ശാസ്താംകോട്ട: വേലിയേറ്റത്തിന്റെ ദുരിതത്തിലാണ് മണ്‍ട്രോതുരുത്ത് നിവാസികളിപ്പോള്‍. പഞ്ചായത്തിലെ പെരുങ്ങാലം വാര്‍ഡിനെയാണ് വേലിയേറ്റ ദുരിതം വേട്ടയാടുന്നത്. പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് പെരുങ്ങാലത്താണ്. 250 കുട്ടികള്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ജലാശയങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പെരുങ്ങാലം ദ്വീപില്‍ നടവഴിയും കാല്നടയാത്രയുമാണ് ഏക ആശ്രയം.
ഇന്നലെ അപ്രതീക്ഷിതമായാണ് വേലിയേറ്റമുണ്ടായത്. ദ്വീപിന് പുറത്തുള്ള അധ്യാപകരും കുട്ടികളും കാലത്ത് സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു വേലിയേറ്റം തുടങ്ങിയത്. രാവിലെ ഒരു വിധം അക്കരപറ്റി. കുന്നിന് മുകളിലെ സ്കൂളില്‍ നിന്നും സ്കൂള്‍ വിട്ട്തിരിച്ചിറങ്ങിയ കുട്ടികളും അധ്യാപകരും കരകയറാനാകാതെ കുഴഞ്ഞു. മുട്ടിന് മീതെ വരെ വെള്ളം ഉയര്‍ന്നിരിക്കുന്നു. വള്ളക്കടവിലേക്കും ബോട്ട് ജെട്ടിയിലേക്കും റയില്‍വേ സ്റ്റേഷനിലേക്കും പോകേണ്ട ഒറ്റയടിപാതകള്‍ എല്ലാം വെള്ളം കയറി. ഈ ദ്വീപിലെ താമസക്കാരുടെ കാര്യമാണ് പരമ ദയനീയം. 300 കുടുംബങ്ങള്‍ ഇവിടെയുണ്ട്. മുറ്റത്തും ചിലരുടെ വീടിനുള്ളിലും വരെ വെള്ളം കയറി.
വേലിയേറ്റം പതിവായതോടെ പലരും കിട്ടുന്ന വിലയ്ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേയ്ക്ക് പോകാന്‍ ഒരുങ്ങുകയാണ്. പെരുങ്ങലത്ത് മാത്രമല്ല ടൂറിസം വില്ലേജ് ആയി മാറുന്ന മണ്ട്രോത്തുരുത്ത് പഞ്ചായത്തിലെ കടപ്രം, പട്ടംതുരുത്ത്, നെന്മേനി, പേഴുംതുരുത്ത്, റെയില്വേസ്റ്റേഷന് ഭാഗം, കണ്ട്രംകാണി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ശക്തമായ വേലിയേറ്റത്തില്‍ നാളുകളായി ജീവിതം ബുദ്ധിമുട്ടിലാണ്. മണ്‍ട്രോതുരുത്തില്‍ തുടരെയുണ്ടാകുന്ന വേലിയേറ്റത്തില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്ന ജനങ്ങളുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. വീടുകള്‍ താഴുന്നത് ഉള്‍പ്പെടെ പൊതുവെ നേരിടുന്ന വെല്ലുവിളികള്‍ക്കൊപ്പം വേലിയേറ്റം കൂടി ആയതോടെ എണ്ണമറ്റ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
ടികെഎം കോളേജിന്റെ സഹകരണത്തോടെ താഴ്ന്ന് പോകാത്ത വീടുകളുടെ നിര്‍മ്മാണം തുടങ്ങിയെങ്കിലും അത്തരം നിര്‍മാണ ശൈലികള്‍ പൂര്‍ണ്ണമായും ജനകീയമായിട്ടില്ല. ബുദ്ധിമുട്ടുകളെയാകെ മറികടക്കാന്‍ ടൂറിസത്തെ മുറുകെ പിടിക്കുകയാണ് തുരുത്തിലെ ജനങ്ങള്‍. അഷ്ടമുടിക്കായലും കല്ലടയാറും അതിരിടുന്ന മണ്‍റോതുരുത്ത് നിറയെ ചെറുതോടുകളാണ്. ഈ കൈതോടുകളിലൂടെ കൊതുമ്പ് വള്ളങ്ങളിലാണ് ഇവിടുത്തെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നതും ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: