കൊച്ചി: ശബരിമലയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം മന്ത്രിക്ക് കഴിവില്ലെങ്കിൽ മരമാത്ത് പണിയും വികസന പ്രവർത്തനങ്ങളും അദാനിയേയൊ അംബാനിയേയോ ഏൽപ്പിക്കണമെന്ന് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ. ഹൈക്കോടതി ഇടപെട്ടിട്ട് പോലും ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കാൻ എന്തുകൊണ്ട് ഭരണാധികാരികൾക്ക് കഴിയുന്നില്ല. ദേവസ്വംമന്ത്രിയാണന്ന് പറഞ്ഞാൽ പോര ക്ഷേത്രത്തിലെ മരാമത്ത് പണികൾ നടപ്പാക്കി തീർത്ഥാടകർക്ക് സൗകര്യം ഉണ്ടാക്കണമെന്ന് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ മരാമത്ത് പണികളും വികസന പ്രവർത്തനങ്ങളും നടപ്പാക്കുക എന്നത് ദേവസ്വം മന്ത്രിയുടെ ചുമതലയാണ്. അത്യന്തം ശോചനീയമാണ് ശബരിമലയിലെ കാര്യം. ഞാൻ ഇന്നലെയാണ് മലയിലെത്തിയത്. നേരത്തെ ബുക്ക് ചെയ്തതനുസരിച്ച് എഴ് പേർക്ക് താമസിക്കാൻ 2800 രൂപ കൊടുത്ത് മൂന്ന് ബെഡ്ഡുള്ള മുറിയെടുത്തു. മുറിയിൽ കയറിയപ്പോൾ തന്നെ ദുർഗന്ധമായിരുന്നു. വൃത്തിഹീനമായ കിടക്കകൾ, വിരികൾ. ബാത്ത്റൂമിൽ ലൈറ്റ് കത്തുന്നില്ല. ബക്കറ്റ് ഉണ്ട് മഗ്ഗ് ഇല്ല. എന്തിന് ബാത്ത്റൂമിന്റെ വാതലിന് കൊളുത്ത് പോലും ഇല്ല. ചാക്ക് നൂല് കൊണ്ട് വലിച്ച് കെട്ടണം. കക്കൂസ് ടാങ്കിൽ നിന്നുള്ള മലമൂത്രവിസർജ്ജന ദുർഗന്ധമാണ് മുറിക്ക് പുറത്തും അകത്തും. ഒരു കാപ്പി കുടിക്കാൻ വെളിയിലിറങ്ങാൻ നിവൃത്തിയില്ല.
മാളികപ്പുറ ക്ഷേത്രത്തിന് സമീപത്തെ ഭക്ഷണശാലയിലെത്തിയപ്പോൾ കണ്ടതും ദുഖകരമായിരുന്നു. ഭക്ഷണവേസ്റ്റ് കൂട്ടി ഇട്ടിരിക്കുന്നു. ഈച്ചകൾ സന്തോഷത്തോടെ പറക്കുന്നു. ആകെ വൃത്തികേട്. മാറാ രോഗം വന്നില്ലങ്കിലെ അത്ഭുതമുള്ളു. അവിടെ വെച്ച് കേരള സർക്കാരിന്റെ നീതിന്യായ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥയെ കണ്ടു. അവരുടെ പരിദേവനം ഇതിലും രൂക്ഷമായിരുന്നു. ഈ ദുർഗന്ധത്തിൽ നിന്ന് അയ്യപ്പൻ ഇറങ്ങി ഓടി പോകുമെന്നായിരുന്നു അവർ പറഞ്ഞത്. ഒരു ഗ്ലാസ്സ് വെള്ളം കിട്ടാൻ പലസ്ഥലത്തും അലയേണ്ടി വന്നു.
പമ്പയിലെ സ്ഥിതിയും മോശമാണ്. എല്ലാ മലയാള മാസ ഒന്നാം തീയതിയും നടതുറക്കുന്നതായിട്ടും എന്തുകൊണ്ട് മാലിന്യം നീക്കം ചെയ്യാൻ സ്ഥിരം സംവിധാനം ഉണ്ടാക്കുന്നില്ല. പ്രളയത്തിന് ശേഷം മലമൂത്രവിസർജ്ജനത്തിന് യാതൊരു സൗകര്യങ്ങളും ചെയ്യാത്തത് കൊണ്ട് പമ്പയുടെ തിരത്ത് മലമൂത്ര ദുർഗന്ധമാണ്.
ബഹു. ദേവസ്വം മന്ത്രി, താർത്ഥാടകർക്ക് സൗകര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിവില്ലങ്കിൽ മരമാത്ത് പണിയും വികസന പ്രവർത്തനങ്ങളും ആദാനിയേയൊ, അംബാനിയേകയാ അല്ലങ്കിൽ കേരളത്തിലെ ഏതെങ്കിലും വൻകിട സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണം. അവർ മാന്യവും മനോഹരമായും ചെയ്യും. കൊടുക്കുന്ന പണത്തിന് മൂല്യം ഉണ്ടാകും. തീർത്ഥാടകരെ ഇങ്ങനെ വലക്കരുത്. ദൽഹി ചെങ്കോട്ടയിലും യുപിയിലെ വാരണാസിയിലും പോയി നിങ്ങൾ വികസന കാര്യങ്ങൾ പഠിക്കണം’ കേരളത്തിന്റെ വികസനത്തിന്റെ കലവറയായ ശബരിമലയെ നിങ്ങൾ തകർക്കരുത്.
ക്ഷേത്ര കലോത്സവം നടക്കേണ്ട സ്റ്റേജിൽ മാലിന്യങ്ങളുടെ കൂമ്പാരമാണ്. അവിടെ പന്നികളും നായ്ക്കളുമാണ് കിടക്കുന്നത്. ആചാരങ്ങളിലുടെ നിങ്ങളും നിങ്ങളുടെ പാർട്ടി ഭരണവും ചേർന്ന് ശബരിമലയെ തകർക്കാൻ നോക്കിയിട്ടും കഴിയാതെ വന്നതിന്റെ വിദ്യേഷമാണൊ മരാമത്ത് മാന്യമായി നടത്താതെ തീർത്ഥാടകരെ കഷ്ടത്തിലാകുന്നതെന്ന ഏളിയ ചോദ്യം ഇവിടെ ഉന്നയിക്കുകയാണ്. ഇതിന് മന്ത്രി മറുപടി പറഞ്ഞ് തക്ക നടപടികൾ സ്വീകരിക്കണം. അല്ലങ്കിൽ ശബരിമലയുടെ പേരിൽ വിശ്വാസികൾക്ക് ഇനിയും തെരുവിലറങ്ങേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: