തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ലത്തീന്‍ അതിരൂപത. വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാനും സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ് സമരം താത്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ സമവായത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ അതിരൂപത പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിച്ചുള്ള ഇടയലേഖനത്തിലാണ് സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം. വിഴിഞ്ഞം സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളില്‍ തൃപ്തിയില്ലെന്നും അതിരൂപതാ അധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനത്തില്‍ പറയുന്നുണ്ട്.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതൊഴികെ സമരസമിതിയുടെ മറ്റ് ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാരിന്റെ വാദം മാത്രമാണ്. ഭാഗികമായ ഉറപ്പ് മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. നവംബര്‍ 26,27 തിയതികളില്‍ വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പുകള്‍ പാലിക്കാത്ത സഹചര്യം ഉണ്ടായാല്‍ സമരം വീണ്ടും ആരംഭിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നുണ്ട്.
പ്രതിഷേധം ഏറെ സജീവമായി നില്‍ക്കുന്നതിനിടെ സമരം പിന്‍വലിച്ചത് സമരക്കാര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും നേരത്തെ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതൃത്വത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. ഇതോടെയാണ് ഇടയലേഖനത്തിലൂടെ അതിരൂപത വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: