ആറ് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം അവയുടെ ദേശീയമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ കൃത്യമായ ദിശാസൂചന നല്‍കുന്നതാണ്. ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡിഷ, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഒരു പൊതുചിത്രം നല്കുന്നതിനാല് ഇവിടങ്ങളിലെ തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കും പൊതുസ്വഭാവം ചൂണ്ടിക്കാട്ടാനാവും. ഹരിയാനയിലെ ആധംപൂരിലും ഒഡിഷയിലെ ധാംനഗറിലും ഉത്തര്‍പ്രദേശിലെ ഗൊല ഗോരഖ്നാഥിലും ബീഹാറിലെ ഗോപാല്‍ഗഞ്ചിലും വിജയിക്കാന്‍ കഴിഞ്ഞ ബിജെപി എതിരാളികളെ പലനിലകളില്‍ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശും ഹരിയാനയും തങ്ങളുടെ തട്ടകം തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച ബിജെപി ഒഡിഷയിലും ബീഹാറിലും എതിരാളികളെ തറപറ്റിക്കാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. നേരിയ വോട്ടുകള്‍ക്കു മാത്രം തോല്‍വി സമ്മതിച്ച ബിജെപി, തെലങ്കാനയിലെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കുമെന്ന വ്യക്തമായ സൂചനയും നല്കിയിരിക്കുന്നു. മൂന്നു മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിയുടെ തിളക്കം അവകാശപ്പെടാനാവില്ല. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്ക് ജയിക്കാനായത് ഒരര്‍ത്ഥത്തില്‍ ബിജെപിയുടെ ഔദാര്യം കൊണ്ടാണ്. ഇവിടത്തെ സ്ഥാനാര്‍ത്ഥി അന്തരിച്ച എംഎല്‍എയുടെ ഭാര്യയായതിനാല്‍ പൊതുവികാരം മാനിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.
ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ആര്‍ജെഡിയും ജെഡിയുവും കോണ്‍ഗ്രസ്സുമൊക്കെ ഉള്‍പ്പെടുന്ന വിശാലസഖ്യത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നു. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാര്‍ ആര്‍ജെഡിക്കൊപ്പം പോയതിനാല്‍ ബീഹാറില്‍ ബിജെപിക്ക് ഇനി വിജയം സാധ്യമല്ലെന്ന പ്രചാരണം ശക്തിപ്പെട്ടിരുന്നു. എന്നാല്‍ വിശാലസഖ്യത്തിന് ഭരണമുണ്ടായിരുന്നിട്ടുപോലും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെ ജനകീയാടിത്തറയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതിക്കും യാതൊരു കുറവും വന്നിട്ടില്ല എന്നതിന് തെളിവാണ്. ആര്‍ജെഡിക്ക് ജയിക്കാന്‍ കഴിഞ്ഞ അവരുടെ ശക്തികേന്ദ്രമായ മൊകാമയില്‍ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാനും ബിജെപിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിച്ഛായയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. വിശാല സഖ്യത്തില്‍പ്പോലും ഇത് വിള്ളലുകളുണ്ടാക്കും. ഒഡിഷയില്‍ നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഭരണകക്ഷിയായ ബിജെഡി ഒരു ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി നവീന്‍ പട്നായിക് ഭരിക്കുന്ന ഒഡിഷയിലെ ധാംനഗറില്‍ ബിജെപി നേടിയ ഈ വിജയം വലിയ ചലനങ്ങളുണ്ടാക്കുകയും, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപി ജയിച്ചതാണെങ്കിലും ഭൂരിപക്ഷം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ദേശീയ രാഷ്ട്രീയത്തിന് അനുകൂലമായ മാറ്റമായാണ് നിരീക്ഷകര്‍ കാണുന്നത്. പ്രാദേശിക പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യംകുറിച്ച് ബിജെപി അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡിഷയെന്ന പ്രത്യേകതയുമുണ്ട്.
ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം കോണ്‍ഗ്രസ്സിന്റെ പ്രസക്തിയില്ലായ്മയാണ്. തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബഹുദൂരം പിന്നില്‍ മൂന്നാം സ്ഥാനത്താവുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നടത്തുന്ന ‘കണ്ടെയ്നര്‍ യാത്ര’ യ്ക്ക് ഒരു സ്വാധീനവും ചെലുത്താനാവുന്നില്ല എന്നതിന് തെളിവാണിത്. മറിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദങ്ങള്‍. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് നേടാന്‍ കഴിഞ്ഞതിനു പിന്നാലെ ഹുസുരാബാദ് ഉപതെരഞ്ഞെടുപ്പിലും ഹൈദരാബാദ് കോര്‍പ്പറേഷനിലും വിജയിച്ചതിന്റെ തുടര്‍ച്ചയാണ് മുനുഗോഡില്‍ കാഴ്ചവച്ച ശക്തമായ പ്രകടനം. ഹിമാചല്‍പ്രദേശ്- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു തൊട്ടു മുന്‍പും, മറ്റ് നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയും ബിജെപി നാല് സംസ്ഥാനങ്ങളില്‍ നേടിയ ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍ രാജ്യത്തെ ജനവികാരം പാര്‍ട്ടിക്കും മോദി സര്‍ക്കാരിനും അനുകൂലമാണെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഹിമാചലിലും ഗുജറാത്തിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാം. ഏതുവിധത്തിലുള്ള അവിശുദ്ധ സഖ്യത്തിലൂടെയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും താഴെയിറക്കാം എന്നു കരുതുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവണം. അധികാരം ജനക്ഷേമ ഭരണത്തിനുള്ളതാണെന്ന ഉറച്ചവിശ്വാസത്തോടെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഇനിയൊരിക്കലും പഴയതുപോലെയാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: