മംഗലാപുരത്തെ ഓട്ടോറിക്ഷാ സ്ഫോടനം ആസൂത്രിതമായ ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഷെരീഖിന്റെയും കൂട്ടാളികളുടെയും ഭീകരവാദ ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പലതും വെളിപ്പെട്ടിരിക്കുന്നു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തയാളുടെ പ്രഷര്‍ കുക്കറില്നിന്ന് തീ പടര്‍ന്ന സംഭവമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കര്‍ണാടക പോലീസും എന്‍ഐഎയും നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണം തന്നെയാണ് നടന്നതെന്ന വ്യക്തമായ സൂചന ലഭിച്ചത്. മംഗലാപുരത്തെ വാടക വീട്ടില്‍ വച്ച് നിര്‍മിച്ച ബോംബ് തിരക്കേറിയ ബസ് സ്റ്റാന്റിലെത്തിച്ച് വലിയ ആളപായമുണ്ടാക്കുന്ന വിധം സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പ്രഷര്‍ കുക്കര്‍ ബോംബ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു. എന്തുകൊണ്ടോ ആഘാതം ലഘുവായിരുന്നു. നിര്‍മാണപ്പിഴവ് ആയിരിക്കാം. ഭാഗ്യം തുണച്ചു എന്നു പറയാം. അല്ലായിരുന്നുവെങ്കില്‍ വലിയ ആള്‍നാശം തന്നെ സംഭവിക്കുമായിരുന്നു. ലഭ്യമായ വിവരങ്ങളില്‍ നിന്നുതന്നെ കോയമ്പത്തൂര്‍ ഉക്കടം മാതൃകയിലുള്ള സ്ഫോടനമാണ് മംഗലാപുരത്തും ആസൂത്രണം ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നു. ഉക്കടത്തും കാര്‍ ബോംബു സ്ഫോടനത്തിന് തയ്യാറാക്കിയ സിലിണ്ടര്‍ അപ്രതീക്ഷിതമായി പൊട്ടിയതിനാല്‍ ഭീകരര്‍ക്ക് ലക്ഷ്യം തെറ്റുകയായിരുന്നുവല്ലോ. ഭീകരരുടെ അടുത്ത ലക്ഷ്യം എവിടെയാണെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരിക്കുകയാണ്. അബ്ദുള്‍ നാസര്‍ മദനിയുടെയും തടിയന്റവിട നസീറിന്റെയുമൊക്കെ നാട് ഇക്കാര്യത്തില്‍ കനത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
ആഗോള ഇസ്ലാമിക ഭീകരവാദവുമായി ബന്ധമുള്ള ബേസ് മൂവ്മെന്റ് എന്ന സംഘടനയിലെ അംഗങ്ങളാണ് മുഹമ്മദ് ഷെരീഖും കൂട്ടാളികളുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. കര്‍ണാടകയിലും തമിഴ്നാട്ടിലുമായി നിരവധിയിടങ്ങളില്‍ ഈ സംഘടനയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. വീരസവര്‍ക്കറുടെ ചിത്രം വരച്ചതിന് മംഗലാപുരത്ത് രാജസ്ഥാന് സ്വദേശിയായ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതികളാണ് ഷെരീഖും കൂട്ടാളികളും. ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. യുഎപിഎ പ്രകാരം കേസില്‍ പ്രതിയായ മുഹമ്മദ് ഷെരീഖിന് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. ഭീകരവിരുദ്ധപ്പോരാട്ടങ്ങള്‍ എങ്ങനെ ദുര്‍ബലമാകുന്നു എന്നതിന്റെ തെളിവാണിത്. ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ ഒരാള്‍ക്ക് സാങ്കേതികമായ കാരണങ്ങളാല്‍ ജാമ്യം ലഭിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ഭീകരവാദ ആശയങ്ങളുള്ള പ്രചാരണ സാഹിത്യം കയ്യില്‍ വയ്ക്കുകയോ വായിക്കുകയോ ചെയ്താല്‍ അത് ഭീകരപ്രവര്‍ത്തനമാവില്ലെന്നും, അവര്‍ക്കെതിരെ യുഎപിഎ പോലുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാവില്ലെന്നും സമീപകാലത്ത് ചില കോടതിവിധികള്‍ വന്നിരുന്നു. ഇതിന്റെ പരിഹാസ്യതയിലേക്കാണ് ഉക്കടം സ്ഫോടനവും മംഗലാപുരം സ്ഫോടനവും വിരല്‍ചൂണ്ടുന്നത്. ഭീകരവാദ ആശയങ്ങള്‍ വെറുതെ വായിച്ചു രസിക്കുകയല്ല, മറ്റുള്ളവരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച് ഭീകര സംഘടനയിലേക്ക് ആളെക്കൂട്ടുകയാണ് ചെയ്യുന്നതെന്ന വസ്തുത മറച്ചുപിടിക്കാനാവില്ല. മറ്റേതൊരു സ്ഥാപനത്തേക്കാളും നീതിപീഠങ്ങള്‍ക്ക് ഇക്കാര്യം ബോധ്യമാവണം.
മറ്റു പല ഭീകരാക്രമണങ്ങളെയും പോലെ മംഗലാപുരം സ്ഫോടനത്തിനും കേരള ബന്ധമുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നു. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷെരീഖ് കേരളത്തില്‍ വരികയും, ആലുവായിലെ ഹോട്ടലില്‍ തങ്ങുകയും ചെയ്തിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആലുവായിലെ ഒരു മേല്‍വിലാസത്തിലാണ് ഓണ്‍ലൈന്‍ വഴി ഇയാള്‍ സ്ഫോടനത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ആലുവായില്‍ ആരെയൊക്കെയാണ് ഇയാള്‍ ബന്ധപ്പെട്ടതെന്നും, എന്തൊക്കെ സഹായങ്ങളാണ് ലഭിച്ചതെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടല്‍, കളമശ്ശേരി ബസ് കത്തിക്കല്‍, പാനായിക്കുളം സിമി യോഗം എന്നിങ്ങനെ ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായാണ് ആലുവ അറിയപ്പെടുന്നത്. ആ നിലയ്ക്ക് മംഗലാപുരം ഭീകരനുമായി ആലുവായിലെ സമാനചിന്താഗതിക്കാര്‍ ബന്ധപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ കേരളാ പോലീസിന് പണ്ടേ വിമുഖതയുള്ളതിനാല്‍ മംഗലാപുരം സ്ഫോടനക്കേസ് ഏറ്റെടുക്കുമെന്നു കരുതപ്പെടുന്ന എന്‍ഐഎതന്നെ അതിന്റെ ആലുവാ കണക്ഷനും വിപുലമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. പ്രത്യക്ഷത്തിലുള്ള ആക്രമണങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും അതിനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണെന്നും, ശരിയായ അവസരത്തിന് കാത്തിരിക്കുകയാണ് ഭീകരരെന്നുമുള്ള വ്യക്തമായ സന്ദേശമാണ് ഉക്കടം-മംഗലാപുരം സ്ഫോടനങ്ങള്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: