പാലക്കാട്: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനു പിന്നാലെ പച്ചക്കറി വിലയും ഉയരുന്നതിനാല്‍ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്ന അരിക്ക് അഞ്ച് മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധനവുണ്ടായിട്ടുള്ളത്. 32-35 രൂപയായിരുന്ന ജയ, കുറുവ എന്നിവക്ക് 38-42 രൂപ വരെയായപ്പോള്‍ 38 രൂപയായിരുന്ന പൊന്നിയരിക്കും 45-47 രൂപ വരെയായി. ഹോട്ടലുകാരും കാറ്ററിങുകാരും ബിരിയാണിക്ക് കൂടുതലായി ഉപയോഗിക്കുന്ന ബസുമതി 100ല്‍ നിന്നും 115 രൂപ വരെയായി.
ഓണത്തിനു ശേഷം അല്‍പ്പം വില കുറഞ്ഞ പച്ചക്കറി ദീപാവലിയോടെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 60 രൂപയായിരുന്ന ചെറിയ ഉള്ളിക്കും മുരിങ്ങക്കായക്കും വില നൂറായി. 40 രൂപയായിരുന്ന പാവക്ക, ബീറ്റ്റൂട്ട്, ബീന്‍സ്, കാരറ്റ് എന്നിവക്ക് 60-70 രൂപയായി. ഇഞ്ചിയും പച്ചമുളകും 50ല്‍ നിന്നും 80 രൂപയായപ്പോള്‍ വിപണിയില്‍ അല്‍പ്പം ആശ്വാസം സവോള മാത്രമാണ് (40).
തമിഴ്നാട്-കര്‍ണാടക എന്നിവിടങ്ങളിലെ മഴയും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവുമാണ് കേരളത്തില്‍ പച്ചക്കറി – അരിവില കുതിച്ചുയരാന്‍ കാരണമാവുന്നത്. അടച്ചിടല്‍ കാലത്തിനു ശേഷം സാധാരണ നിലയിലേക്കെത്തുന്ന ഹോട്ടല്‍ – കാറ്ററിങ് മേഖലകള്‍ അരി-പച്ചക്കറി വിലയില്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. ഇതുമൂലം ഭക്ഷണ വിഭവങ്ങള്‍ക്ക് വില കൂട്ടാതെ നിവൃത്തിയില്ലാത്ത നിലപാടിലാണ് ഈ മേഖലയിലുള്ളവര്‍.
പാമോയിലിനും പാചകവാതകത്തിനും അല്‍പ്പം വില കുറഞ്ഞതൊഴിച്ചാല്‍ ഒട്ടുമിക്ക അവശ്യവസ്തുക്കളുടെയും വില കൂടി. അരിവില ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ ഊണ്, നെയ്ച്ചോര്‍, ബിരിയാണി എന്നിവയുടെ വിലയില്‍ 10-15 രൂപ വരെ ഉയര്‍ന്നു.
പച്ചക്കറി വിപണിയില്‍ ഉരുളക്കിഴങ്ങ്, മത്തന്‍, കുമ്പളം, ചേന എന്നിവക്കു മാത്രമാണ് അല്‍പ്പം വിലക്കുറവുള്ളത്. സാധാരണ ഹോട്ടുകളില്‍ ഊണിന് 40-50 രൂപ വാങ്ങുമ്പോള്‍ വന്‍കിട ഹോട്ടലുകളില്‍ 80 മുതല്‍ 150 രൂപ വരെ ഈടാക്കുന്നുണ്ട്. മില്‍മ പാലിനും വില വര്‍ദ്ധിപ്പിക്കാനിരിക്കെ ചായയടക്കമുള്ളവക്കും വില കൂടും.
നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്ദ്ധിക്കന്നത് സാധാരണക്കാരനെയാണ് ബാധിക്കുന്നത്. സംസ്ഥാനത്ത് അരി, പച്ചക്കറി വില കുതിച്ചുയരുമ്പോഴും സര്‍ക്കാര്‍ ഇടപെടലുകള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അടുക്കള മാത്രമല്ല, ഹോട്ടല്‍-കാറ്ററിങ് മേഖലയിലുള്ളവരും പ്രതിസന്ധിയിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: