കാഞ്ഞാണി: മണ്ണില്‍ അധ്വാനിച്ച് പൊന്ന് വിളയിക്കുകയാണ് റിതുല്‍ എന്ന ചെറുപ്പക്കാരന്. ഇതിനകം നിരവധി കാര്‍ഷിക പുരസ്കാരങ്ങള്‍ നേടിയ എറവ് ചാലിശ്ശേരി കുറ്റൂക്കാരന്‍ റിതുലി (27) ന്റെ മികവിന് അംഗീകാരമായി കഴിഞ്ഞ ദിവസം ലഭിച്ചത് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡാണ്.
ഡിഗ്രി വരെ പഠിച്ച റിതുല്‍ പെയിന്റിങ്ങ് ജോലിക്കിടെ കൃഷിയിലും ഒരു കൈ നോക്കുകയായിരുന്നു. മണ്ണിനെ സ്നേഹിക്കാനും കൃഷിയിടത്തില്‍ തന്റെ മികവു തെളിയിക്കാനും ഈ യുവാവ് തുനിഞ്ഞിറങ്ങിയത് വെറുതെയായില്ല. 2021-22 ലെ അരിമ്പൂര്‍ പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് റിതുലിനായിരുന്നു. കൊറോണ സമയത്ത് 6000 കിലോയിലധികം മരച്ചീനി ഈ യുവ കര്ഷകന് വിളവെടുത്തിരുന്നു. അവയെല്ലാം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കും കൊറോണ സെന്ററുകളിലേക്കും സൗജന്യമായി നല്കി. നേന്ത്രവാഴ, പൂവന്, ഞാലിപ്പൂവന്, പാളയംകോടന്, റോബസ്റ്റ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് എന്നിവയും റിതുല്‍ കൃഷി ചെയ്യുന്നുണ്ട്. കൊടയാട്ടി പാടശേഖരത്ത് 18 പറ നിലത്ത് കൃഷിയും ചെയ്തുവരുന്നുണ്ട്.
അരിമ്പൂര്‍ കൃഷിഭവനു കീഴില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സനായും റിതുല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിതുലിന്റെ തോട്ടത്തില്‍ നിന്നും വിളവെടുത്ത 40 കിലോയിലധികം വരുന്ന മരച്ചീനി പഞ്ചായത്തിന്റെ രുചിക്കൂട്ട് പ്രദര്‍ശന വില്പനശാലയില് എത്തിയപ്പോള്‍ കൗതുകമായിരുന്നു. 250 കടയിലധികം മരച്ചീനിയാണ് ആ സമയം വിപണിയിലെത്തിച്ചത്.
റിതുലിന് കൃഷി കാര്യങ്ങളില്‍ വേണ്ട പ്രോത്സാഹനം നല്‍കുന്നത് മാതാപിതാക്കളായ ദേവസിയും എല്‍സിയുമാണ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാര്‍ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് റിതുലിന് കൈമാറി. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് സി.ആര്. രമേഷ് അധ്യക്ഷനായി. അഞ്ച് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും കൃഷി ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. തന്റെ ജന്മദിനത്തില് തന്നെ കിട്ടിയ ഈ അവാര്‍ഡ് പിറന്നാള്‍ സമ്മാനമാണെന്നും റിതുല്‍ പറഞ്ഞു. എറവ് സെ. തെരേസാസ് കപ്പല്‍ പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കന്‍ റിതുലിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: