നഗരസഭ ആരോഗ്യവിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക നല്കാന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് സിപിഎമ്മിന്റെ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നികുതിപ്പണം കൊള്ളയടിക്കുന്ന രീതിയുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കത്തില്‍ കാണിച്ചിരിക്കുന്ന തീയതിയില്‍ താന്‍ ദല്‍ഹിയിലായിരുന്നതിനാല്‍ അത് താന്‍ എഴുതിയതല്ലെന്ന് തൊടുന്യായം പറഞ്ഞ് രക്ഷപ്പെടാനാണ് മേയര്‍ നോക്കിയതെങ്കിലും അത് വിലപ്പോയില്ല. എന്നുമാത്രമല്ല നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡി.ആര്.അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച സമാനരീതിയിലുള്ള കത്തും പുറത്തുവന്നു. രണ്ട് കത്തുകളും വ്യാജമല്ലെന്ന് ഇതോടെ വ്യക്തമായി. കത്ത് വ്യാജമാണെന്ന് മേയറും കൂട്ടരും പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ, വ്യാജമാണോ അല്ലയോ എന്ന് പറയാനാവില്ലെന്നാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. കത്ത് വെളിച്ചത്തായതോടെ മാധ്യമങ്ങളോട് പ്രതികരിക്കാതെ അജ്ഞാത കേന്ദ്രത്തിലേക്കുപോയ മേയര്‍ പിറ്റേദിവസമാണ് കത്ത് തന്റേതല്ലെന്നും പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്നും പറഞ്ഞത്. കത്ത് തന്റെതല്ലെങ്കില്‍ അത് പറയാന്‍ മേയര്‍ എന്തുകൊണ്ടാണ് ഇത്രയും വൈകിയത്? തന്റേതല്ലെന്നു വരുത്താന്‍ ചില കള്ളക്കളികള്‍ നടത്തണമായിരുന്നുവെന്നര്‍ത്ഥം.
പ്രത്യക്ഷത്തില്‍ കടുത്ത നിയമലംഘനമാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കിയതുകൊണ്ടായില്ല. സിപിഎമ്മിലെ വിഭാഗീയത മൂലമായിരിക്കാം രണ്ടു കത്തുകളും പുറത്തുവന്നത്. അത് ജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. അതില്‍ നടപടിയെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. യഥാര്‍ത്ഥ പ്രശ്നം ഭരണഘടനാപരവും നിയമപരവുമാണ്. മേയര്‍ എന്നത് പാര്‍ട്ടി പദവിയല്ല. ആ സ്ഥാനത്തിരിക്കുന്നത് പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാനുമല്ല. നിയമം അനുശാസിക്കുന്നവിധം ജനസേവനം നടത്താനാണ്. പ്രായം കുറഞ്ഞ മേയറായതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ഇളവൊന്നും ലഭിക്കില്ല. കത്ത് വ്യാജമല്ലെങ്കില്‍ കടുത്ത അഴിമതിയാണ് മേയറുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അത് മൂടിവയ്ക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല. കോര്‍പ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്തുകള്‍ ആദ്യത്തേതോ അവസാനത്തേതോ ആവാനിടയില്ല. നിയമവും ചട്ടവുമൊക്കെ മറികടന്ന് സിപിഎം അനുവര്‍ത്തിക്കുന്ന പതിവ് രീതിയാണിത്. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുകയെന്നത് സിപിഎമ്മിന്റെ നയമാണ്. അപേക്ഷ ക്ഷണിക്കലും അഭിമുഖവുമൊക്കെ പ്രഹസനങ്ങളായി മാറി ഭരണ സംവിധാനത്തെ പാര്‍ട്ടിവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണിത്. സിപിഎം മന്ത്രിമാര്‍ സര്‍ക്കാരിലിരുന്നുകൊണ്ട് ചെയ്യുന്നതാണ് തിരുവനന്തപുരം മേയര്‍ കോര്‍പ്പറേഷനിലിരുന്നുകൊണ്ടു ചെയ്യുന്നതെന്ന വ്യത്യാസമേയുള്ളൂ.
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പരിവേഷത്തോടെ അധികാരമേറ്റെടുത്ത ആര്യാ രാജേന്ദ്രന്റെ രണ്ട് വര്‍ഷക്കാലത്തെ ഭരണത്തിനിടെ അഴിമതിയുടെ ഘോഷയാത്രയാണ് നടന്നത്. കെട്ടിട നമ്പര്‍ അനുവദിക്കുന്നതിലെ അഴിമതി, ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ നടത്തിയ കോടികളുടെ അഴിമതി, ജനങ്ങള്‍ അടച്ച നികുതിപ്പണം വെട്ടിച്ചത്, എല്‍ഇഡി കരാര്‍ തട്ടിപ്പ്, പട്ടികജാതി ഫണ്ട് തട്ടിപ്പ്, അക്ഷരശ്രീ തട്ടിപ്പ് എന്നിവ പുറത്തുവന്ന അഴിമതികള്‍ മാത്രം. പാര്‍ട്ടിക്കാരുടെ പോക്കറ്റിലേക്ക് പണമെത്തിക്കുന്ന പദ്ധതിയാണിത്. പ്രതിഷേധവും വിമര്‍ശനവുമൊന്നും ഇക്കാര്യത്തില്‍ സിപിഎമ്മും മേയറും കണക്കിലെടുക്കാറില്ല. അന്വേഷണം അട്ടിമറിച്ചും കള്ളപ്രചാരണം നടത്തിയും വിവാദങ്ങളെ മറികടക്കും. പോലീസും വിജിലന്‍സുമൊക്കെ പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിനപ്പുറം ചലിക്കില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രം വിവരങ്ങള്‍ പുറത്തുവരുമായിരിക്കും. അതിനാണെങ്കില്‍ കടമ്പകളേറെയാണ്. എവിടെ എന്റെ തൊഴില്‍ എന്നു ചോദിച്ചുകൊണ്ട് ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിന് പോയവരില്‍ ഒരാളാണ് തിരുവനന്തപുരം മേയര്‍. അവരാണ് സ്വന്തം അധികാര പരിധിയില്‍ പാര്‍ട്ടിക്കാരുടെ പിന്‍വാതില്‍ നിയമനത്തിന് കത്തെഴുതിയത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള ആരോഗ്യപദ്ധതി നടപ്പാക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് പ്രത്യേക നിയമനം നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ വെളിപ്പെട്ടതിലൂടെ പൊളിഞ്ഞതെന്നാണ് അറിയുന്നത്. പദവിയിലിരിക്കാന്‍ താന്‍ യോഗ്യയല്ലെന്ന് തിരുവനന്തപുരം മേയര്‍ ആവര്‍ത്തിച്ചു തെളിയിച്ചിരിക്കുകയാണ്. സ്ഥാനം രാജിവച്ച് രാഷ്ട്രീയ അന്തസ്സ് കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: