ചെന്നൈ : തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് നിരോധനം പ്രാബല്യത്തില്‍. സംസ്ഥാനത്തെ നിരവധി യുവാക്കള്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍പ്പെട്ട് ജീവനൊടുക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും നിയമസഭ ചേര്‍ന്ന് ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു.
കഴിഞ്ഞ 19നാണ് നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ആര്.എന്‍. രവി ഒപ്പുവച്ചത്. മന്ത്രിസഭ പാസാക്കിയ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ നിയമം. ഇത് പ്രാബല്യത്തില്‍ വന്നതോടെ ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും തമിഴ്നാട്ടില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്വേകളും ഓണ്‍ലൈന്‍ ചൂതാട്ട, ഗെയിമിങ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ നിരവധി ബില്ലുകള്‍ നിലനില്‍ക്കേ ചൂതാട്ടങ്ങള്‍ക്കെതിരെയുള്ള ബില്ലില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: