ഇതൊരു പഴങ്കഥയാണ്. ഏതാണ്ട് 17 വര്‍ഷത്തെ പഴക്കമുണ്ട്. ദേശാഭിമാനി ഏജന്റായിരുന്ന ഫസല്‍ ആ ഏജന്‍സിപണി മതിയാക്കി. തേജസ് പത്രത്തിന്റെ ഏജന്റായി. അത്രയേ ഫസല്‍ ചെയ്തുള്ളൂ. വേണമെങ്കില്‍ ഒരു പെറ്റികേസില്‍ ഒതുക്കാം. പക്ഷേ സിപിഎം വിധിച്ചത് വധശിക്ഷ. തലശ്ശേരിയിലാണ് സംഭവം. 2006 ഒക്ടോബര്‍ 22നാണ് ഫസല്‍ വധിക്കപ്പെടുന്നത്. ഫസലിനെ കൊന്നത് ആര്‍എസ്എസുകാരാണെന്ന് സിപിഎം സംഘടിത പ്രചാരണം നടത്തി.
ആര്‍എസ്എസിന് ഒരു ബന്ധവും ഫസല്‍വധവുമായി ഇല്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സിപിഎം ഒടുക്കം കുടുങ്ങി. കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി ബാലകൃഷ്ണനു സംശയം ബലപ്പെട്ടു. കോടിയേരി നേരിട്ട് ബാലകൃഷ്ണനോട് അന്വേഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ബാലകൃഷ്ണനെ വധിക്കാനും ശ്രമം നടത്തി. ഒന്നരവര്‍ഷത്തോളം നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലുമായി. ബാലകൃഷ്ണനെ സസ്പെന്റ് ചെയ്തു. ഒടുക്കം ഫസലിന്റെ ഭാര്യ ആഗ്രഹിച്ച പ്രകാരം അന്വേഷിച്ച സിബിഐ പ്രതികളെ കണ്ടെത്തി പിടികൂടി. കാരായിമാര്‍ ആരെന്നറിയാമല്ലൊ. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘാംഗങ്ങളാണവര്. ഒടുവില്‍ സുബീഷ് എന്നൊരു ആര്‍എസ്എസുകാരനെ പിടികൂടി പോലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി. ഫസലിനെ കൊന്നത് ആര്‍എസ്എസുകാരാണെന്ന മൊഴിയുണ്ടാക്കിയ പോലീസ് അത് സുബീഷിനെക്കൊണ്ട് വായിപ്പിച്ച് കേസ് പുതിയ രൂപത്തില്‍ ആക്കാന്‍ ശ്രമം നടത്തി. അതിലെ വില്ലന്മാര് രണ്ട് ഡിവൈഎസ്പിമാരാണ്. സദാനന്ദനും പ്രിന്‍സ് അബ്രഹാമും.
അതില്‍ സദാനന്ദനെ അടുത്തിടെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. ലക്ഷ്യം ഒന്നുമാത്രം. 4 വര്‍ഷമായി ക്രൈം ബ്രാഞ്ച് ഓഫീസില്‍ പൊടിമൂടിക്കിടക്കുന്ന ഒരു തീവെയ്പ് കേസിന് ജീവന് വയ്പിക്കാന്‍. കുണ്ടമന്‍കടവിലെ സാമിയുടെ ആശ്രമം തീവച്ച കേസാണത്. സദാനന്ദന്റെ ദൗത്യം വിജയിച്ചു. അടുത്തിടെ മരണപ്പെട്ട പ്രകാശനാണ് തീവച്ചതെന്ന് സഹോദരന് പറഞ്ഞതായി കഥയുണ്ടാക്കി. അങ്ങിനെ പരേതനെ പ്രതിയാക്കി സഹോദരന് പ്രശാന്തിനെ മുഖ്യസാക്ഷിയാക്കി കേസ്സുണ്ടാക്കി. സദാനന്ദനെ കണ്ണൂരിലേക്ക് തന്നെ സ്ഥലംമാറ്റി. കണ്ണൂരില്‍ ഇതുപോലെ എത്രയോ കേസുകള്‍ അട്ടിമറിക്കാനുള്ള ചുമതല സദാനന്ദനുണ്ട്. പി. ജയരാജന്റെയും ഇപ്പോള്‍ എം.വിജയരാജന്റെയും ആശ്രിതവത്സലനാണദ്ദേഹം. മഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടയാളും.
കണ്ണൂരിലെ സുബീഷിന്റെ മൊഴിയെന്ന രീതിയില്‍ പോലീസ് പത്രങ്ങള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്ന വിവരങ്ങളില്‍ തന്നെ ഒരുപാട് അവ്യക്തതകളും വൈരുദ്ധ്യങ്ങളും നിലനില്‍ക്കുകയാണ്. ആര്എസ്എസുകാരണ് ഫസല്‍ വധത്തിനു പിന്നിലെന്ന് സുബീഷ് മൊഴി നല്‍കിയെന്ന് പച്ചക്കള്ളം പടച്ചുവിടുന്ന പോലീസ് ഇവര്‍ ആരാണ് എന്നുപോലും വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. സുബീഷ് പോലീസ് ഉദ്യോഗസ്ഥന്മാര് എഴുതി തയ്യാറാക്കിയ ആളുകളുടെ പേരുകള്‍ പറയാന്‍ തയ്യാറായില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ആകെ പറയുന്നത് സുബീഷിന്റെ മൊഴിമുഴുവന് റിക്കാര്‍ഡ് ചെയ്തുവെന്നാണ്. എന്നാല്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം സുബീഷ് പറഞ്ഞതായി പറയുന്ന മൊഴിക്ക് നിയമപരമായി യാതൊരു സാധുതയും ഉണ്ടാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം സൂബീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ആദ്യം മുതല്‍ അവസാനം വരെയുളള രംഗങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടതായി വരും. മാത്രമല്ല, മര്‍ദ്ദനം ഉള്‍പ്പെടെയുളള രംഗങ്ങള്‍ കാണിക്കേണ്ടതായി വരും. ഇതിന് പോലീസ് തയ്യാറായാല്‍ സിപിഎം പോലീസ് നാടകം പൂര്‍ണ്ണമായും തകര്‍ന്നടിയുന്ന കേസാണത്.
തിരുവനന്തപുരം കുണ്ടമണ്‍കടവ് ആശ്രമത്തിന്റെ മുറ്റത്തെ കാറുകള്‍ കത്തിച്ച സംഭവത്തില്‍ രണ്ടാഴ്ച മുമ്പാണ് പ്രശാന്ത് സഹോദരനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മൊഴിനല്‍കിയത്. പോലീസിന്റെ കെട്ടുകഥകള്‍ നുണക്കഥകളായി. ആത്മഹത്യ ചെയ്ത സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് മൊഴി നല്‍കിയത് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് മുഖ്യസാക്ഷി പ്രശാന്ത് കോടതിയില്‍ രഹസ്യ മൊഴി നല്കി. ഇതോടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കാനുള്ള സ്വാമിയുടെയും സിപിഎമ്മിന്റെയും ഗൂഢനീക്കം പൊളിഞ്ഞു. കേസിന്റെ കൂടുതല്‍ അന്വേഷണത്തിന് രഹസ്യമൊഴി നല്കുന്നതിനു വേണ്ടി മജിസ്ട്രേറ്റിനു മുന്നില്‍ മുഖ്യസാക്ഷിയെ ഹാജരാക്കിയതോടെയാണ് പോലീസ് തിരക്കഥ പൊളിഞ്ഞത്. ആത്മഹത്യ ചെയ്ത സഹോദരന് പ്രകാശും കൂട്ടുകാരും ചേര്‍ന്ന് ആശ്രമം കത്തിച്ചുവെന്ന് പ്രശാന്ത് മൊഴി നല്‍കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയത്. പരേതനെ പ്രതിയാക്കി പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. പല്ലുപോയാലും ചെന്നായക്ക് ഇറച്ചിക്കൊതി തീരില്ലെന്ന മട്ടിലാണ് സിപിഎമ്മിന്റെയും പോലീസിന്റെയും പെരുമാറ്റം.
കത്തിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെന്ന് വരുത്തി തീര്‍ത്ത് കൂടുതല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും തുടങ്ങി. പ്രകാശിന്റെ ആത്മഹത്യയിലും ദുരൂഹത ആരോപിച്ചു. നേതാക്കളെ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്യാനും ആലോചന തുടങ്ങി. ഇതിലേക്കായി മുഖ്യ സാക്ഷിയായ പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനുവേണ്ടിയാണ് അഡീ. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. തന്നെ ഭീഷണിപ്പെടുത്തിയാണ് ഇത്തരത്തിലൊരു മൊഴി നല്‍കിയതെന്ന് മജിസ്ട്രേറ്റിനു മുന്നില്‍ പ്രശാന്ത് തുറന്നുപറഞ്ഞു. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സാളഗ്രാമം എന്ന റിസോര്‍ട്ടിന് സമാനമായ ആശ്രമത്തില്‍ തീപിടിച്ചത്. മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. പുലരും മുമ്പേ മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചു. അന്ന് മുതല്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കേസില്‍ പ്രതിയാക്കാനുള്ള നീക്കവും തുടങ്ങി. നിരവധി പേരെ ചോദ്യം ചെയ്തിട്ടും കേസിന് തുമ്പൊന്നും ലഭിച്ചില്ല. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സ്വാമിയെ സഹായിക്കാന്‍ തീരുമാനിക്കുകയും കെട്ടിടം ഔഷധിക്ക് കൈമാറാനും തീരുമാനിച്ചു. തീവയ്പ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടം വിട്ടുനല്‍കുമ്പോള്‍ സ്വാമിക്ക് നേരെ ആരോപണം ഉയരുമെന്നതിനാലാണ് മരവിച്ച് കിടന്ന കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം തുടങ്ങിയത്. പ്രശാന്തിന്റെ മൊഴിമാറ്റത്തിനുപിന്നില്‍ ആര്‍എസ്എസുകാരാണെന്നാണ് ഷിബുസാമി ഇപ്പോഴും പറയുന്നത്. പുതിയ തെളിവുകള്‍ പോലീസിന്റെ കൈയിലുണ്ടെന്നുമാണ് കന്നി സാമിയായ ഷിബു വാര്‍ത്താ ലേഖകരോട് പറയുന്നത്. എന്തുചെയ്യാം. കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. പക്ഷേ ഷിബു കയത്തിന് മുകളിലൂടെ നീന്തുകയാണ്. കരകയറുമോ കയത്തില്‍ മുങ്ങുമോ എന്തോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: