കൊച്ചി : പെരുമ്പാവൂര്‍ വെങ്ങോലയില്‍ വീടിന് നേരെ എറിഞ്ഞ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ചെമ്പാരത്തുകുന്ന് പള്ളിക്ക് സമീപം സുധീര്‍ എന്നയാള്‍ താമസിച്ചിരുന്ന വാടക വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം ആക്രമണത്തില്‍ കത്തി നശിച്ചു.
ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു. വീടിന്റെ മുന്‍വശം നിറയെ കരിയും പുകയും നിറഞ്ഞ നിലയിലായിരുന്നു. ബുള്ളറ്റ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സ്ഫോടക വസ്തു വാഹനത്തിന് മുകളിലേക്കാണ് എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. എറിഞ്ഞത് തോട്ടയാണോയെന്നും സംശയമുണ്ട്. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങള്‍ സുധീറിന്റെ വീട്ടുമുറ്റത്ത് ചിതറിക്കിടന്നിരുന്നു. ഒപ്പം സിറ്റൗറ്റില്‍ മുളകുപൊടിയും വിതറിയിരുന്നു.
സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ ലഹരി വില്‍പ്പനയ്ക്കെതിരെ സുധീര്‍ പ്രതിഷേധിച്ചിരുന്നു. ആക്രമണത്തിന് കാരണം അതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: