ലണ്ടനില്‍ ചെന്ന മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് തലമുറ ബന്ധു കുടുംബം കാള്‍ മാര്‍ക്സിന്റെ പ്രതിമയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു. കേരളത്തിലെപ്പോലെ ‘ഇങ്ക്വിലാബ് സിന്ദാബാദ്’, ‘ഇല്ല, ഇല്ല മരിച്ചിട്ടില്ല…’ എന്ന് മുഷ്ടിചുരുട്ടിയ കൈ നെറ്റിയില്‍ മുട്ടിച്ച് പിന്നെ ആകാശത്തു മുട്ടുന്നുവെന്ന് ഭാവിച്ച്, മൂന്നു വട്ടം ഉയര്ത്തിത്താഴ്ത്തിയോ എന്നറിയില്ല. നമുക്ക് കാണാന്‍ പറ്റിയത് കാള്‍ മാര്ക്സുമൊത്തുള്ള പിണറായികുടുംബത്തിന്റെ ഗ്രൂപ്പ് ഫോട്ടോ മാത്രമാണ്. ഏറെക്കാലത്തെ അഭീഷ്ടം സാധിച്ചതിന്റെ ആനന്ദം സഖാവ് പിണറായി വിജയന് അനുഭവിച്ചു. തിരിച്ചെത്തി, വിദേശയാത്രയെക്കുറിച്ച് വിശദീകരിച്ച പത്രസമ്മേളനത്തില്‍ ഈ സന്ദര്‍ശന വിവരം വിജയാഹ്ലാദത്തില്‍ വിജയന് സഖാവ് പറയുകയും ചെയ്തു.
ആഹ്ലാദിക്കേണ്ടതുതന്നെ. ഒരു ജീവിതം ഏതൊരാദര്ശത്തിന് സമര്‍പ്പിച്ചിരിക്കുന്നുവോ ആ ആദര്‍ശത്തിന്റെ ആവിഷ്കര്‍ത്താവിനെ ആദരിക്കാന്‍ കിട്ടുന്ന വേള, അത്, അദ്ദേഹത്തിന്റെ ജന്മദേശത്ത്, ജന്മസ്ഥലത്ത് അദ്ദേഹത്തിന്റെ മൂര്‍ത്തിക്കുമുന്നില്‍ ആകുമ്പോള്‍, ആ ആദര്‍ശം ആവേശിച്ചിരിക്കുന്ന ആര്‍ക്കും ആഹ്ലാദമുണ്ടാകും, ഉണ്ടാകണം. അങ്ങനെ ആവേശിതരാക്കാനാണ് സ്മാരകങ്ങള്‍. കാള്‍ മാര്‍ക്സിന്റെ സ്മാരകം അങ്ങനെയാണ് പിണറായി വിജയന് ഭവ്യമാകുന്നത്, പവിത്രമാകുന്നത്.
മൂര്‍ത്തിയെന്നാല്‍ ദൈവമെന്നല്ല അര്‍ത്ഥം. ആകാരം പൂണ്ടതെല്ലാം മൂര്‍ത്തിയാണ്. നിയതമായ രൂപമില്ലാത്തത് സ്മാരകവും. കാള്‍ മാര്‍ക്സിനു പകരം അവിടെ അരിവാള്‍ ചുറ്റികയോ, അത് ഉയര്‍ത്തി നില്ക്കുന്ന തൊഴിലാളിയോ ആണെങ്കില്‍ ആ ഭവ്യവികാരം അതിനോടുണ്ടാവണമെന്നില്ല. വ്യക്തിയെക്കാള്‍ വിശ്വാസത്തിന്- ആദര്‍ശത്തിലുള്ള വിശ്വാസമാണേ- പ്രാധാന്യം കല്പ്പിക്കപ്പെടുന്നതാണ് ശരി സങ്കല്‍പ്പമെന്നും അതിനാല്‍ പ്രതീകമാണ് മികച്ചതെന്ന വാദമുണ്ടെങ്കില്‍ ഒരു മൂര്‍ത്തിയും സ്ഥാപിക്കപ്പെടരുത്. മാര്‍ക്സായാലും ഇഎംഎസ് ആയാലും എകെജിയോ നായനാരോ ആയാലും. അതായത് നാവനുസരിച്ച് നയം മാറരുതെന്നര്‍ത്ഥം.
അയോധ്യയില്‍ ശ്രീരാമന് ഉണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത് ബാബര്‍ക്ക് സ്മാരകം പണിഞ്ഞ തെറ്റ് തിരുത്തണമെന്ന് ആവശ്യം ഉയര്‍ന്നത് ആരുടെയെങ്കിലും രാഷ്ട്രീയ താല്പര്യമായിരുന്നില്ല. ആരാണ് ആ ആവശ്യത്തെ രാഷ്ട്രീയമാക്കിയതെന്ന് രാജ്യം പലവട്ടം ചര്‍ച്ച ചെയ്തത് സത്യം തിരിച്ചറിഞ്ഞതാണ്. ശ്രീരാമന്റെ ജന്മദേശം, സ്ഥലം, അവിടെ ഉണ്ടായിരുന്ന സ്മാരകം പുനഃസ്ഥാപിക്കണം, അത് ക്ഷേത്രമാണ്, അതായിരുന്നല്ലോ വാദം. വസ്തുത്തര്ക്കമൊഴിച്ചാല് ഇക്കാര്യത്തില്‍ ആര്‍ക്കും എതിരില്ലായിരുന്നു. ആദ്യ ഘട്ടത്തില്‍ കമ്യൂണിസ്റ്റുകള്‍ക്ക് പോലും! അതുകൊണ്ടാണല്ലോ, ”ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിത് പ്രശ്നം പരിഹരിക്കണ” മെന്ന് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടു പോലും പറഞ്ഞത്. അയോധ്യയിലെ ക്ഷേത്രം തുറന്നു കൊടുത്ത്, പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. കാലംകഴിയെ, പിന്നെപ്പിന്നെ സ്വഭാവം മാറിയത് മറ്റൊരു ചരിത്രം.
കമ്യൂണിസ്റ്റ് നേതാവ് കാള്‍ മാര്‍ക്സ്, കാള്‍ ഹെന് റിച്ച് മാര്‍ക്സാണ്, ജനിച്ചത് 1818 മെയ് അഞ്ചിന് ജര്‍മനിയില്‍. ജോലിക്ക് 1843ല്‍ പാരീസില്‍ എത്തി. പത്രപ്രവര്‍ത്തകനായി. അവിടെ ഫ്രെഡറിക് ഏംഗല്‍സുമായി സമ്പര്‍ക്കത്തിലായി. ഇരുവര്‍ക്കും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക കാര്യങ്ങളില്‍ സമാന ചിന്തയായിരുന്നു. ഒന്നിച്ച് സിദ്ധാന്തങ്ങളും ആശയങ്ങളും അവതരിപ്പിച്ച് പുസ്തകങ്ങള്‍ എഴുതി. ബ്രസീലിലേക്ക് നാടുകടത്തപ്പെട്ട മാര്‍ക്സ് അവിടെ കമ്യൂണിസ്റ്റ് ലീഗിന്റെ ശ്രദ്ധേയപ്രവര്ത്തകനായി. അവിടത്തെ സര്‍ക്കാര്‍ മാര്‍ക്സിനെ ലണ്ടനിലേക്ക് നാടുകടത്തി. മറ്റെല്ലാ സ്ഥലങ്ങളിലും വേരറ്റ മാര്‍ക്സ് 1849 മുതല്‍, 31 വയസ്സുമുതല്‍, ലണ്ടനിലായി സ്ഥിര താമസം. അവിടെയാണ് മാര്‍ക്സ് 1883 മാര്‍ച്ച് 14 ന് അന്തരിച്ചത്. ഭാര്യ ജെന്നി വോണ്‍ വെസ്റ്റ്ഫാലെന്‍, മറ്റ് കുടുംബാംഗങ്ങളും അന്തരിച്ചത് അവിടെ. പലയിടങ്ങളിലാണ് പലകാലങ്ങളില്‍ മരിച്ച് അവരെ സംസ്കരിച്ചത്. അവരുടെയെല്ലാം മരണാവശിഷ്ടങ്ങള്‍ ശേഖരിച്ച് നോര്‍ത്ത്് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ സംസ്കരിച്ചു. അവിടം കാള്‍ മാര്‍ക്സിന്റെ ശവകുടീരമായി 1954 ല്‍ പ്രഖ്യാപിച്ചു. കാള്‍ മാര്‍ക്സിന്റെ ശിരസ് പ്രതിമാരൂപത്തില്‍ നിര്‍മിച്ചത് ലോറന്‍സ് ബ്രാഡ്ഷായാണ്. 1956 ല്‍ ബ്രിട്ടന് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാരി പോളിറ്റ് പ്രതിമ അനാച്ഛാദനം ചെയ്തു. ലണ്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് പ്രതിമ-സ്മാരക നിര്ണാമത്തിന് പണം മുടക്കിയത്. മാര്‍ക്സിന്റെ ഏറ്റവും വിലയുറ്റ വാക്യമായ ‘സര്‍വ രാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍’ എന്ന ആഹ്വാനം അതില്‍ എഴുതിവെച്ചിരിക്കുന്നു, അവിടത്തെ മാതൃഭാഷയായ ബ്രിട്ടീഷ് ഇംഗ്ലീഷില്‍. ഇവിടെയാണ് സഖാവ് പിണറായി വിജയനും കുടുംബവും സന്ദര്‍ശിച്ചതും അഭിമാനത്താല്‍ രോമാഞ്ചം കൊണ്ടതും.
കാള്‍ മാര്ക്സിന് ജന്മദേശമായ ജര്‍മനിയിലുമുണ്ട് സ്മാരകം. അവിടെ ചെംനിറ്റ്സ് എന്ന ഉള് നഗരത്തില്‍ 20 മീറ്റര്‍ ഉയരത്തില്‍, 40 ടണ്‍ ഓട്ടുലോഹത്തില്‍ തീര്‍ത്ത മാര്ക്സ്ത്തലയാണ് സ്മാരകം. 13 മീറ്റര്‍ അതിന്റെ പീഠത്തിന് ഉയരം. അവിടെയും എല്ലാ രാജ്യങ്ങളിലേയും തൊഴിലാളികളെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ജര്‍മന്‍, ഫ്രഞ്ച്, റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍. തലയോട്ടി അഥവാ തല എന്ന് അര്‍ഥം വരുന്ന ‘നിഷേല്‍’ എന്ന പേരിലാണ് ഈ സ്മാരകം ഏറെ അറിയപ്പെടുന്നതെന്നുമാത്രം. അതായത് മാര്ക്സിന് അദ്ദേഹം ജനിച്ചിടത്തും മരിച്ചിടത്തും ഉചിതമായ സ്മാരകമുണ്ട്.
കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന് ഉചിതമായ സ്മാരകം നിര്‍മിച്ചപ്പോഴും ആദിശങ്കരന് കേരളത്തില്‍ സ്മാരകം ഉണ്ടാകുന്നതിനും എതിരായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. കാലടിയില്‍ ആദിശങ്കരന്റെ പേരിലുള്ള സംസ്കൃത സര്‍വകലാശാലയ്ക്ക് മുന്നില്‍ ആദിശങ്കരന്റെ പ്രതിമ വെക്കാന്‍ വിലക്കുണ്ടാക്കിയവരാണവര്. കോണ്‍ഗ്രസുകാരെക്കുറിച്ച് പറയേണ്ട, ഇത്തരം ഒരു കാര്യങ്ങളിലും സങ്കല്‍പ്പവും ദേശീയ സംസ്കാരത്തില്‍ അഭിമാനവും ഇല്ലാത്ത അവരിരുവരും തമ്മില്‍ എക്കാലത്തും മത്സരത്തിലാണല്ലോ അക്കാര്യത്തില്‍.
പിണറായി വിജയന് മാര്‍ക്സിന്റെ ശവകുടീരത്തില്‍ പോയി രോമാഞ്ചം കൊണ്ടപ്പോള്‍ കേരളം എത്രകാലമായി അപമാനത്താല്‍ തലകുനിച്ച് നില്‍ക്കുകയാണ് ഒരു പ്രതിമയുടെ പേരില്‍ എന്നതാണ് കൗതുകകരം. മലയാളഭാഷയുടെ പിതാവ്, അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ കര്‍ത്താവ് തുഞ്ചത്ത് രാമനുജന്‍ എഴുത്തച്ഛന്റെ പ്രതിമ. അദ്ദേഹത്തിന്റെ ജന്മനാട്ടില്, തിരൂരില്‍ സ്ഥാപിക്കാന്‍ കേരളത്തിനാകുന്നില്ല. ജീവിച്ചിരുന്നവരുടെ രൂപത്തില്‍ പ്രതിമ വാഴാത്തിടമാണത്രെ മലപ്പുറം ജില്ല. അങ്ങനെയാണ് ഒ.വി. വിജയന് എന്ന വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടപ്പോള്‍ ചില സാമൂഹ്യ വിരുദ്ധര്‍ അത് വികൃതമാക്കിയത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി തിരൂരില്‍ തുഞ്ചന്‍ പറമ്പില്‍ മലയാള സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ അവിടെയും തുഞ്ചന്‍ പ്രതിമയില്ല. പകരം ‘തുഞ്ചന്റെ കിളി’ എന്ന സങ്കല്‍പ്പത്തില്‍ ഒരു കൂറ്റന്‍ തത്തയെ ‘പ്രതിഷ്ഠിച്ചു’ സംതൃപ്തിയടഞ്ഞു. കാള്‍ മാര്ക്സിന് പ്രതിമ സ്ഥാപിക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ഫണ്ടുകൊടുത്ത കാര്യം മുമ്പ് വിവരിച്ചത് ശ്രദ്ധിക്കുമല്ലോ.
തുഞ്ചത്താചാര്യന് തിരൂരില്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു, 19 വര്‍ഷം മുമ്പ്. 2003 ല്‍ അന്നത്തെ നഗരസഭാ ഭരണസമിതിയാണ് തിരൂര്‍ സിറ്റി ജങ്ഷനില്‍ ശില്‍പ്പം സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗായിരുന്നു ഭരണത്തില്‍. ശില്‍പ്പി രാജന് അരിയല്ലൂര്‍ പ്രതിമ നിര്‍മാണവും തുടങ്ങി. എന്നാല്‍ പിന്നീട് ലീഗുതന്നെ അവരുടെ തീരുമാനത്തെ എതിര്‍ത്തു, തീരുമാനത്തില്‍നിന്ന് പിന്മാറി. പ്രതിമ ശില്പ്പിയുടെ പറമ്പില്‍ അനാഥമായി കിടന്നു. വാസ്തവത്തില്‍ ‘വിഗ്രഹാരാധന’ എന്ന വിശ്വാസത്തോടുള്ള ചിലരുടെ എതിര്‍പ്പായിരുന്നു അതിന് കാരണം. ഇപ്പോള്‍ അയോധ്യയില്‍, രാജ്യത്തെ ഏറ്റവും വലിയ തര്‍ക്കവും വിവാദവുമുയര്ത്തിയ വിഷയം പരിഹൃതമായി ശ്രീരാമ ജന്മഭൂമിയില് രാമക്ഷേത്രം പുനര്‍ നിര്‍മിക്കപ്പെടുന്നു. ഇത് കേരളത്തിനും അവസരമാണ്, അധ്യാത്മ രാമായണത്തിലൂടെ മലയാളിക്ക് രാമകഥ പറഞ്ഞുതന്ന, മലയാളംതന്ന, തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് ജന്മനാടായ തിരൂരില്‍ പ്രതിമ സ്ഥാപിച്ച് സ്മാരകമുയര്‍ത്താന്‍. കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന ബിജെപി അതിന് തയാറായി ഇറങ്ങിയിട്ടുണ്ട്. ദൃഢ നിശ്ചയത്തിലാണവര്‍. ദാമോദര്‍ വിനായക് സവര്‍ക്കറുടെ വാക്കുകളാണ് പ്രതിമാ സ്ഥാപന പ്രഖ്യാപന സഭയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഓര്‍മിപ്പിച്ചത്: ‘നിങ്ങള്‍ കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ക്കൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളെ കൂടാതെ, നിങ്ങള്‍ തടസമായാല്‍ അത് തട്ടിനീക്കി’ ഞങ്ങള്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കുമെന്ന്. ആര്‍എസ്എസ്, കലാ സാഹിത്യ പ്രസ്ഥാനമായ തപസ്യ തുടങ്ങിയ ഒട്ടേറെ സംഘടനകളുടെ സദൃശമായ പ്രഖ്യാപനങ്ങള്‍ മുമ്പേ വന്നിട്ടുണ്ട്.
ബിജെപി നേതാവ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്മാരുടെ പാണക്കാട്ട് തറവാടിനോട് ചോദിച്ചു, നിങ്ങള്‍ പ്രതിമാ സ്ഥാപനത്തെ അനുകൂലിക്കുന്നോ എതിര്‍ക്കുന്നോ? കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനോടും ചോദിച്ചു, കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന നായകനായ ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന് ജന്മനാട്ടില് പ്രതിമ സ്ഥാപിക്കാന്‍ നിങ്ങള്‍ തയാറാണോ?
കേരളം ഒരാഴ്ചകൂടി കഴിഞ്ഞാല്‍, നവംബര്‍ ഒന്നിന്, ഒരു കേരളപ്പിറവികൂടി ആഘോഷിക്കും. മലയാളത്തിന് ക്ലാസിക് പദവി കലഹിച്ച് വാങ്ങിച്ചെടുത്ത നമുക്ക്, നമ്മുടെ ഭാഷയില്‍ അഭിമാനിക്കാന്‍, ആ ഭാഷാപിതാവിന്റെ പേരില്‍ ആഹ്ലാദിക്കാന്‍, അദ്ദേഹത്തിന്റെ ജന്മനാട് സന്ദര്‍ശിക്കുന്നവര്‍ക്ക് ആ പ്രതിമയ്ക്ക് മുന്നില്‍നിന്ന് രോമാഞ്ചം കൊള്ളാന്‍, തിരൂരില്‍ തുഞ്ചന്‍ പ്രതിമ ആവശ്യമല്ലേ? ലണ്ടനില്‍ പോയി മുഖ്യമന്ത്രിയും മൂന്ന് തലമുറയും അനുഭവിച്ച ആ ആനന്ദം സ്വന്തം നാട്ടില്‍ മലയാളിക്ക് അനുഭവിക്കാന്‍ അവസരം ഉണ്ടാക്കാന്‍ ഇത് സുവര്‍ണാവസരമല്ലേ. അതിന് ഇരട്ടച്ചങ്കൊന്നും വേണ്ട, ഒറ്റത്തീരുമാനം മതി.
പിന്കുറിപ്പ്:
ഹരിനാമ കീര്‍ത്തനത്തില്‍ എഴുത്തച്ഛന് പറയുന്ന വേദാന്തമൊന്ന് ഇങ്ങനെയാണ്: ”ഔദുംബരത്തില്‍ മശകത്തിന്നുതോന്നും, ഇതിന് മീതേ കദാപി സുഖമില്ലെന്ന്….” അര്‍ത്ഥം: ‘പഴുത്ത അത്തിക്കായയിലിരുന്ന് അതിന്റെ നീരു വലിച്ചു കുടിക്കുന്ന കൊതുകിന് തോന്നും, ഹായ്! ഇതിനപ്പുറം സുഖമൊന്നുമില്ലെന്ന്…’ അത് മായയാണ് എന്നാണ് എഴുത്തച്ഛന് പറയുന്നത്. മായാപടങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പാണക്കാട്ടുകാര്ക്കും പിണറായിക്കാര്‍ക്കും അത് ബോധ്യപ്പെടുന്നില്ലെങ്കില്‍ … ജപിക്കാം, ‘നാരായണായ നമഃ’ എന്നുതന്നെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: