സതീഷ് ഗോപി
പത്തു വര്‍ഷം മുന്‍പ് വിദേശ പണവും മറ്റു വിദേശ സഹായങ്ങളും പറ്റിയാണ് തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തി കുറേ രാജ്യവിരുദ്ധര്‍ സമരം ചെയ്തത്. ആ സമരം കണ്ട് ഭയന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നുവെങ്കില്‍ ഇന്ന് കേരളവും തമിഴ്നാടും ഇരുട്ടിലാകുമായിരുന്നു.
കൂടംകുളത്തെ രണ്ട് റിയാക്ടറുകള്‍ ഉല്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയെ വൈദ്യുതി ക്ഷാമത്തില്‍ നിന്ന് രക്ഷിക്കുന്നത്. യൂണിറ്റ് ഒന്നിന് മൂന്നു രൂപയില്‍ താഴെ വിലയ്ക്ക് കിട്ടുന്ന ഈ വൈദ്യുതി വിറ്റ് എല്ലാ വൈദ്യുതി ബോര്‍ഡുകളും ലാഭം കൊയ്യുന്നുമുണ്ട്. കൂടംകുളത്തെ നാല് റിയാക്ടറുകള്‍ കൂടി 2027-ഓടെ സജീവമാകുമ്പോള്‍ കൂടംകുളത്തെ സ്ഥാപിതശേഷി 6000 മെഗാവാട്ടായി ഉയരും.
ഒരു രാജ്യത്തിന്റെ വികസനത്തിന് ആ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു പ്രധാന ഘടകമാകുമ്പോള്‍ രാജ്യത്തിന്റെ വികസനം മുന്നില്‍കണ്ടു തന്നെയാണ് ഭാരതത്തിലെ ഛിദ്രശക്തികളും അവര്‍ക്ക് ശക്തി പകരുന്ന വിദേശകരങ്ങളും കൈകോര്‍ത്ത് കൂടംകുളത്തിനെതിരെ സമരം ചെയ്തതെന്ന് ആര്‍ക്കും മനസ്സിലാകും. അതേപോലെ, ഭാരതത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം മദര്‍ പോര്‍ട്ട് പദ്ധതി രാജ്യത്തിന്റെ വികസനത്തിന്റെ കുതിപ്പേകും എന്ന കാര്യം മനസ്സിലാക്കിത്തന്നെയാണ് കൂടംകുളം പദ്ധതിക്കെതിരെ ഉറഞ്ഞുതുള്ളിയ അതേ ഛിദ്രശക്തികളും വിദേശകരങ്ങളും ഇവിടെ മത്സ്യത്തൊഴിലാളി സമൂഹത്തെ മുന്‍നിര്‍ത്തി വിഴിഞ്ഞം പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹം മൊത്തം ജനസംഖ്യയുടെ 2.4 ശതമാനം മാത്രമാണ്. ആ 2.4% പേരില്‍ വളരെ കുറച്ചു പേര് മാത്രമാണ് പൗരോഹിത്യവൃന്ദത്തിലെ ചിലരുടെ പ്രേരണയാല്‍ വിഴിഞ്ഞത്ത് സമരമുഖത്തുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ ഭൂരിപക്ഷം പേരും നിഷ്പക്ഷരും മനസ്സുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയെ അനുകൂലിക്കുന്നവരുമാണ്. വിഴിഞ്ഞം പദ്ധതി പ്രദേശമായ മുല്ലൂരില്‍ ലത്തീന്‍ കത്തോലിക്കര്‍ ആരുംതന്നെ ഇല്ല എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. മുല്ലൂരിലോ മുല്ലൂരിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തോ മേല്‍പ്പറഞ്ഞ വിഭാഗത്തിലെ ഒരാള്‍പോലും താമസമില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. പിന്നെയെങ്ങനെയാണ് പദ്ധതി വരുമ്പോള്‍ സമരക്കാര്‍ക്ക് ഉപജീവനം നഷ്ടപ്പെടുന്നത്?
വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണം എന്ന പ്രധാന അജണ്ടയോടെ സമരം നടത്തിയവര്‍ക്കെതിരെ രാജ്യ നന്മയ്ക്കായി അണിനിരന്ന ഒരു ജനത വിഴിഞ്ഞം പദ്ധതിപ്രദേശത്തുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകണം എന്ന പ്രാര്‍ത്ഥനയോടെ കര്‍മ്മനിരതരായ ആ ജനതയ്ക്ക് ശാരീരികമായും മാനസികമായും മുറിവേറ്റിട്ടുണ്ട് എന്ന കാര്യം ഒരിക്കലും വിസ്മരിക്കപ്പെടരുത്. സ്വന്തം ഭൂമിയും വീടും തൊഴിലുമൊക്കെ ഒരു ആക്ഷേപവും കൂടാതെ പദ്ധതിക്കായി സമര്‍പ്പിച്ചവരാണവര്‍. (വിഴിഞ്ഞം പദ്ധതിക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തതും ഉപജീവനം നഷ്ടപ്പെട്ടവരും വീട് നഷ്ടപ്പെട്ടവരും മറ്റും മുല്ലൂരിലെ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരാണ്. ഇത് പറയുമ്പോള്‍ വര്ഗീയമായിട്ട് ചിന്തിക്കുന്നു എന്നു കരുതരുത്. വളരെ പ്രാധാന്യമുള്ളതുകൊണ്ടാണ് ഇക്കാര്യം ഇവിടെ സൂചിപ്പിച്ചത്.) വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനനിരതമാവുമ്പോള്‍ തൊഴിലവസരങ്ങളില്‍ ഈ ജനവിഭാഗത്തിന് തീര്‍ച്ചയായും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ 113 ദിവസം വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരക്കാര്‍ക്കെതിരെ വലിയ പ്രതിരോധം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ഇനിയുള്ള എല്ലാ കാര്യത്തിലും ഇവരെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.
ഇന്ത്യയുടെ വികസനത്തെ ഇല്ലായ്മ ചെയ്യുക എന്ന രഹസ്യ അജണ്ടയുടെ ഭാഗമായാണ് പൗരോഹിത്യ വൃന്ദത്തിലെ ചിലര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തി വിഴിഞ്ഞം പദ്ധതിക്കെതിരെ സമരത്തിനിറങ്ങിയത്. അതാണ് പോലീസ് സ്റ്റേഷന് ആക്രമിക്കുക, പോലീസ് വാഹനങ്ങള്‍ തകര്‍ക്കുക, പോലീസുകാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുക, പൊതുജനത്തെ ആക്രമിക്കുക, നാട്ടുകാരെ വീടുകയറി മര്‍ദ്ദിക്കുക എന്നിങ്ങനെ ഒരു കലാപമായി മാറിയത്. ആ കലാപം മുന്‍കൂട്ടികണ്ട് പ്രതിരോധം തീര്‍ക്കാനോ അടിച്ചമര്‍ത്താനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സേനയ്ക്ക് കഴിഞ്ഞില്ല എന്നത് പത്ര ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. അതില്‍ വന്‍വീഴ്ച സംഭവിച്ചു.
ഭാരതത്തിലെ പ്രശസ്തരായ പാരിസ്ഥിതിക ശാസ്ത്ര സമൂഹവും, ഉന്നത കോസ്റ്റല്‍ എഞ്ചിനീയറിങ് വിഭാഗവും, സമുദ്ര എന്‍ജിനീയറിങ്ങിലെ പ്രശസ്തരായ എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും, വളരെ വിശദമായ പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ചര്‍ച്ചകള്‍ക്കും നിഗമനങ്ങള്ക്കുമൊടുവിലാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതും, പദ്ധതിക്കായി 2015ല്‍ കരാര്‍ ഒപ്പിട്ടതും. ഭാരതത്തിലെ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ക്കും കേരളത്തിന്റെ വികസനത്തിനും വാതില്‍ തുറക്കുന്ന വിഴിഞ്ഞം ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതി പൂര്‍ത്തീകരണത്തിന്റെ പാതിവഴി പിന്നിട്ടപ്പോള്‍ അതിനെതിരെ സമരാതിക്രമങ്ങള് ഉണ്ടാകുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതും, ഒരിക്കലും ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. പ്രശ്നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാതെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തീരദേശ വാസികളുടെ വിശ്വാസത്തെയും ക്ഷേമത്തെയും മുന്‍നിര്‍ത്തി, പാതിവഴി പിന്നിട്ട പദ്ധതി കാലവിളംബം കൂടാതെ യാഥാര്‍ത്ഥ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക ചുമതലയാണ്.
വിഴിഞ്ഞം സമരം അവസാനിച്ചതില്‍ രാജ്യത്തിന്റെ വികസനവും സമാധാനവും പ്രതീക്ഷിക്കുന്ന ജനങ്ങള്‍ അതിയായി സന്തോഷിക്കുന്നുണ്ട്. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഈ സന്തോഷം നിലനില്ക്കേണ്ടതാണ്. പക്ഷേ സമരക്കാരുടെ ഇപ്പോഴത്തെ സമവായവും ഒത്തുതീര്‍പ്പും ശാശ്വതമാണെന്ന് കരുതാന്‍ വയ്യ. അടുത്ത മഴയത്ത് വീണ്ടും തീരശോഷണം എന്നുപറഞ്ഞ് ഗൂഢാലോചനക്കാര്‍ കച്ചമുറുക്കി വീണ്ടും രംഗത്ത് വന്നേക്കാം. അതിനാല്‍ ഉടമ്പടികള്‍ വ്യവസ്ഥാപിതമാക്കുകയും തുറമുഖത്തിന്റെ സുരക്ഷ ശക്തമാക്കുകയും വേണം. മത്സ്യത്തൊഴിലാളികള്‍ തെറ്റിദ്ധരിപ്പിക്കപ്പെടരുത്. തുറമുഖത്തിന്റെ ആവശ്യകതയും പ്രാധാന്യവും അത് ആ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന പുരോഗതിയും മാറ്റങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടങ്ങേണ്ടതാണ്. ശാശ്വതമായ സമാധാനം നിലനില്ക്കണമെന്നും സമയബന്ധിതമായി തുറമുഖത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കില്‍, വിഴിഞ്ഞം തുറമുഖ പ്രദേശം സംരക്ഷിത മേഖലയായി വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസേനയെ പദ്ധതി പ്രദേശത്തിന്റെ സുരക്ഷ എത്രയും പെട്ടെന്ന് ഏല്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: