കൊച്ചി : ആളില്ലാതിരുന്ന സമയത്ത് പോലീസ് വീട് കുത്തി തുറന്ന് അതിക്രമിച്ചുകടന്നതായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് കൊച്ചി സിറ്റി പോലീസ് വീട് കുത്തിത്തുറന്ന് അകത്ത് കയറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് സീന കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എറണാകുളം വടുതലയിലെ വീട്ടില്‍ ഞാറയ്ക്കല്‍ പോലീസില്‍ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പോലീസെത്തി വീട് കുത്തി തുറക്കുകയായിരുന്നു. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരില്‍ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോളം വരുന്ന ആഭരണങ്ങളും, ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളില് ചിലതും കാണാതെന്നും സീന ആരോപിച്ചു. സംഭവത്തില്‍ സമീപവാസി കൂടെ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീന പോലീസില്‍ പരാതി നല്‍കിയത്.
മകളുടെ പഠനാവശ്യത്തിനായി നിലവില്‍ ദല്‍ഹിയിലാണ് സീന താമസിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ സീനയേയോ അടുത്ത് താമസിക്കുന്ന ബന്ധുക്കളേയോ അറിയിക്കാതെയാണ് പോലീസ് തെരച്ചിലിന് എത്തിയത്. ഒരു മാസം മുമ്പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയതാണ്. എങ്കിലും ആഭരണങ്ങളും മറ്റും ഈ വീട്ടില്‍ തന്നെ സൂക്ഷിച്ചിരുന്നു. രാവിലെ എത്തിയ പോലീസ് വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍പെട്ട ലിപിന്‍ ജോസഫ് എന്നയാളെ ആയുധം കൈവശം വെച്ച സംഭവത്തില്‍ പോലീസ് തിരഞ്ഞു വരികയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടിലായിരുന്നു പ്രതി ഉണ്ടായിരുന്നതെന്ന് ഞാറയ്ക്കല്‍ പോലീസ് പറയുന്നു. ഇത് അനുസരിച്ചാണ് പുലര്‍ച്ചെ വീട്ടിലെത്തിയതെന്നും വിഷയത്തില്‍ പോലീസ് പ്രതികരിച്ചു.
വീട് സൈമണ്‍ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. വീട് തുറക്കുന്ന സമയത്ത് സമീപവാസിയായ സ്ത്രീയെ ഒപ്പം നിര്‍ത്തിയിരുന്നു. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഈ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പോലീസ് പറയുന്നു.
ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകനായ ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയാണെന്ന സംശയമുണ്ട്. ലിപിന്‍ ജോസഫും വിഷ്ണുവും ഈ വീട്ടില്‍ ആണ് താമസിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: