മുന്‍പ് ജി20ന്റെ അധ്യക്ഷ പദവിയിലുണ്ടായിരുന്ന 17 രാജ്യങ്ങള്‍, സ്ഥൂല-സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര നികുതികള്‍ യുക്തിസഹമാക്കുന്നതിനും രാജ്യങ്ങളുടെ കടബാധ്യത ഒഴിവാക്കുന്നതിനും മറ്റ് പല മേഖലകളിലും പ്രബലമായ ഫലങ്ങള്‍ നല്കി. ഈ നേട്ടങ്ങളില്‍ നിന്ന് ഞങ്ങള്‍ പ്രയോജനം നേടുകയും അവയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നിരുന്നാലും, ഇന്ത്യ ഈ സുപ്രധാന സ്ഥാനം ഏറ്റെടുക്കുമ്പോള്‍, ഞാന്‍ സ്വയം ചോദിക്കുന്നു, ജി 20ന് ഇനിയും കൂടുതല്‍ മുന്നോട്ട് പോകാന്‍ കഴിയുമോ? മനുഷ്യരാശിക്ക് മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നതിനായി, അടിസ്ഥാനപരമായ ചിന്താഗതിയില്‍ മാറ്റത്തെ നമുക്ക് ഉത്തേജിപ്പിക്കാന്‍ കഴിയുമോ? നമുക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ മാനസികാവസ്ഥ രൂപപ്പെടുന്നത്. ചരിത്രത്തിലുടനീളം, മനുഷ്യരാശി ക്ഷാമത്തിലാണ് ജീവിച്ചിരുന്നത്. പരിമിതമായ വിഭവങ്ങള്‍ക്കായി നാം പോരാടി, കാരണം ഓരോരുത്തരുടെയും അതിജീവിതം മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കുന്നതിനെ ആശ്രയിച്ചിരുന്നു. ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും സ്വത്വങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലും മത്സരവും സാധാരണമായി.
നിര്‍ഭാഗ്യവശാല്‍, ഇന്നും നമ്മള് ഉപ്പാദനക്ഷമമല്ലാത്ത സമാന ചിന്തഗതിയില്‍ കുടുങ്ങിക്കിടക്കുന്നു. രാജ്യങ്ങള്‍ ഭൂപ്രദേശത്തിനോ വിഭവങ്ങള്‍ക്കോ വേണ്ടി പോരാടുന്നത് നാം കാണുന്നു. അവശ്യവസ്തുക്കളുടെ വിതരണം ആയുധമാക്കുന്നത് നാം കാണുന്നു. ദുര്‍ബലരായി ദശലക്ഷക്കണക്കിന് ആളുകള്‍ തുടരുമ്പോഴും, വാക്സിനുകള്‍ ചുരുക്കം ചിലര്‍ പൂഴ്ത്തിവെക്കുന്നത് നാം കാണുന്നു. ഏറ്റുമുട്ടലും അത്യാഗ്രഹവും മനുഷ്യ സ്വഭാവം മാത്രമാണെന്ന് ചിലര്‍ വാദിച്ചേക്കാം. ഞാന്‍ വിയോജിക്കുന്നു. മനുഷ്യര്‍ അന്തര്‍ലീനമായി സ്വാര്‍ത്ഥരാണെങ്കില്‍, അടിസ്ഥാനപരമായി നമ്മുടെ ഏകത്വത്തെപ്പറ്റി പറയുന്ന ആത്മീയ പാരമ്പര്യങ്ങളുടെ ശാശ്വതമായ സ്വാധീനത്തെ എങ്ങനെ വിശദീകരിക്കും?. ഇന്ത്യയില്‍ പ്രചാരത്തിലുള്ള അത്തരം ഒരു പാരമ്പര്യം, എല്ലാ ജീവജാലങ്ങളെയും, നിര്‍ജീവ വസ്തുക്കളെയും, അഞ്ച് അടിസ്ഥാന ഘടകങ്ങളായ-ഭൂമി, ജലം, അഗ്നി, വായു, ബഹിരാകാശം എന്നിവയുടെ പഞ്ചതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കാണുന്നു. നമ്മുടെ ഉള്ളിലും നമുക്കിടയിലും ഈ ഘടകങ്ങള്‍ തമ്മിലുള്ള ഐക്യം, നമ്മുടെ ശാരീരികവും സാമൂഹികവും പാരിസ്ഥിതികവുമായ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ജി20 അധ്യക്ഷത ഈ സാര്‍വത്രികമായ ഏകത്വബോധം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും. അതിനാല്‍ ഞങ്ങളുടെ പ്രമേയം-‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ്.
ഇത് വെറുമൊരു മുദ്രാവാക്യമല്ല. നമ്മള്കൂട്ടായി വിലമതിക്കുന്നതില്‍ പരാജയപ്പെട്ട, മാനുഷിക സാഹചര്യങ്ങളിലെ സമീപകാല മാറ്റങ്ങള്‍ ഇത് കണക്കിലെടുക്കുന്നു. ഇന്ന്, ലോകത്തിലെ എല്ലാ ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ഉല്‍പ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ നമുക്കുണ്ട്. ഇന്ന്, നമ്മുടെ നിലനില്‍പ്പിനായി പോരാടേണ്ട ആവശ്യമില്ല-നമ്മുടെ യുഗം യുദ്ധത്തിന്റെതായിരിക്കരുത്. ഇന്ന് നമ്മള് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍(കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, പകര്‍ച്ചവ്യാധികള്‍)പരസ്പരം പോരാടുന്നതിലൂടെയല്ല, ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പരിഹരിക്കാനാകൂ. ഭാഗ്യവശാല്‍, ഇന്നത്തെ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ പ്രശ്നങ്ങള്‍ വ്യാപകമായ തോതില്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും നല്കുന്നു. ഇന്ന് നമ്മള് വസിക്കുന്ന ബൃഹത്തായ വെര്‍ച്വല്‍ ലോകം ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകള്‍ പ്രകടമാക്കുന്നു. മനുഷ്യരാശിയുടെ ആറിലൊന്നുപേരെ ഉള്‍ക്കൊള്ളുന്നതും, ഭാഷകള്‍, മതങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയുടെ അപാരമായ വൈവിധ്യവുമുള്ള ഇന്ത്യ, ലോകത്തിന്റെ സൂക്ഷ്മരൂപമാണ്.
കൂട്ടായ തീരുമാനങ്ങള്‍ എടുക്കുന്ന ഏറ്റവും പഴക്കമേറിയ പാരമ്പര്യങ്ങള്‍ക്കൊപ്പം, ജനാധിപത്യത്തിന്റെ അടിസ്ഥാന തലത്തിലേക്ക് ഇന്ത്യ സംഭാവന ചെയ്യുന്നു. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍, ഇന്ത്യയുടെ ദേശീയ സമവായം രൂപപ്പെടുന്നത് ആജ്ഞയിലൂടെയല്ല, മറിച്ച് ദശലക്ഷക്കണക്കിന് സ്വതന്ത്ര ശബ്ദങ്ങളെ ഒരു യോജിപ്പുള്ള ഈണത്തില്‍ സമന്വയിപ്പിച്ചാണ്. ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ പൗര-കേന്ദ്രീകൃത ഭരണ മാതൃക, ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പൗരന്മാരെപ്പോലും പരിപാലിക്കുന്നു. അതേസമയം നമ്മുടെ യുവാക്കളുടെ സര്‍ഗ്ഗാത്മക പ്രതിഭയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ദേശീയ വികസനം മുകളില്‍ നിന്ന് താഴേക്കുള്ള ഭരണ പ്രക്രിയ അല്ല, മറിച്ച് പൗരന്മാര് നയിക്കുന്ന ‘ജനകീയ പ്രസ്ഥാനം’ ആക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്.
തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പരസ്പരം പ്രവര്‍ത്തിക്കാവുന്നതുമായ ഡിജിറ്റല്‍ പൊതുജന സേവനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഞങ്ങള്‍ പ്രയോജനപ്പെടുത്തി. സാമൂഹിക സംരക്ഷണം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഇലക്ട്രോണിക് പേയ്മെന്റുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇവ വിപ്ലവകരമായ പുരോഗതി കൈവരിച്ചു. ഈ കാരണങ്ങളാല്‍, ആഗോള പരിഹാരങ്ങള്‍ക്കുള്ള സാധ്യമായ ഉള്‍ക്കാഴ്ച നല്കാന് ഇന്ത്യയുടെ അനുഭവങ്ങള്‍ക്ക് കഴിയും. ജി20 അധ്യക്ഷ കാലത്ത്, ഇന്ത്യയുടെ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങള്‍ക്ക് സാധ്യമായ ടെംപ്ലേറ്റുകളായി അവതരിപ്പിക്കും. ജി20 മുന്‍ഗണനകള്‍ ഞങ്ങളുടെ ജി20 പങ്കാളികളുമായി മാത്രമല്ല, ആഗോളതലത്തില്‍, ദക്ഷിണ മേഖലയിലെ ഞങ്ങളുടെ സഹയാത്രികരുമായും കൂടിയാലോചിച്ചായിരിക്കും രൂപപ്പെടുത്തുന്നത്. അവരുടെ ശബ്ദം പലപ്പോഴും എവിടെയും കേള്‍ക്കാറില്ല.
നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും നമ്മുടെ കുടുംബത്തിനുള്ളില്‍ ഐക്യം സൃഷ്ടിക്കുന്നതിനും നമ്മുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും മുന്‍ഗണനകള്‍. നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിന്, പ്രകൃതിയോടുള്ള വിശ്വാസം എന്ന ഇന്ത്യന്‍ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കും. മനുഷ്യരാശിയുടെ കുടുംബത്തിനുള്ളില്‍ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന്, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മാനുഷിക പ്രതിസന്ധികളിലേക്ക് നയിക്കാതിരിക്കാന്‍, ആഗോളതലത്തില്‍ ഭക്ഷണം, രാസവളങ്ങള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവല്ക്കരിക്കാന് ഞങ്ങള്‍ ശ്രമിക്കും. നമ്മുടെ സ്വന്തം കുടുംബത്തിലെന്നപോലെ, ഏറ്റവും വലിയ ആവശ്യങ്ങള്‍ ഉള്ളവര്‍ക്കായിരിക്കണം എപ്പോഴും നമ്മുടെ പ്രഥമ പരിഗണന.
നമ്മുടെ ഭാവി തലമുറകളില്‍ പ്രത്യാശ വളര്‍ത്തുന്നതിനായി, നശീകരണ ആയുധങ്ങള്‍ ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും ആഗോള സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി ഏറ്റവും ശക്തമായ രാജ്യങ്ങള്‍ക്കിടയില്‍ സത്യസന്ധമായ സംഭാഷണം പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ജി 20 അജണ്ട എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും അഭിലാഷ പൂര്‍ണ്ണവും പ്രവര്‍ത്തന-കേന്ദ്രീകൃതവും നിര്‍ണായകവും ആയിരിക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷതയെ ഐക്യത്തിന്റെയും പ്രത്യാശയുടെയും പരിഹാരത്തിന്റെയും അധ്യക്ഷതയാക്കാന് നമുക്ക് ഒരുമിക്കാം. മനുഷ്യ കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിന്റെ പുതിയ മാതൃക രൂപപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: