കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി സംഘടിപ്പിക്കുന്ന അമൃതം സ്വാതന്ത്ര്യം വിജ്ഞാനോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിനു കീഴിലുള്ള വിജ്ഞാൻ പ്രസാറിന്റെ സഹകരണത്തോടെയുള്ള വിജ്ഞാനോത്സവം ആദ്യഘട്ട പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 20നു ജന്മഭൂമി ഓൺലൈൻ പ്ലാറ്റ്ഫോമായhttps://www.janmabhumi.in/വഴിയാണ് പരീക്ഷ.
വിദ്യാർഥികൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പങ്കെടുക്കാം. പരീക്ഷാ സമയം 50 മിനിറ്റാണ്. 100 ചോദ്യങ്ങൾ. പരീക്ഷാ തീയതിയിൽ രാവിലെ ഒൻപതു മുതൽ അടുത്ത ദിവസം രാവിലെ ഒൻപതു വരെ ലിങ്ക് ഓപ്പണായിരിക്കും. പരീക്ഷാ സമയത്ത് നെറ്റ്വർക്ക് പ്രശ്നമുണ്ടായാലും ഘട്ടം ഘട്ടമായി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ അവസരമുണ്ട്.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലുള്ളവർക്ക് പ്രത്യേകം പരീക്ഷകളാണ്. ഒന്നാംഘട്ട പരീക്ഷയ്ക്കു ശേഷം രണ്ടും മൂന്നും ഘട്ടത്തിന്റെ തീയതികൾ പ്രഖ്യാപിക്കും. ഒന്നും രണ്ടും ഘട്ടങ്ങൾ ഓൺലൈനായും അവസാനവട്ട പരീക്ഷ നേരിട്ടുമാണ്.
ഒരു മാസമായി തുടരുന്ന അമൃതം സ്വാതന്ത്ര്യം വിജ്ഞാനോത്സവം കാമ്പയിനു സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് മികച്ച പ്രതികരണമാണു ലഭിച്ചത്. ചെസ് ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്യാനന്ദയാണ് ജന്മഭൂമി വിജ്ഞാനോത്സവത്തിന്റെ ബ്രാൻഡ് അംബാസഡർ.
ആകെ 25 ലക്ഷം രൂപയുടെ കാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000, മൂന്നാം സമ്മാനം 25,000 ഇങ്ങനെയാണ് സമ്മാനത്തുകകൾ.
പങ്കെടുക്കുന്നവർക്കെല്ലാം ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പ്രോത്സാഹനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്കും സമ്മാനമുണ്ട്.
സ്കൂൾ സിലബസിനു പുറമേ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ചോദ്യങ്ങളുടെ ഭാഗമാകും. ഡോ.സി.ഐ. ഐസക്, ഡോ.ടി.പി. ശങ്കരൻകുട്ടി നായർ, ഡോ. ജി. ഗോപകുമാർ, ഡോ. എം.പി. അജിത്കുമാർ, പ്രൊഫ.പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന അക്കാദമിക് കൗൺസിലും ആലപ്പുഴ എസ്ഡി കോളജ് ചരിത്ര വിഭാഗം മേധാവി ഗോപീകൃഷ്ണയുടെ സിലബസ് കമ്മിറ്റിയും അടങ്ങുന്ന വിദഗ്ധ സമിതിയുടെ നിരീക്ഷണത്തിലാണു പരീക്ഷ.
ആദ്യഘട്ട പരീക്ഷയ്ക്കു മുമ്പ് മാതൃകാ ചോദ്യങ്ങൾ ജന്മഭൂമി പാഠശാലയിലും ജന്മഭൂമി ഓൺലൈനിലും പ്രസിദ്ധീകരിക്കുന്നുണ്ട്. പരീക്ഷയ്ക്കു മുമ്പു ട്രയൽ എക്സാമിന് അവസരമുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പുകൾ എസ്എംഎസ് വഴി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: