മുംബൈ: മൊത്തവിലയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മൊത്തവില പണപ്പെരുപ്പവും കുറഞ്ഞു. ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെ രണ്ടക്കത്തിലുണ്ടായിരുന്ന (10.70 ശതമാനം) മൊത്തവില പണപ്പെരുപ്പ നിരക്കാണ് ഒറ്റയക്കത്തിലേക്ക് (8.39 ശതമാനം) എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി (18 മാസം) രണ്ടക്കത്തില്‍ തുടര്‍ന്ന മൊത്തവില പണപ്പെരുപ്പമാണ് ആശ്വാസമേകി ഒറ്റയക്കത്തിലേക്ക് ഇറങ്ങിവന്നിരിക്കുന്നത്. കേന്ദ്രവാണിജ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
2021 ഏപ്രില്‍ മുതല്‍ 2022 സെപ്തംബര്‍ വരെ ഇത് പത്ത് ശതമാനത്തിനും മുകളിലായിരുന്നു. ധാതു എണ്ണ, അടിസ്ഥാന ലോഹങ്ങള്‍, ലോഹ ഉല്പന്നങ്ങള് (യന്ത്രങ്ങളും ഉപകരണങ്ങളും ഒഴിച്ചുള്ളവ), തുണിത്തരങ്ങള്‍ എന്നീ ഉല്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കുറയാന്‍ കാരണമായത്.
ഭക്ഷ്യവില വര്‍ധന സെപ്തംബറിലെ 8.08 ശതമാനത്തില്‍ നിന്നും 6.48 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പച്ചക്കറിയുടെ വിലക്കയറ്റത്തോതും കുറഞ്ഞു. ഇത് 39.66 ശതമാനത്തില്‍ നിന്നും 17.61 ശതമാനത്തിലേക്ക് കുറഞ്ഞു. ഇന്ധനം, ഊര്‍ജ്ജം എന്നിവയുടെ വിലക്കയറ്റത്തോതും 32.62 ശതമാനത്തില്‍ നിന്നും 23.17 ശതമാനത്തിലേക്ക് താഴ്ന്നു.
മൊത്തവില പണപ്പെരുപ്പം 2021 ഒക്ടോബറില്‍ 13.83 ശതമാനമായിരുന്നു. 2020 സെപ്തംബറില്‍ ഇത് 10.70 ശതമാനമായി താഴ്ന്നു. ഒക്ടോബറില്‍ ഇത് 8.39 ശതമാനമായി. കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ മൊത്തവില പണപ്പെരുപ്പം താഴുന്നു എന്ന ആശ്വാസമുണ്ട്. 2022 മെയിലായിരുന്നു ഇത് ഏറ്റവും ഉയര്‍ന്നത്- 15.88 ശതമാനം.
അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും പണപ്പെരുപ്പം 2021 ഒക്ടോബറില്‍ 83.36 ശതമാനമുണ്ടായിരുന്നത് 2022 ഒക്ടോബറില്‍ 43.57 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. നിര്‍മ്മിത ഉല്പന്നങ്ങളുടെ പണപ്പെരുപ്പവും 2021 ഒക്ടോബറില്‍ 12.87 ശതമാനത്തില്‍ നിന്നും 2022 ഒക്ടോബറില്‍ 4.42 ശതമാനത്തിലേക്ക് താഴ്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: