെടുത്തില്ലെങ്കിലും സിഎച്ച് മുഹമ്മദ് കോയയെ സ്പീക്കറാക്കി. അതും മുസ്ലീംലീഗില്‍ നിന്നും രാജി എഴുതിവാങ്ങിച്ചശേഷം. മുസ്ലീംലീഗിനോട് കോണ്‍ഗ്രസിന്റെ നിലപാടും അങ്ങിനെയായിരുന്നു. നെഹ്രു തന്നെ ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര എന്നാണല്ലോ. ചത്ത കുതിരയ്‌ക്ക് ജീവന്‍ നല്‍കിയത് സ്പീക്കര്‍ പദവി ലഭിച്ചതോടെയാണ്. ആ കുതിരയെ പടക്കുതിരയാക്കിയത് ഇഎംഎസാണെന്നോര്‍ക്കുമ്പോഴാണ് ഇഎംഎസിനോട് പോകാന്‍ പറ എന്നുചിന്തിച്ചുപോകുന്നത്.
1965 ല്‍ നമ്പൂതിരിപ്പാട് കെപിസിസി പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍ നായര്‍ക്കയച്ച കത്തുണ്ട്. അതില്‍ പറയുന്നതിപ്രകാരം. ‘മുസ്ലീംലീഗ് തനി വര്‍ഗീയ പാര്‍ട്ടിയാണെന്നറിയാമല്ലൊ. ആ പാര്‍ട്ടിയുമായി നിങ്ങള്‍ കൂട്ടുകൂടിയത് ശരിയായില്ല. ആ ശരികേട് താങ്കള്‍ തിരുത്തണം. നിങ്ങള്‍ തിരുത്തിയാല്‍ ഞങ്ങള്‍ കക്ഷിയുമായി കൂട്ടുകൂടുന്ന പ്രശ്‌നമില്ല’ എന്നായിരുന്നു കത്ത്. രണ്ടുവര്‍ഷമെടുത്തില്ല. അപ്പോഴേക്കും നമ്പൂതിരിപ്പാട് കത്തില്‍ പറഞ്ഞ അഭിപ്രായം തൊണ്ടതൊടാതെ വിഴുങ്ങി. ഇഎംഎസിന്റെ രണ്ടാംമന്ത്രിസഭയില്‍ മുഖ്യകക്ഷിയായി മുസ്ലീംലീഗിനും സ്ഥാനം ലഭിച്ചു. മുസ്ലീംലീഗിന്റെ ആവശ്യങ്ങള്‍ ഒന്നൊന്നായി അംഗീകരിച്ചു. അതിലൊന്നാമത്തേതാണ് മലപ്പുറം ജില്ല. പാലക്കാടിന്റെയും കോഴിക്കോടിന്റെയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ വെട്ടിമാറ്റി രൂപീകരിച്ച മലപ്പുറം ജില്ല പഴയ മാപ്പിളസ്ഥാന്‍ വാദത്തിന്റെ ഭാഗമായി. അന്ന് മലപ്പുറം ജില്ല നല്‍കുമ്പോള്‍ ഭാരതീയ ജനസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജില്ല നല്‍കിയാലും ലീഗിനെ വിശ്വസിക്കേണ്ട. അവര്‍ കാലുമാറുമെന്ന്. അത് തന്നെ സംഭവിച്ചു. ജില്ല കിട്ടിയ ഉടനെ കോണ്‍ഗ്രസ്-സിപിഐ-ആര്‍എസ്പി മുന്നണിയില്‍ ചേര്‍ന്ന് ലീഗ് മന്ത്രിസഭയില്‍ വീണ്ടുമെത്തി. അച്യുതമേനോന്‍ മുഖ്യമന്ത്രിയുമായി.
ലീഗിനെ ഇടത് മുന്നണിയില്‍ ചേര്‍ക്കാനൊരുമ്പെടുന്നതിനെ സിപിഐ എതിര്‍ക്കുന്നതില്‍ താത്വികമായി ഒരു ന്യായവുമില്ല. സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി അടിയന്തിരാവസ്ഥയില്‍ അഴിഞ്ഞാടാന്‍ കോണ്‍ഗ്രസിന് വഴിയൊരുക്കിയവരാണല്ലോ സിപിഐ. അന്നതിനെ എതിര്‍ക്കാന്‍ മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്ന് വിളിച്ചുപറയാന്‍ മറ്റാരെക്കാളും മുന്നിലായിരുന്നു ഇഎംഎസ്. അങ്ങിനെയാണ് ഇഎംഎസ്. എന്തുപറഞ്ഞാലും താത്വിക അടിസ്ഥാനമുണ്ടാക്കാന്‍ മിടുക്കനാണദ്ദേഹം. ആ മിടുക്ക് കയ്യില്‍വച്ചാല്‍ മതി എന്ന മട്ടില്‍ തന്നെ എം.വി.ഗോവിന്ദനുമെത്തുമ്പോള്‍ മുന്നേ പറഞ്ഞത് വീണ്ടും ഓര്‍ത്തുപോവുകയാണ് പോവാന്‍പറ ഇഎംഎസിനോടെന്ന്. മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചേരണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ച എം.വി.രാഘവനെതിരെ കേരളമാകെ പ്രചാരണം നടത്താന്‍ നേതൃത്വം നല്‍കിയാലും നമ്പൂതിരിപ്പാടിരുന്നല്ലൊ. വീണ്ടും ലീഗിനെ വര്‍ഗീയ പട്ടം ചാര്‍ത്തി വേട്ടയാടാന്‍ നമ്പൂതിരിപ്പാട് തന്നെ തയ്യാറായി. ഇതിനിടയില്‍ ലീഗില്‍ ഒരു പിളര്‍പ്പുണ്ടായി. അഖിലേന്ത്യാലീഗ് രൂപംകൊണ്ടു. ആ ലീഗുമായി സഖ്യത്തിലേര്‍പ്പെട്ട സിപിഎം അവരുമായി ബന്ധം വിടര്‍ത്തിയത് ഷാബാന കേസിലെ ലീഗ് നിലപാടിനെതിരെ സിപിഎം സ്വീകരിച്ച നിലപാടായിരുന്നു. ‘രണ്ടും കെട്ടും നാലും കെട്ടും, ഇഎംഎസിന്റെ ഓളേം കെട്ടും’ എന്ന മുദ്രവാക്യം ഉയര്‍ന്നത് അന്നാണ്. അന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ആരിഫ് മുഹമ്മദ് ഖാനാണ് കേരളത്തിന്റെ ഗവര്‍ണര്‍. ആ ഗവര്‍ണറുമായി സിപിഎം സര്‍ക്കാര്‍ കൊമ്പുകോര്‍ക്കുന്നതും മുസ്ലീംലീഗിനെ വെള്ളപൂശുന്നതും അതിന്റെ ഭാഗമല്ലേ എന്ന സംശയം ബാക്കി.
അഖിലേന്ത്യാ ലീഗ് മുസ്ലീം ലീഗില്‍ ചേര്‍ന്ന ശേഷം ലീഗിന് വര്‍ഗീയത പോരെന്ന പേരില്‍ സുലൈമാന്‍ സേട്ടു ഉടക്കിപ്പിരിഞ്ഞുണ്ടാക്കിയകക്ഷിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്. നാഷണല്‍ ലീഗിന്റെ തലപ്പത്തിരുന്നുകൊണ്ടാണ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ സുലൈമാന്‍ സേട്ട് ആഹ്വാനം ചെയ്തത്. അതിലൊരു തെറ്റും കാണാത്ത രാഷ്‌ട്രീയ കേരളം ഓര്‍ക്കേണ്ട കാര്യം സിപിഎം ആകക്ഷിയുമായി കൂട്ടുകെട്ടിലാണെന്നാണ്. ഐഎന്‍എല്ലുകാരന്‍ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയിലിരുത്തി മുസ്ലീം ലീഗിനെ വര്‍ഗീയമെന്നു പറയാനൊക്കുമോ? അതുതന്നെയാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞതും. ഇഎംഎസിന്റെ തലതിരിഞ്ഞനിലപാടുതന്നെയാണ് എം.വി.ഗോവിന്ദനുള്ളതെന്ന് സാരം. ‘കുതിര എത്ര തിരിഞ്ഞാലും വാലുപിന്നില്‍ തന്നെ’ എന്നുപറയുന്നതുപോലെ. ബംഗാളില്‍ ചെയ്തതുപോലെ മൂന്നര പതിറ്റാണ്ട് ഭരിക്കാനുള്ള മോഹം. പക്ഷേ ബംഗാളിന്റെ ഇന്നത്തെ അവസ്ഥയിലെത്താന്‍ അത്രയൊന്നും കാക്കേണ്ടിവരില്ലെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: