കൊച്ചി: കഴിഞ്ഞ ദിവസം വാദം കേള്‍ക്കുമ്പോള്‍ സമരക്കാര്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് വീണ്ടും ഹൈക്കോടതി. വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ തടസ്സമായതെല്ലാം ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നതെല്ലാം ഒരാഴ്ചയ്ക്കകം നീക്കണമെന്നും കേസില്‍ വാദം കേട്ട ജസ്റ്റിസ് അനു ശിവറാം നിര്‍ദേശിച്ചിരിക്കുകയാണ്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സമരക്കാര്‍ തടസ്സപ്പെടുത്തുന്നതിന് എതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവേയായിരുന്നു ഹൈക്കോടതിയുടെ ഈ നിര്‍ദേശം.
സമരക്കാര്‍ അല്പം അയഞ്ഞുതുടങ്ങുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കണ്ടത്. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരം സംബന്ധിച്ച് രണ്ട് മൂന്ന് ദിവസത്തെ സാവകാശം വേണമെന്നും സര്‍ക്കാര്‍ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാകുമെന്നുമാണ് സമരക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സമരക്കാര്‍ വഴി തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുനല്‍കാനാകുമോ എന്ന് കോടതി സമരക്കാരോട് ചോദിച്ചപ്പോള്‍ വഴി തടയില്ലെന്ന് സമരക്കാര്‍ ഉറപ്പു നല്കി.
വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിക്കണമെന്ന് അദാനി ഗ്രൂപ്പിന് വേണ്ടി വാദിച്ച അഭിഭാഷകന് വാദിച്ചു. സമരത്തിന്റെ 100ാം ദിവസം നടന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ പൊലീസിന്റെ കയ്യിലുണ്ടെന്നും നാലായിരത്തോളം പേരാണ് ആക്രമണം നടത്തിയതെന്നും അദാനി ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
വിഴിഞ്ഞം സമരത്തിനെതിരെ ഒരു വശത്ത് സിപിഎമ്മും മറുവശത്ത് യുവമോര്‍ച്ചയും രംഗത്തിറങ്ങിയതും സമരക്കാരെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. സമരത്തിന്റെ 100ാം ദിവസം സമരക്കാര്‍ നടത്തിയ അക്രമവും വലിയ തോതില്‍ മാധ്യമവിമര്‍ശനത്തിന് കാരണമായി. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ 15ഓളം സംഘടനകളെ നിരീക്ഷിക്കുന്നുവെന്നതും ഒരു സമരനേതാവിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 11 കോടിയുടെ ഇടപാട് നടന്നുവെന്ന ആരോപണവും വിഴിഞ്ഞം സമരസമിതിയുടെ കടുംപിടുത്തത്തിന് അയവ് വരുത്തിയെന്ന് വേണം കരുതാന്‍. മാത്രമല്ല, മന്ത്രി ആന്റണി രാജുവിന് സമരവുമായുള്ള ബന്ധവും വിമര്‍ശനവിധേയമായതോടെ സമരസമിതിയ്ക്ക് നേരെ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദം മുറുകിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: