ശ്രീഹരിക്കോട്ട : ഇന്ത്യയുടെ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി 3യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയിച്ചു. വണ്‍ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ദൗത്യം പൂര്‍ണ്ണ വിജയമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 12.07ന് ജിഎസ്എല്‍വി 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങി. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനുട്ട് കഴിഞ്ഞപ്പോള്‍ ആദ്യ നാല് ഉപഗ്രഹങ്ങള്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെട്ടു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നാല് ഉപഗ്രങ്ങള്‍ കൂടി ഭ്രമണപഥത്തില്‍.
34ആം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ച ആത്മവിശ്വാസത്തില്‍ ഐഎസ്ആര്‍ഒ അപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശ്രീഹരിക്കോട്ടയില്‍ തുടക്കം കുറിച്ചുവെന്നായിരുന്നു ഇസ്രൊ ചെയര്മാന് പരീക്ഷണ വിജയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വണ്‍ വെബ്ബിന്റെ സ്ഥിരീകരണം പുലര്‍ച്ചെ 3.11ന് എത്തി. ബഹിരാകാശ വിക്ഷേപണ വിപണിയില്‍ ഇതോടെ ഐഎസ്ആര്‍ഒ പുത്തന്‍ചരിത്രം തന്നെ ഇതിലൂടെ എഴുതിചേര്‍ത്തിരിക്കുകയാണ്. ഒരിക്കലും പിഴയ്ക്കാത്ത റോക്കറ്റെന്ന ഖ്യാതിയും എല്‍വിഎം 3 നിലനിര്‍ത്തിയിരിക്കുകയാണ്. പിഎസ്എല്‍വിക്ക് പുറമേ എല്‍വിഎം ത്രീ കൂടി സജീവമായി വിക്ഷേപണ വിപണയില്‍ കെല്‍പ്പ് തെളിയിച്ചതോടെ ഈ മേഖലയില്‍ ഇന്ത്യയുടെ മുന്നേറ്റമായിരിക്കും ഇനി.
ഏറ്റവും ഭാരമേറിയ വാഹനമായ എല്‍വിഎം3 വിജയകരമായി വിക്ഷേപിച്ചതിന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സികളും സംഘടനകളുമായ , എന്‍എസ്ഐഎല്‍, ഇന്‍സ്പേസ്, ഐഎസ്ആര്‍ഒ എന്നിവയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
‘ആഗോള കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള 36 ഒണ്‍വെബ് ഉപഗ്രഹങ്ങളുമായി നമ്മുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം3 വിജയകരമായി വിക്ഷേപിച്ചതിന് എന്‍എസ്ഐഎല്‍ ഇന്ത്യ , ഇന്‍സ്പേസ് ഐഎസ്ആര്‍ഒ എന്നിവയ്ക്ക് അഭിനന്ദനങ്ങള്‍. എല്‍വിഎം3 ആത്മനിര്‍ഭരതയെ മാതൃകയാക്കുകയും ആഗോള വാണിജ്യ വിക്ഷേപണ സേവന വിപണിയില്‍ ഇന്ത്യയുടെ മത്സരാധിഷ്ഠിത നേട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: