ദല്‍ഹിയില്‍ ജി-20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഏറ്റെടുത്തതോടെ ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയ്ക്ക് പുതിയൊരു ദിശാബോധം ലഭിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന പതിനേഴാമത് ജി-20 ഉച്ചകോടി അടുത്ത അധ്യക്ഷ പദവി ഭാരതത്തിനാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോദി അംഗരാജ്യങ്ങളുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു. മുഴുവന്‍ ലോകത്തെയും ഉള്‍ക്കൊള്ളുന്നതായിരിക്കും ഭാരതത്തിന്റെ അധ്യക്ഷപദവിയെന്നും, ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന സങ്കല്‍പ്പത്തിലധിഷ്ഠിതമായി ജി-20 കൂട്ടായ്മയെ നയിക്കുമെന്നും അന്ന് മോദി നടത്തിയ പ്രഖ്യാപനം പുതിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് മറ്റ് നേതാക്കള്‍ സ്വീകരിച്ചത്. ബാലി പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ജി-20 ഉച്ചകോടിയുടെ അധ്യക്ഷപദവി ഭാരതത്തിന് ലഭിച്ചതിനെക്കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്. ജി-20 അധ്യക്ഷപദവി ലഭിച്ചത് ഭാരതം ഒരു അവസരമായാണ് കാണുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇതില്‍ അഭിമാനംകൊണ്ട് നിരവധിയാളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തനിക്ക് കത്തുകളെഴുതിയതെന്നും അറിയിക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുമ്പോഴാണ് ഭാരതത്തെത്തേടി ഈ ബഹുമതി വന്നിട്ടുള്ളതെന്ന കാര്യം സന്തോഷകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ആഗോളതലത്തില്‍ ‘ഇന്ത്യ ഫസ്റ്റ്’ എന്നൊരു നിലയിലേക്ക് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. രാഷ്ട്രത്തിന് കിടയറ്റ ഒരു നേതൃത്വം ലഭ്യമായതോടെ ഭാരതീയ സംസ്കാരത്തിന്റെ പൗരാണിക മഹിമയും, കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ ആധുനിക ലോകത്തിന്റെ പ്രശ്നപരിഹാരങ്ങള്‍ക്കായി നമുക്ക് മുന്നോട്ടുവയ്ക്കാനുള്ള പ്രതിവിധികളുമൊക്കെ ലോകമെമ്പാടും ചര്‍ച്ച ചെയ്യുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും യുദ്ധങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുമ്പോള്‍ ഭാരതം എന്തു പറയുന്നു, എന്തു നിലപാടെടുക്കുന്നു എന്നാണ് എല്ലാവര്ക്കും അറിയേണ്ടത്. റഷ്യ-ഉക്രൈന് യുദ്ധത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുള്‍പ്പെടെ പല നേതാക്കളും പരസ്യമായി അഭിപ്രായപ്പെട്ടത് ഇതിന് തെളിവാണ്. ദേശീയതാല്‍പ്പര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ അയല്‍രാജ്യങ്ങളുമായി സഹകരിക്കാനും സമാധാനത്തിനുവേണ്ടി നിലകൊള്ളാനുമാണ് ഭാരതം ആഗ്രഹിക്കുന്നത്. കാപട്യമോ ഇരട്ടത്താപ്പോ ഇല്ലാതെ ഇക്കാര്യം വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും കഴിയുന്നു. കരുത്തുറ്റ നേതാവാണ് മോദി എന്ന പ്രശംസകള്‍ കേള്‍ക്കാത്ത, ഭാരതം പങ്കെടുക്കുന്ന രാജ്യാന്തര വേദികള്‍ ഇല്ലെന്നുതന്നെ പറയാം. പ്രധാനമന്ത്രി മോദിയുമായി സൗഹൃദം സ്ഥാപിക്കാനും ഭാരതവുമായി സഹകരിക്കാനും ലോകരാജ്യങ്ങള്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടി ഇക്കാര്യം സാക്ഷ്യപ്പെടുത്തുകയുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി.20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഏറ്റെടുത്തതിന് അനുബന്ധമായി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സംസ്കാരിക പരിപാടികളുടെ ഒരു പരമ്പരയാണ് നടക്കാന്‍ പോകുന്നത്. 2023 സപ്തംബറില്‍ നടക്കുന്ന പതിനെട്ടാമത് ജി-20 ഉച്ചകോടിയെ ലക്ഷ്യംവച്ച് രാജ്യത്തിന്റെ 50 നഗരങ്ങളിലാണ് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക. അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും, സംഘടനകളും ഇവയില്‍ പങ്കെടുക്കും. ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും സൗന്ദര്യവും ഐക്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ പരിപാടികള്‍. ഇതിനു മുന്‍പ് നമ്മള് ചെയ്തിട്ടില്ലാത്ത ഒന്നാണിത്. ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു മുഹൂര്‍ത്തവും, 140 കോടിയോളംവരുന്ന ജനതയുടെ അഭിമാന നിമിഷവുമായിരിക്കും ഇത്. ഇദംപ്രഥമമായാണ് ഭാരതം ജി-20 ഉച്ചകോടിയുടെ അധ്യക്ഷപദവി വഹിക്കുന്നത്. ഭാരതം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര പരിപാടിയായിരിക്കും പതിനെട്ടാമത് ഉച്ചകോടി. അംഗരാജ്യങ്ങളിലെ സ്ഥിരം പ്രതിനിധികള്‍ക്കു പുറമെ ബംഗ്ലാദേശ്, മൗറീഷ്യസ്, ഒമാന്‍, യുഎഇ, നൈജീരിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെ പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്. എല്ലാറ്റിനുമുപരി ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ സവിശേഷതകള്‍ ലോകത്തിന് അനുഭവിച്ചറിയാന്‍ ഉച്ചകോടി അവസരമൊരുക്കും. നാഗാലാന്റിലെ വേഴാമ്പല്‍ ഉത്സവം ഇതിലൊന്നാണ്. ലോകത്തെ വികസനത്തിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കാനുള്ള ഭാരതത്തിന്റെ അര്‍ഹതയും യോഗ്യതയും അടിവരയിട്ട് കാണിക്കുന്നതായിരിക്കും സഹവര്‍ത്തിത്വത്തിന്റെയും സത്യത്തിന്റെയും പാഠങ്ങള്‍ ലോകജനതയെ പഠിപ്പിച്ച ഭാരതത്തില്‍ നടക്കുന്ന ജി-20 ഉച്ചകോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: