വരാഹരൂപം എന്ന ഗാനമായിരുന്നു കാന്താര എന്ന സിനിമയുടെ ആത്മാവ്. പക്ഷെ ഈ ഗാനം അഞ്ചുവര്‍ഷം മുന്‍പ് തങ്ങള്‍ പുറത്തിറക്കിയ നവരസം എന്ന ഗാനത്തിന്റെ അനുകരണമാണെന്ന് ആരോപിച്ച് തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്റ് കോടതിയെ സമീപിച്ചപ്പോള്‍ സെഷന്‍സ് കോടതി വിധി തൈക്കൂടം ബ്രിഡ്ജിന് അനുകൂലമായിരുന്നു. ഈ ഗാനം ഉപയോഗിക്കരുതെന്നായിരുന്നു അന്ന് കോടതി കാന്താര ടീമിനോട് നിര്‍ദേശിച്ചത്. 96 എന്ന തമിഴ് സിനിമ ഉള്‍പ്പെടെയുള്ളവയുടെ സംഗീത സംവിധായകന് കൂടിയായ ഗോവിന്ദ് വസന്തയാണ് തൈക്കൂടം ബ്രിഡ്ജിന്റെ സ്ഥാപകന്‍.
എന്നാല്‍ പിന്നീട് വന്ന കോഴിക്കോട് ജില്ലാ കോടതി വിധി കാന്താര ടീമിന് അനുകൂലമായിരുന്നു. തൈക്കൂടം ബ്രിഡ്ജിന്റെ പരാതി നിലനില്‍ക്കുന്നതല്ലെന്നും ഗാനം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നതുമായിരുന്നു ജില്ലാ കോടതി വിധി. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തൈക്കൂടത്തിന് അനുകൂലമായി ഇപ്പോള്‍ വിധി വന്നിരിക്കുകയാണ്. ഗാനം ഉപയോഗിക്കാനുള്ള കോഴിക്കോട് ജില്ലാ കോടതി വിധി സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാന്താരയുടെ നിര്‍മ്മാതാക്കളായ ഹോംബാല ഫിലിംസ്, റിഷഭ് ഷെട്ടി, പൃഥ്വിരാജ് ഫിലിംസ്, ആമസോണ്‍, ഗൂഗിള്‍ ഇന്ത്യ ഹെഡ് ഓഫീസ്, സ്പോട്ടിഫൈ ഇന്ത്യ, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. കാന്താരയുടെ മലയാളം പതിപ്പിന്റെ അവകാശം വാങ്ങിയത് നടന് പൃഥ്വിരാജിന്റെ കമ്പനിയാണ്. കേരളത്തില്‍ നിന്നു മാത്രം ഏകദേശം 20 കോടി കാന്താര കൊയ്തു.
വരാഹരൂപം എന്ന ഗാനം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോംബാല ഫിലിംസ് സമര്‍പ്പിച്ച ഹര്‍ജി നവമ്പര്‍ 24ന് ഹൈക്കോടതി തള്ളിയിരുന്നു. കാന്താര ആമസോണ്‍ പ്രൈമില്‍ റിലീസായപ്പോള്‍ വരാഹരൂപം ഒഴിവാക്കിക്കൊണ്ടുള്ള പതിപ്പായിരുന്നു റിലീസ് ചെയ്തത്. വെറും 16 കോടി രൂപ മുടക്കി നിര്‍മ്മിച്ച കാന്താര ഏകദേശം 550കോടി കൊയ്തതായാണ് റിപ്പോര്‍ട്ട്. ഹോംബാല ഫിലിംസ് നിര്‍മ്മിച്ച റോക്കിയേക്കാള്‍ മികച്ച നേട്ടമായിരുന്നു കാന്താര കൊയ്തത്. കാടും മനുഷ്യനും തമ്മിലുള്ള അഗാധബന്ധത്തിന്റെ കഥ മനോഹരമായി പറയുന്ന സിനിമയാണ് കാന്താര. റിഷഭ് ഷെട്ടിയാണ് കാന്താരയുടെ സംവിധായകനും നായകനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: