എല്ലാം ഒറ്റപ്പെട്ട സംഭവം. പോലീസിനെ കുറിച്ച് പരാതി ഉയരുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം അങ്ങനെയാണ്. ഒറ്റപ്പെട്ട്, ഒറ്റപ്പെട്ട് ജനങ്ങളാകെ നട്ടം തിരിയുന്ന ഘട്ടമെത്തിയിരിക്കുന്നു. ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെതിരെ ഒറ്റപ്പെട്ട കേസല്ല, ഒരുപാടുകേസുണ്ട്. സ്ത്രീപീഡനം ഉള്‍പ്പെടെ 3 കേസുകള്‍. വകുപ്പുതല അന്വേഷണം എട്ട്. ഇതില്‍ ശിക്ഷാ നടപടിയും ഉണ്ടായതാണ്. സ്ത്രീപീഡനത്തില്‍ ജയില്‍വാസവും അനുഭവിച്ച ഉദ്യോഗസ്ഥന് കാക്കി ഉപേക്ഷിക്കേണ്ടി വന്നില്ല, നക്ഷത്രവും നഷ്ടപ്പെട്ടില്ല. സേനയുടെ ഭാഗമായി തുടരുകയും ചെയ്യുന്നു. 2019ല്‍ കൊച്ചിയില്‍ ജോലി ചെയ്യുമ്പോള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുണ്ടായിരുന്നു. 2021ല്‍ കണ്ണൂര്‍ കരിക്കോട്ടക്കറി സ്റ്റേഷനില്‍ സ്റ്റേഷന് ഹൗസ് ഓഫീസറായിരിക്കെയാണ് മറ്റൊരു സംഭവം. ഔദ്യോഗിക വാഹനത്തില്‍ വാണിയപ്പാറ തട്ട് മലമുകളില്‍ യുവതിയുമായെത്തി. നാട്ടുകാരത് ചോദ്യം ചെയ്തു. തര്‍ക്കമായി. തല്ലായി, കേസുമായി. ഈ മാസം തൃശൂരില്‍ ഹോട്ടലില്‍ സത്രീയുമായി പിടികൂടിയിരുന്നു. കൊച്ചി കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ ഇന്‍സ്പെക്ടറെ സ്റ്റേഷനില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എറണാകുളം മരട് സ്വദേശി പി.ആര്.സുനുവിനെയാണു തൃക്കാക്കരയില്‍നിന്നുള്ള പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃക്കാക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിയായ യുവതിയെ സുനു ഉള്‍പ്പെടെ 7 പേര് ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തെന്നാണു പുതിയ കേസ്. കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസിനു യുവതി നല്കിയ പരാതി തൃക്കാക്കര പൊലീസിനു കൈമാറി. അങ്ങനെയാണ് കുടുങ്ങിയത്. സ്റ്റേഷനില്‍ കയറി പിടികൂടിയ സുനുവിനെ ചോദ്യം ചെയ്തു വരികയാണ്. കൊച്ചിയിലെത്തിച്ച സുനുവിനെ അജ്ഞാതകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. സുനുവില്‍നിന്നു ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാനായി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനു ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരാതിക്കാരി പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ മുകള്‍നിലയിലാണു സുനു താമസിച്ചിരുന്നത്. രാവിലെ 8ന് കമ്മിഷണറുടെ പതിവു വയര്‍ലെസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ താഴെയുള്ള ഓഫിസിലേക്ക് എത്തിയപ്പോഴാണു തൃക്കാക്കരയില്‍ നിന്നുള്ള പൊലീസ് സംഘം കസറ്റഡിയിലെടുത്തത്. നടപടിയുണ്ടാകും എന്ന വിവരം കോഴിക്കോട് കമ്മിഷണര്‍, ഡിസിപി, ഫറോക്ക് എസിപി എന്നിവരെ മാത്രമാണു ധരിപ്പിച്ചിരുന്നത്. ഇക്കാരണത്താല്‍ അപ്രതീക്ഷിതനീക്കം മറ്റു പൊലീസുകാരെ അമ്പരപ്പിച്ചു.
2022 മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണു പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണു പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരിയുടെ ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലിലാണ്. പട്ടാളത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെന്നാണു കേസ്. ഈ അവസ്ഥ മുതലെടുത്തു സഹായവാഗ്ദാനം നല്കി പരാതിക്കാരിയെ സമീപിച്ച പ്രതികള്‍ ഇവരുടെ തൃക്കാക്കരയിലെ വാടകവീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണു കേസ്.
സുനുവിനു പുറമെ വീട്ടുവേലക്കാരി വിജയലക്ഷ്മി, രാജീവ്, ദേവസ്വം ജീവനക്കാരന് അഭിലാഷ്, പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ശശി എന്നിവര്‍ കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുണ്ട്. രണ്ടു പ്രതികള്‍ ഒളിവിലാണെന്നു പൊലീസ് പറയുന്നു. മുന്‍പു തൃശൂര്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലും അറസ്റ്റിലായിട്ടുള്ള സുനു, സാമ്പത്തിക തട്ടിപ്പുകേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. ആറു മാസം മുന്‍പാണ് എറണാകുളം ജില്ലയില്‍നിന്നു കോസ്റ്റല്‍ സ്റ്റേഷനിലേക്കു സ്ഥലംമാറിയെത്തിയത്. വയനാട്ടില്‍ എഎസ്ഐക്കെതിരായ പരാതിയ വ്യത്യസ്തമാണ്. പോലീസ് കള്ളക്കളി നടത്തുന്നു എന്നാണ് ആക്ഷേപം. എഎസ്ഐ മകളോട് മോശമായി പെരുമാറി; ഇതു മറ്റാരോടും പങ്കുവയ്ക്കരുതെന്ന് പറഞ്ഞു. വയനാട് പോക്സോ കേസ് അതിജീവിതയായ പെണ്‍കുട്ടിയെ എഎസ്ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ഊട്ടിയിലെ തെളിവെടുപ്പിനിടെ എഎസ്ഐ മോശമായി പെരുമാറിയെന്ന് ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചപ്പോള്‍ മകള്‍ വെളിപ്പെടുത്തിയെന്നാണ് കുട്ടി പിതാവിനോട് പരാതിപ്പെട്ടത്. ഇക്കാര്യം മറ്റാരോടും പങ്കുവയ്ക്കരുതെന്ന് ആരോ പറഞ്ഞതായും മകള്‍ സൂചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട ഒന്നും പൊലീസ് തുറന്നുപറയുന്നില്ല.
നീതി നിഷേധിക്കപ്പെടുകയാണെന്നും കുറ്റക്കാരെ ശിക്ഷിക്കാന്‍ വൈകരുതെന്നും കുടുംബം ആവശ്യപ്പെട്ടു. വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐ ടി.ജി.ബാബുവിനെതിരെ സംസ്ഥാന പട്ടികജാതി വര്‍ഗ കമ്മിഷന് സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തെളിവെടുപ്പിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയില്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പോക്സോയ്ക്ക് പുറമെ പട്ടികജാതിവര്‍ഗ അതിക്രമ നിരോധന നിയമവും എഎസ്ഐക്കെതിരെ ചുമത്തി.
കഴിഞ്ഞ മാസം 26ന് ആയിരുന്നു സംഭവം. സമൂഹമാധ്യമത്തില്‍ പരിചയപ്പെട്ട യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഊട്ടിയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു തെളിവെടുപ്പിനായി അവിടേയ്ക്കു കൊണ്ടുപോയത്. എഎസ്ഐ ബാബുവിനൊപ്പം എസ്ഐ സോബിനും വനിതാ ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. ലോഡ്ജില്‍ തെളിവെടുപ്പിനുശേഷം തിരികെ വരുമ്പോള്‍ പെണ്‍കുട്ടിയെ എഎസ്ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. പോരെ പോരെ. വേലി തന്നെ വിള തിന്നുന്നു എന്നു പറഞ്ഞാല്‍ മതിയല്ലൊ. കേരളം ഇപ്പോള്‍ ഇങ്ങനെയാണ്. ദൈവത്തിന്റെ സ്വന്തം നാടല്ലെ. നമ്മളാരും ദൈവത്തിന്റെ സ്വന്തം നാട് കണ്ടിട്ടില്ലല്ലൊ. ഇങ്ങിനെയൊക്കെയാകുമോ ആ നാട്. സ്പീക്കറായ ശേഷം എ. എന്‍. ഷംസീര്‍ പറയുന്നു ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സല്ല തൊപ്പിയും നക്ഷത്രവുമെന്ന്. അത്രയും നന്നായി. മന്ത്രിയാക്കാത്തതിലുള്ള കുത്തിത്തിരിപ്പ് കുറേശെ കുറേശെ പുറത്തുവരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: