കോഴിക്കോട്: ചെറുകിട സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നും എല്ലാ പ്രാഥമിക സഹകരണ ധനകാര്യ സംവിധാനങ്ങളും നാഷണല്‍ പേയ്മെന്റ് ഗേറ്റ്വേയുമായി ബന്ധിപ്പിക്കുന്ന സാങ്കേതികത നടപ്പാക്കണമെന്നുമുള്ള നിര്‍ദേശം കേന്ദ്ര ധനമന്ത്രിക്ക് സഹകാര്‍ ഭാരതി സമര്‍പ്പിച്ചതായി ആര്‍ബിഐ ഡയറക്ടറും സഹകാര്‍ ഭാരതി സ്ഥാപകാംഗവുമായ സതീഷ് കാശിനാഥ് മറാത്തെ പറഞ്ഞു.
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സഹകാര്‍ ഭാരതി കോഴിക്കോട് ഘടകം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍. സദാനന്ദന് അധ്യക്ഷനായി. സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കെ. കരുണാകരന് ‘ഹ്രസ്വകാല സഹകരണ വായ്പാ സംവിധാനം ത്രിതലമൊ ദ്വിതലമോ’ എന്ന വിഷയം അവതരിപ്പിച്ചു.
സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്, ലാഡര്‍- എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന്, ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്മാന് അഡ്വ. ജി.സി. പ്രശാന്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്മാന് രമേശന് പാലേരി സംസാരിച്ചു.
സഹകരണ മേഖലയില്‍ വമ്പിച്ച മാറ്റം വരുത്തുന്നതാണ് സഹകാര്‍ ഭാരതിയുടെ ഈ നിര്‍ദേശങ്ങള്‍. ബജറ്റ് തയാറാക്കുംമുമ്പ് ധനമന്ത്രി നിര്‍മലാ സീതാരാമന് വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സഹകാര്‍ ഭാരതിയുടെ നിര്‍ദേശം. ഇവ നടപ്പാക്കിയാല്‍ സഹകരണ രംഗത്ത് വലിയ ഉണര്‍വുണ്ടാകും.
കേന്ദ്ര സര്‍ക്കാരിന്റെ നയം, ആവശ്യത്തിന് ചെറുകിട ധനകാര്യ സഹകരണ സ്ഥാപനങ്ങള്‍ എന്നതാണെന്ന് സതീഷ് മറാത്തെ പറഞ്ഞു. അത് വലിയ സംസ്ഥാനങ്ങളില്‍ മൂന്നുതലത്തിലും ജനസംഖ്യ കുറവുള്ളിടങ്ങളില്‍ രണ്ടുതലത്തിലുമാകാം. രണ്ടായാലും മികച്ച തോതില്‍ ഉപഭോക്താക്കള്‍ക്ക് അവ സേവനം നല്‍കണം, പരമാവധി ചെലവ് കുറയ്ക്കണം. സാങ്കേതികവല്കരണം ചെലവ് കുറയ്ക്കും. രാഷ്ട്രീയ നിയന്ത്രണത്തിലാകരുത്, മറാത്തെ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക ഉല്‍പ്പാദനത്തില്‍ ഇന്ത്യ വലിയ കുതിപ്പുണ്ടാക്കി.
പക്ഷേ, വിഭവങ്ങള്‍ പാഴാകുന്നു. ഇതിന് വേണ്ടത് ഭക്ഷ്യ സംസ്കരണത്തിലെ മുന്നേറ്റമാണ്. വ്യാപകമായി ചെറുകിട സംസ്കരണ സ്ഥാപനങ്ങള്‍ വരണം. അതത് പ്രദേശത്തെ സ്രോതസുകള്‍ വിനിയോഗിക്കണം. അവയ്ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കണം. അതിന് ബഹു ഉപയോഗ സഹകരണ സാമ്പത്തിക സ്ഥാപനങ്ങള്‍ ഉണ്ടാവണം. അവ കുറ്റമറ്റ് പ്രവര്‍ത്തിക്കണം, അദ്ദേഹം പറഞ്ഞു.
സംഭരണം, സംസ്കരണം, ഗതാഗതം, ഉല്‍പ്പാദനം എന്നീ മേഖലകളിലെ ചെലവുകുറയ്ക്കല്വഴി ചെറുകിട-ഇടത്തരം-സൂക്ഷ്മ വ്യവസായങ്ങള്‍ വ്യാപിപ്പിക്കുന്നതുവഴി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി നിര്‍മാണ മേഖലയില്‍ കൊണ്ടുവന്ന വിപ്ലവം ഗ്രാമ- നഗര മേഖലയില്‍ ചെറുകിട ഉല്‍പ്പാദനത്തില്‍ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: