തിരുവനന്തപുരം: നഗരമധ്യത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം. ആക്രമിയുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല. ആക്രമിച്ച ആളാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്ത്രീ പിന്നാലെ ഓടിയപ്പോള്‍ അക്രമി മതില് ചാടി ഓടി രക്ഷപെടുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് എത്താന്‍ വൈകിയെന്ന് യുവതി ആരോപിക്കുന്നു. പോലീസില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നാണ് ആക്രമണത്തിനിരയായ സ്ത്രീ പറയുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ മ്യൂസിയം ഗേറ്റിന് സമീപമായിരുന്നു സംഭവം. പ്രഭാതസവാരി നടത്തുകയായിരുന്ന സ്ത്രീയെ അതുവഴിയെത്തിയ യുവാവ് കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാറിലെത്തിയ യുവാവാണ് കടന്ന് പിടിച്ചത്. മ്യൂസിയം പോലീസ് യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി കേസെടുത്തെങ്കിലും ഇതുവരെയും പ്രതിയെ പിടികൂടാനായിട്ടില്ല.
സംഭവം നടന്നയുടന്‍ പോലീസിനെ വിളിച്ചെങ്കിലും വൈകിയാണ് അവര്‍ എത്തിയത്. പ്രതി സമീപത്ത് എവിടെയോ ഉണ്ടെന്ന് പറഞ്ഞെങ്കിലും അവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രതി രക്ഷപ്പെട്ട ശേഷമാണ് പരിശോധന നടന്നത്. പ്രതി പോയ വഴിയ്ക്കുള്ള ക്യാമറകള്‍ റെക്കോര്ഡിംഗല്ല ലൈവ് മാത്രമേയുള്ളു എന്നാണ് പോലീസ് പറഞ്ഞത്. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: