തിരുവല്ല: സമൂഹത്തില്‍ ഏറ്റവും പരിഗണന വേണ്ട സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന അങ്കണവാടി സംവിധാനത്തെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ക്കുന്നു. പുതിയ അങ്കണവാടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ പൂട്ടുന്നതു പരിഗണനയിലാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് അങ്കണവാടികള്‍ വേണ്ടെന്നുവയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി വനവാസി മേഖലകളിലേക്ക് അടക്കം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 203 അങ്കണവാടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു.
പുതിയ വാഹനങ്ങള്‍ വാങ്ങാനും മന്ത്രി മന്ദിരങ്ങള്‍ മോടിയാക്കാനും കോടികള്‍ ചെലവഴിക്കുമ്പോഴാണ് പോഷകാഹാരക്കുറവില്‍ നിന്നും പട്ടിണിയില്‍ നിന്നും കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്ന അങ്കണവാടി സംവിധാനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
രണ്ടായിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നതാണ് നിലവിലെ മാര്‍ഗരേഖ. എന്നാല്‍ വനവാസി, പിന്നാക്ക മേഖലകളില്‍ ഇത് പാലിക്കപ്പെടുന്നില്ല. സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 203 അങ്കണവാടികള്‍ക്ക് അനുമതി നല്കിയത്. പുതിയ അങ്കണവാടികള്‍ വേണ്ടെന്നുവച്ചത് സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ പോഷണ്‍ അഭിയാന്റെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ പോഷകാഹാരക്കുറവു പരിഹരിക്കാന്‍ പദ്ധതി വലിയ ഇടപെടലാണു നടത്തിയത്.
സംസ്ഥാനത്ത് നിലവില്‍ 33,000 അങ്കണവാടികളുണ്ട്. ഇതില്‍ 6400 അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടമില്ല. അടച്ചുറപ്പില്ലാത്ത വാടകക്കെട്ടിടത്തിലുള്ള അങ്കണവാടികള്‍ പൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. പൂട്ടുന്ന അങ്കണവാടിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന സേവനങ്ങള്‍ തൊട്ടടുത്ത അങ്കണവാടികളില്‍ നിന്നു ലഭ്യമാക്കാനാണ് നീക്കം. എന്നാല്‍ ഇതു ജീവനക്കാര്‍ക്ക് അധികഭാരമുണ്ടാക്കും. ഇപ്പോള്‍ത്തന്നെ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അങ്കണവാടി നടത്തിപ്പില്‍ പാലിക്കുന്നില്ല.
25 അങ്കണവാടികള്‍ക്ക് ഒരു ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വേണ്ടതാണ്. എന്നാല്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിന് ഒരു ഐസിഡിഎസ് സൂപ്പര്‍വൈസറാണുള്ളത്. ഇനി മുതല്‍ പുതിയ അങ്കണവാടികള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതിലൂടെ പ്രീ-പ്രൈമറി ടീച്ചര്‍ കോഴ്സ് പാസായി ജോലിക്കു കാത്തിരിക്കുന്നവരുടെ പ്രതീക്ഷയും പൊലിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: