തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അറബിക്-സംസ്കൃത കലോത്സവങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം. സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള അറബിക്-സംസ്കൃത കലോത്സവങ്ങള്‍ക്ക് സ്കൂള്‍തലത്തില്‍ ആ വിഷയങ്ങള്‍ എടുത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത മൂന്നിനങ്ങളിലും ഗ്രൂപ്പ് തലത്തിലെ രണ്ട് ഇനങ്ങളിലും നിലവില്‍ പങ്കെടുക്കാമായിരുന്നു. അറബിക് കലോത്സവം സംസ്കൃതോത്സവം എന്നിവക്ക് പ്രത്യേകമായി പോയിന്റ് പരിഗണിച്ചുകൊണ്ട് ഓവറോള്‍ കൊടുക്കുന്ന രീതിയാണ് നിലവിലുള്ളത്.
അവ പ്രത്യേകമായി നടത്തുന്ന മത്സരങ്ങള്‍ ആയതിനാല്‍ തന്നെ അതില്‍ പങ്കെടുക്കുന്ന ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് തടസമുണ്ടായിരുന്നില്ല. സ്കൂള്‍ മാനുവല്‍ പ്രകാരവും ഇപ്രകാരമാണ് അവസാനമായി നടന്ന സ്കൂള്‍ കലോത്സവവും നടന്നത്.
എന്നാല്‍ ഈ വര്‍ഷം സ്കൂള്‍ മാനുവലില്‍ പ്രത്യേകമായി ഒരു മാറ്റവും പറയാതെ സ്കൂള്‍ തലത്തില്‍ കലോത്സവങ്ങള്‍ നടന്നതിനുശേഷം പുതിയ ഡാറ്റാ എന്‍ട്രി ഫോം ഇറക്കുകയായിരുന്നു. അതില്‍ പൊതു നിര്‍ദേശം ആയി സ്കൂള്‍ കലോത്സവത്തില്‍ അറബിക്, സംസ്കൃതം കലോത്സവങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടതില്ല എന്ന് സൂചിപ്പിക്കുകയും പ്രത്യേകം പരിഗണിച്ചിരുന്ന അറബിക് കലോത്സവം സംസ്കൃതോത്സവം എന്നിവ ഒന്നാക്കി മാറ്റുകയും അതില്‍ വ്യക്തിഗതമായി മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്കൂള്‍ മാനുവല്‍ പ്രകാരം അറബി കലോത്സവം സംസ്കൃതോത്സവം എന്നിവ പ്രത്യേകമായി നടത്തുകയും അതില്‍ പങ്കെടുത്തവര്‍ക്കും ജനറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുകയും ചെയ്തു. ഇതില്‍ വിജയികളായവരെ സ്കൂള്‍തലത്തില്‍ നിന്ന് സബ്ജില്ലയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഈ എന്‍ട്രി ഫോം നിര്‍ദേശത്തിലൂടെ വന്നിരിക്കുന്നത്. വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്ന നിലപാടാണിത്. സ്കൂള്‍തലത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് മുമ്പ് ഒരു അറിയിപ്പ് പോലും നല്‍കാതെ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നത് രക്ഷകര്‍ത്താക്കളുടെ എതിര്‍പ്പിന് സ്കൂള്‍ തലങ്ങളില്‍ കാരണമാകുന്നുണ്ട്.
മാനുവല്‍ പരിഷ്ക്കരണത്തിലോ, ക്യു. ഐ. പി മീറ്റിങ്ങുകളിലോ ചര്‍ച്ച ചെയ്യാതെ സ്കൂള്‍ തല മത്സരങ്ങളും നടത്തി കുട്ടികളെ സെലക്ട് ചെയ്തതിന് ശേഷം സബ് ജില്ലാ തലത്തിലേക്ക് കൊണ്ട് പോകുന്നതിനു എന്‍ട്രി ഫോമിലൂടെ തടസ്സം പറയുന്നത് നീതീകരിക്കാനാകില്ല എന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: