ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 3 മലയാളികള്‍ ഉള്‍പ്പെടെ 26 പേരുടെ മോചനത്തിനു കേന്ദ്ര വിദേശ മന്ത്രാലയെ ശ്രമം തുടങ്ങി. ഗിനിയില്‍നിന്നു നേരിട്ടു നാട്ടിലെത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയവും എംബസിയും ചര്‍ച്ച തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു. നൈജീരിയന്‍ സര്‍ക്കാരുമായും ചര്‍ച്ച നടത്തി. ജീവനക്കാരുടെ മോചനത്തിനു നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന് വിജിത്തിന്റെ അച്ഛന് കെ.വിക്രമന്‍നായര്‍ നിവേദനം നല്‍കിയിരുന്നു.
26 അംഗ സംഘത്തില്‍ 16 പേരും ഇന്ത്യക്കാരാണ്. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന് നിലമേല്‍ സ്വദേശി വിജിത് വി.നായര്‍, കൊച്ചി സ്വദേശികളായ സാനു ജോസഫ്, മില്ട്ടന് എന്നിവരാണു മലയാളികള്‍.
ഓഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ‘എംടി ഹീറോയിക് ഇഡുന്‍’ എന്ന കപ്പല്‍ നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാനെത്തിയത്. സാങ്കേതികതടസ്സം അറിയിച്ചതോടെ നൈജീരിയന്‍ സമുദ്രാതിര്‍ത്തിയില്‍ കാത്തുകിടന്നു. സമീപത്തേക്ക് ഒരു ബോട്ട് എത്തുന്നതുകണ്ട് കപ്പല്‍ രാജ്യാന്തര കപ്പല്‍ച്ചാലിലേക്കു മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ഗിനി നാവികസേനാ ഉദ്യോഗസ്ഥരെത്തി സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: