അഹമ്മദാബാദ്:രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 93 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം സമാപിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദപ്രചരണത്തിന്റേതാണ്. വന്‍ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം ഉറപ്പിച്ച ബിജെപിക്ക് യാതൊരുതരത്തിലുമുള്ള വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കല്‍ ലക്ഷ്യമിട്ട ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല.
ഇന്ന് വൈകീട്ട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പാട്ടീല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഭരണം തുടരുമെന്ന് വ്യക്തമാക്കി. പരസ്യപ്രചാരണം അവസാനിച്ചശേഷം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കേന്ദ്രആഭ്യന്തരന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പാട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രചാരണത്തിന്റെ സപാനദിവസമായ ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സൂഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, പുരുഷോത്തം രൂപാല, ദര്‍ശന ജര്‍ദോഷ്, മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ തുടങ്ങിയവര്‍ വിവിധ പ്രചാരണപരിപാടികളില്‍ പങ്കെടുത്തു. മണ്ഡലങ്ങളിലെ പ്രധാനകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള റോഡ് ഷോകളിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആത്മവിശ്വാസം തകര്‍ന്ന കോണ്‍ഗ്രസിന് സംസ്ഥാനത്ത് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാത്രമാണ് സംസ്ഥാനത്ത് പേരിനെങ്കിലും പ്രചാരണരംഗത്തുണ്ടായിരുന്നത്. ആപിന്റെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനവും കുത്തനെ കുറയുമെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, ബിജെപി നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്പേശ് താക്കൂര്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാ നി തുടങ്ങിയവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ബിജെപി തുടര്‍ച്ചയായി വിജയം നേടുന്ന മണിനഗര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ലോകസഭാ മണ്ഡലമായ ഗാന്ധിനഗര്‍ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി മൂന്നുതവണ എംഎല്‍എയായി വിജയിച്ച മണ്ഡലമാണ് മണിനഗര്‍. ആദ്യഘട്ട വോട്ടെടുപ്പില്‍ 63.31 ശതമാനമായിരുന്നു പോളിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: