തിരുവനന്തപുരം: കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ഗസ്റ്റ് ഹൗസിനു മുന്നില്‍ ഇട്ടിരുന്ന പഴയ കാര്‍ കത്തിച്ച കേസില്‍ പുതിയ കഥ. ജനുവരി മൂന്നിന് ആത്മഹത്യ ചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശ് ആണ് തീയിട്ടതെന്ന വെളിപ്പെടുത്തലുമായി സഹോദരനാണ് രംഗത്തു വന്നത്. സിപിഎം സജീവ പ്രവര്‍ത്തകനായ പ്രശാന്താണ് തന്റെ സഹോദരനാണ് കുറ്റവാളിയെന്നു പറഞ്ഞ് ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയത്.
പ്രകാശ് ആത്മഹത്യ ചെയ്തതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണി ആണെന്നു പറഞ്ഞ് 10 മാസം മുന്‍പ് പ്രശാന്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും പരാതിപെട്ടിരുന്നു. പോലീസ് അന്വേഷിച്ചെങ്കിലും പരാതിയില്‍ കഴമ്പില്ലന്ന് ബോധ്യപ്പെട്ടു.
തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തുവന്നത്.
അനിയന് പ്രകാശന് മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. എന്നാണ് പ്രശാന്ത് ഇപ്പോള്‍ പറയുന്നത്. സംശയമുള്ള മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരും സൂചിപ്പിച്ചു. അനിയന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസിനു നല്കിയ പരാതിയിലോ പിന്നീടോ തീയിട്ടകാര്യം അനിയന് പറഞ്ഞിരുന്നതായി സൂചിപ്പിച്ചിരുന്നില്ല. സത്യമായിരുന്നെങ്കില്‍ സംശയിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാന്‍ തീര്‍ച്ചയായും അക്കാര്യം പോലീസിനോടു പറയുമായിരുന്നു. അതിനാല്‍ തന്നെ അനിയന് പറഞ്ഞിരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള ചേട്ടന്റെ വെളിപ്പെടുത്തല്‍ വിശ്യസിക്കാനാവില്ല.
ശബരിമല സ്ത്രീപ്രവേശന വിഷയം കത്തി നില്ക്കുമ്പോള് 2018 ഒക്ടോബര്‍ 27 ന് ആണ് സംഭവം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തുകയും, അന്വേഷണം പ്രഖ്യാപിക്കുകയും, പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പറയുകയും ചെയ്തു. വലിയ രാഷ്ട്രീയ വിവാദമായ സംഭവം. ആദ്യംസിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പക്ഷേ പിന്നീട് ഒന്നും സംഭവിച്ചില്ല. ഒരു ലീഡും ഉണ്ടായില്ല, ക്രൈംബ്രാഞ്ചിന്റെ തന്നെ നാലാമത്തെ സംഘമാണ് ഈ കേസ് നിലവില്‍ അന്വേഷിക്കുന്നത്. കേസ് അവസാനിപ്പിക്കാനുളള നീക്കത്തിലും ആയിരുന്നു.
പ്രശാന്ത് പറഞ്ഞത്.…
എന്റെ അനിയന് പ്രകാശന് മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. അവന് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം ജഗതിയില്‍ നിന്നും ഇവന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വര്‍ഷം അവസാനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതോടെയാണ് അനിയന് ആകെ അസ്വസ്ഥനാവുന്നത്. ആശ്രമം കത്തിച്ച സംഭവത്തിലാണ് ആ പയ്യനെ പിടികൂടിയത്. ഇതോടെ ആകെ ഭയത്തിലായിരുന്നു ഇവന്. കൂട്ടുകാരനെ പൊലീസ് പൊക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇവന് എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാനും കുണ്ടമണ്ക്കടവിലെ ചേട്ടന്മാരും ചേര്‍ന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് എന്നോട് ഇവന് പറഞ്ഞു. അന്ന് അവനെ ഞാന്‍ കുറേ ശകാരിച്ചു. പക്ഷേ അവന് ആകെ ആശങ്കയിലായിരുന്നു. കുറച്ചു ദിവസത്തിന് ശേഷമായിരുന്നു ആത്മഹത്യ.
മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ അവന് വീട്ടില്‍ ഇല്ലായിരുന്നു. ഇടയ്ക്ക് വന്നാലും ഈ കുണ്ടമണ്‍കടവിലെ കൂട്ടുകാര്‍ വന്ന് വിളിച്ചു കൊണ്ടു പോകും. പ്രകാശന്റെ മരണശേഷം എനിക്ക് മേലെ വലിയ സമ്മര്‍ദ്ദവുമായിരുന്നു. കൂട്ടുപ്രതികളുടെ ജീവിതം തുലയ്ക്കരുത് സംഭവം പുറത്തറിഞ്ഞാല്‍ അവരുടെ വീട്ടിലെ സ്ത്രീകള്‍ വല്ല കടുംകൈയും ചെയ്യും എന്നായിരുന്നു ഭീഷണി. എന്നാല്‍ അനിയന് മരിച്ച ശേഷവും കൂട്ടുപ്രതികളൊക്കെവളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവന്റെ മരണശേഷം ഈ കൂട്ടുകാര്‍ എന്നു പറയുന്ന ആരേയും ഇങ്ങോട്ട് കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളില്‍ അനിയനെ ഒപ്പമുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു. കൊച്ചുകുമാര്, വലിയ കുമാര്‍, രാജേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകള്‍. ഇവര്‍ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് എന്റെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: