തൃശൂര്‍: അറുപത് വര്‍ഷത്തോളമായി ക്ഷേത്രങ്ങളില്‍ അയ്യപ്പന് വിളക്കുകള്‍ക്ക് മുന്‍നിരയിലുള്ളവരാണ് ‘ബ്രദേഴ്സ് അന്തിക്കാട് ‘ സംഘം. തലമുറകള്‍ മാറി വരുമ്പോഴും ഈ സംഘത്തിന്റെ പേരിനും വിളക്ക് ആഘോഷങ്ങളുടെ ആവേശത്തിനും ഇന്നും ഒട്ടും കുറവ് വന്നിട്ടില്ല. സര്‍ക്കാര്‍ ജോലിക്കാരടക്കം വിവിധ മേഖലയിലുള്ളവരാണ് ബ്രദേഴ്സ് അന്തിക്കാട് എന്ന അയ്യപ്പന് വിളക്ക് സംഘത്തിലുള്ളത്.
ആദ്യകാലത്ത് ആറ്റുപുറത്ത് നാരായണന് നായര്‍, ആറ്റുപുറത്ത് ഉണ്ണികൃഷ്ണന്, വെളുത്താട്ടില്‍ ഭാസ്കരന് നായര്‍, പുറക്കോട്ട് സുബ്രഹ്മണ്യന്, പുറക്കോട്ട് വേലായുധന് നായര്‍ എന്നിവരായിരുന്നു ബ്രദേഴ്സ് അന്തിക്കാടിനെ നയിച്ചിരുന്നത്. നാളിതു വരെയായി 1500 ലധികം സ്ഥലത്ത് അയപ്പന് വിളക്കിന് ഇവര്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇവര്‍ അയ്യപ്പന് വിളക്കുമായി ബന്ധപ്പെട്ട് പങ്കെടുത്തു വരുന്നുണ്ട്. ദല്‍ഹി, മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ മകരവിളക്ക് സമയത്ത് ഇവര്‍ വിളക്കിനായി എത്താറുണ്ട്. ഇപ്പോഴത്തെ സംഘത്തില്‍ 25 പേരാണുള്ളത്. അരുണ്‍കുമാര്‍ ആറ്റുപുറത്താണ് ഇവരുടെ സാരഥിയിപ്പോള്.
ക്ഷേത്രങ്ങളില്‍ അയ്യപ്പന് വിളക്ക് ദിവസം വാഴപ്പിണ്ടി കൊണ്ട് അമ്പലം തയ്യാറാക്കാനുള്ള കാല്‍നാട്ട് കര്‍മ്മാണ് ആദ്യം . അതിന് ശേഷം അമ്പലം നിര്‍മ്മിക്കും. 5 അമ്പലത്തിലായി അയ്യപ്പസ്വാമി, മാളികപ്പുറത്തമ്മ, കൊച്ചു കടുത്ത സ്വാമി, കരുമല സ്വാമി, വാവര് സ്വാമി എന്നിവരെ കുടിയിരുത്തും. 7 അമ്പലമുണ്ടെങ്കില്‍ ഗണപതിക്കും, സുബ്രഹ്മണ്യനും കൂടി ഇടമുണ്ടാകും. വിളക്ക് നടക്കുന്ന സ്ഥലത്തേക്ക് മറ്റ് ഇടങ്ങളില്‍ നിന്നാണ് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഈ സമയം ബ്രദേഴ്സ് അന്തിക്കാടിന്റെ ഉടുക്കു പാട്ടിന്റെ അകമ്പടിയില്‍ കോമരങ്ങള്‍ ഉറഞ്ഞ് തുള്ളും. 14 പേരടങ്ങുന്ന ഇവരുടെ ഇപ്പോഴത്തെ ശാസ്താംപാട്ട് സംഘത്തെ നയിക്കുന്നത് അരുണ്‍കുമാര്‍ ആറ്റുപുറത്ത്, എ.എസ്. രാജന്, ഇ. രമേശന്, രഘു നല്ലയില്‍, കെ.ഡി. പ്രേമന് തുടങ്ങിയവരാണ്. അനീഷ്, ഉണ്ണി തൃത്തല്ലൂര്‍, ഉണ്ണികൃഷ്ണന്, ജിതിന് എന്നിവരാണ് കോമരങ്ങള്‍.
രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പിന് ശേഷം പുലര്‍ച്ചെ 3 മണി വരെ അയ്യപ്പ ചരിതം കഥ ഉടുക്ക് കൊട്ടി പാടും. പാല്‍ക്കിണ്ടി എഴുന്നള്ളിപ്പിന് ശേഷം ‘വെട്ടും തടയും’ കഴിയുന്നതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യ കാലങ്ങളില്‍ അയ്യപ്പന് വിളക്ക് നടത്താനായി ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍ വാഴപ്പിണ്ടി അടക്കമുള്ളവ ഭാരവാഹികള്‍ കരുതിയിട്ടുണ്ടാകും. എന്നാല്‍ കാലം മാറിയതോടെ ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടു വരുന്നതും പരിപാടി കഴിഞ്ഞാല്‍ അമ്പലം പണിതയിടം വൃത്തിയാക്കി കൊടുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ പലയിടത്തും ഇവര്‍ ചെയ്തു കൊടുക്കുന്നുണ്ട്. സാധനങ്ങളെല്ലാം പുറമെ നിന്ന് പണം കൊടുത്താണ് ഇവര്‍ സംഘടിപ്പിക്കുന്നത്. 5 അമ്പലം പണിയണമെങ്കില്‍ 110 പിണ്ടി വേണം. ഒരു വാഴപ്പിണ്ടിക്ക് 120 രൂപ നിരക്കിലാണ് കച്ചവടക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്. കാറളം, തൊട്ടിപ്പാള്‍ തുടങ്ങിയ മേഖലയില്‍ നിന്നാണ് ഇവ എത്തിക്കുന്നത്, കവുങ്ങിന് പൂക്കുലക്ക് 300, കുരുത്തോല 1 പട്ടക്ക് 120, പൂക്കുല 200 എന്നിങ്ങനെയാണ് നല്‍കേണ്ടി വരുന്നത്.
അയ്യപ്പന് വിളക്കുകള്‍ മാത്രമായി നടത്തിയിരുന്ന കാലം പോയതോടെ പലയിടത്തും ആനപ്പൂരവും, പഞ്ചവാദ്യവും എന്നിങ്ങനെ പലതും ഇതോടൊപ്പം നടത്തി വരുന്നുണ്ട്. രാത്രി മുതല്‍ പുലര്‍ച്ചെ വരെയുള്ള ശാസ്താംപാട്ടിന് കാണികളും തീരെയില്ലെന്ന പരിഭവവും ഇവര്‍ക്കുണ്ട്. എങ്കിലും കാലങ്ങളായി പൈതൃകങ്ങളെ ഭക്തിയോടെ കാത്തു സൂക്ഷിക്കാന്‍ ബ്രദേഴ്സ് അന്തിക്കാടിന്റെ സംഘത്തിനൊപ്പം ചേരുന്നവരിലൂടെയാണ് അടിപതറാതെ ഇവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: