ന്യൂദല്‍ഹി: ഒളിവില്‍ പോയ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയിലായതൊടെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകര്‍ അങ്കലാപ്പിലാണ്. ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനുവേണ്ടി രംഗത്തുവന്ന മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ വിവാദമായിരുന്നു. ജയിലില്‍ ആയപ്പോള്‍ എന്തു വില കൊടുത്തും കാപ്പനെ ഊരിയെടുക്കുക എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനം, ക്വട്ടേഷന്‍ ആയി പിടിച്ച മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അതിനൊക്കെ പിന്നില്‍ റൗഫിന്റെ നീക്കം ഉണ്ടായിരുന്നതായാണ് സൂചന.
റൗഫ് അറസ്റ്റിലായതിനു ശേഷം എന്‍ഐഎ ഇറക്കിയ പ്രസ് റീലീസില് ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മാധ്യമങ്ങളുടെ ചുമതലക്കാരന് ആയിരുന്നു എന്ന് വളരെ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. ചോദ്യം ചെയ്യലില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ റൗഫിന് തത്ത പറയുംപോലെ പറയേണ്ടി വരും. അപ്പോള്‍ ആരുടെ ഒക്കെ പേരുകളാണ് പുറത്തു വരുക എന്നതിലാണ് വേവലാതി.
പോപ്പുലര്‍ ഫ്രണ്ടിന്റെ താല്പര്യങ്ങള് ഉത്തരേന്ത്യയിലും പ്രത്യേകിച്ചു ഡല്‍ഹിയിലും നടത്തിയെടുക്കുവാന്‍ നിയുക്തരായവരില്‍ പ്രമുഖനായ കാപ്പന് വളരെക്കാലം മുന്‍പ് തന്നെ സഹായമായി മാറിയ ആളാണ് റൗഫ്.
സിദ്ദിഖ് കാപ്പനെ, മാനദണ്ഡങ്ങള്‍ എല്ലാം അട്ടിമറിച്ച് പത്രപ്രവര്‍ത്തകയൂണിയന്റെ ഡല്‍ഹി ഘടകം സെക്രട്ടറിയാക്കാന്‍ ചരട് വലിച്ചത്, റൗഫിന്റെ ഇടപെടല്‍ ആണെന്ന് വാര്‍ത്തയുണ്ടായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ എതിര്‍ത്തിട്ടു പോലും സിദ്ദിഖ് കാപ്പന് വേണ്ടി കോടതിയില്‍ പോകുന്നത് അടക്കം നിരവധി ‘സഹായങ്ങള്‍’ ചെയ്യാന്‍ പത്രപ്രവര്‍ത്തക സംഘടന ‘നിര്‍ബന്ധിതമായതും’ റൗഫിന്റെ പിന്തുണയിലാണ്. ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും അത് ദുരുപയോഗം ചെയ്യാനും ഓരോരോ ദൗത്യങ്ങള്‍ കൊട്ടേഷന്‍ ആയി ഏല്പിക്കുവാനും അത് നടക്കുന്നു എന്ന് ഉറപ്പു വരുത്തുവാനും പ്രതിഫലങ്ങള്‍ കൃത്യമായി ലഭ്യമാക്കാനും മിടുക്കന് ആണ് റൗഫ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പേ റോളിലുള്ള മാധ്യമ പ്രവര്‍ത്തകരുടെ പട്ടിക റൗഫ് പറയുമോ എന്നതാണ് അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: